ഉസാമയെ വധിക്കാന്‍ യുഎസിനെ സഹായിച്ച ഡോക്ടറെ പാക്കിസ്ഥാന്‍ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി

ഇസ്ലാമാബാദ്- ഭീകരസംഘടനയായ അല്‍ഖാഇദ മുന്‍ തലവന്‍ ഉസാമാ ബിന്‍ ലാദനെ പിടികൂടിവധിക്കാന്‍ യുഎസിനെ സഹായിച്ച ഡോക്ടര്‍ ഷക്കീര്‍ അഫ്രീദിയെ പെഷാവര്‍ ജയിലില്‍ നിന്നും പാക്കിസ്ഥാന്‍ അജ്ഞാത സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഉസാമയുടെ ഒളിത്താവളം സ്ഥിതി ചെയ്ത പ്രദേശത്ത് ഡോക്ടര്‍ അഫ്രീദി നടത്തിയ വ്യാജ വാക്‌സിനേഷന്‍ പരിപാടിയാണ് ഉസാമയെ കണ്ടെത്താന്‍ യുഎസ് സൈന്യത്തെ സഹായിച്ചത്. ഭീകരരെ സഹായിച്ചെന്ന കുറ്റത്തിന് പിന്നീട് ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ അഫ്രീദി എട്ടുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. 

സുരക്ഷാ കാരണങ്ങളാലാണ് ഡോക്ടര്‍ അഫ്രീരിദിയെ ജയിലില്‍ നിന്ന് മാറ്റുന്നതെന്ന് അധികൃതരുടെ അറിയിപ്പ് ലഭിച്ചതായി സഹോദരന്‍ ജമീല്‍ അഫ്രീദി പറഞ്ഞു. ഭീകരരെ സഹായിച്ച കുറ്റത്തിന് 2012-ലാണ് ഡോക്ടര്‍ അഫ്രീദിയെ 33 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഈ കുറ്റും അദ്ദേഹം ആവര്‍ത്തിച്ചു നിഷേധിച്ചിട്ടുണ്ട്. ഉസാമ ബിന്‍ ലാദനെ ഇല്ലാതാക്കാന്‍ യുഎസിനെ സഹായിച്ചതിനുള്ള പ്രതികാരമാണ് ഡോക്ടര്‍ അഫ്രീദിയെ ശിക്ഷിച്ച നടപടിയെന്ന് യുഎസ് നേതൃത്വം ആരോപിച്ചിരുന്നു. 

50ലേറെ പ്രായമുളള ഡോക്ടര്‍ അഫ്രീദി പെഷാവര്‍ സെന്‍ട്രല്‍ ജയിലിലെ ചെറിയൊരു മുറിയില്‍ ഏകാന്ത തടവിലാണ് കഴിഞ്ഞിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഖമര്‍ നദീം പറയുന്നു. ഡോക്ടര്‍ അഫ്രീദിയെ ജയില്‍ മോചിതനാക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നു യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തിരുന്നു.
 

Latest News