കൊച്ചി- വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ അന്യായ തടങ്കലില്‍നിന്നു മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഹരജിക്കാരന് 25000 രൂപ പിഴ ചുമത്തി. അന്യായമായി തടഞ്ഞുവെച്ചിരിക്കുന്ന കാമുകിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഷെമീറിനോട് പ്രധാന വിവരം മറച്ചുവെച്ചു ഹരജി സമര്‍പ്പിച്ച കുറ്റത്തിനു പിഴ ചുമത്തിയത്. പിഴ സംഖ്യ മീഡിയേഷന്‍ സെന്ററില്‍ അടയ്ക്കാനാണ് നിര്‍ദേശം.
നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഹരജി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുമ്പ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചാണ് ഹരജി നല്‍കിയത്. ഹരജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുമ്പ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചത്.
വിവാഹമോചനത്തിന് എതിര്‍പ്പില്ലെന്ന് താന്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശദീകരിച്ചു. പ്രധാനപ്പെട്ട ഈ വിവരം മറച്ചുവെച്ചതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, സംഭവത്തില്‍ നിരുപാധികം മാപ്പുചോദിച്ച ഷമീര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി യുവതിയോട് കോടതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തനിക്ക് ഹരജിക്കാരനോടൊപ്പം ജീവിക്കണമെന്നും തന്നെ തടവിലാക്കിയിരിക്കുകയാണെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. മുന്‍ വിവാഹത്തെക്കുറിച്ചും വിവാഹമോചന നടപടികളെക്കുറിച്ചുമുള്ള നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി ഹരജിക്കാരനോട് നിര്‍ദേശിച്ചു.
സാധാരണ സാഹചര്യത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചതിന് ഹരജി തള്ളേണ്ടതാണെങ്കിലും കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ ഹരജി തള്ളുമെന്നും വ്യക്തമാക്കി. വിവാഹമോചനക്കേസിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ തിരുവനന്തപുരം കുടുംബ കോടതിക്കും നിര്‍ദേശം നല്‍കി.