കൊളീജിയം അടുത്തയാഴ്ച; ജസ്റ്റിസ് ജോസഫിന്റെ നിമയന ശുപാര്‍ശ തിരിച്ചയച്ചേക്കും

ന്യുദല്‍ഹി- ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജായി നിയമിച്ചു കൊണ്ടുള്ള കോളീജിയം നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മടക്കി അയച്ച പശ്ചാത്തലത്തില്‍ കൊളീജിയം യോഗം ബുധനാഴ്ച ചേരാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചു. യോഗത്തിന് പ്രത്യേക അജണ്ട നിശ്ചയിച്ചിട്ടില്ലെങ്കിലും ജസ്റ്റിസ് ജോസഫിന്റെ നിയമനം മടക്കി അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാകും പ്രധാന ചര്‍ച്ചയെന്നാണ് സൂചന. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്നതാണ് കൊളീജിയം. ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും സര്‍ക്കാരിനു തന്നെ മടക്കി അയക്കാന്‍ കൊളീജിയം തീരുമാനമെടുത്തേക്കും.  

ജസ്റ്റിസ് ജോസഫിന് സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടുള്ള കോളീജിയം ശുപാര്‍ശ മടക്കി അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന കയറ്റമാണെന്ന ശക്തമായ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനു മേല്‍ സമ്മര്‍ദ്ദമുണ്ട്. നേരത്തെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തടഞ്ഞ ജസ്റ്റിസ് ജോസഫിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയായും ഇതു വിലയിരുത്തപ്പെട്ടു. 

സര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ഉടന്‍ കൊളീജിയം വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഉടനടി നടപടി കൈക്കൊള്ളാതെ കൊളീജിയത്തിനോ സര്‍ക്കാരിനോ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

ജസ്റ്റിസ് ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിക്കുകും ഇവര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News