Sorry, you need to enable JavaScript to visit this website.

നിരോധനത്തിന് പിന്നിലെ അജണ്ടയെന്ത്?

പോപ്പുലർ ഫ്രണ്ടിന് ബാധകമാകുന്ന കാര്യങ്ങൾ എന്തുകൊണ്ട് ആർ.എസ്.എസിന് ബാധകമാകുന്നില്ലെന്ന് വരുമ്പോഴാണ് നിരോധനത്തിലെ അസന്തുലിതാവസ്ഥ 
മുഴച്ച് നിൽക്കുന്നത്. തീവ്രവാദം ഭൂരിപക്ഷ സമുദായത്തിലായാലും ന്യൂനപക്ഷ സമുദായത്തിലായാലും അത് തീവ്രവാദം തന്നെയാണ്.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ തുടർനടപടിയെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ അഞ്ചു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഉപസംഘടനകൾക്കും നിരോധനമുണ്ട്. സംഘടനയെ നിരോധിച്ചതിനുള്ള വളരെ ഗുരുതരമായ കാരണങ്ങളും ഇത് സംബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ജനാധിപത്യത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഹേളിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്ന് നിരോധന ഉത്തരവിൽ പറയുന്നുണ്ട്. രാജ്യസുരക്ഷയ്ക്കും ദേശീയതയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനുമെല്ലാം ഇവരുടെ പ്രവർത്തനങ്ങൾ വലിയ ഭീഷണിയുയർത്തുന്നുണ്ട് എന്നതടക്കമുള്ള നിരവധിയായ കാരണങ്ങൾ നിരോധന ഉത്തരവിൽ അക്കമിട്ട് നിരത്തുന്നുണ്ട്. 
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീട്ടിലും മറ്റുമായി നടന്ന റെയ്ഡിന്റെയും സംഘടനാ നേതാക്കളുടെയും അറസ്റ്റുമാത്രമല്ല സംഘടനയെ നിരോധിക്കുന്നതിലേക്ക് എത്തിച്ചത്. മറിച്ച് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം നരേന്ദ്ര മോഡി സർക്കാർ നേരത്തെതന്നെ നിശ്ചയിച്ചുറപ്പിച്ച അജണ്ടയാണ്. അതിനെ സാധൂകരിക്കാനും കോടതിയിൽ തെളിവുകൾ ഹാജരാക്കാനുമുള്ള കൊട്ടിക്കലാശത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രാജ്യവ്യാപകമായ റെയ്ഡുകൾ നടത്തിയത്. 
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. എന്നാൽ ഒരു സംഘടനയെ നിരോധിച്ചതുകൊണ്ട് മാത്രം ആ സംഘടനയുടെ നിലപാടുകളോ അവരുടെ പ്രവർത്തനങ്ങളോ ഇല്ലാതാക്കാനാകില്ല. ആ സംഘടനയിൽപെട്ടവർക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അവരുടെ പേരും കൊടിയും ചിഹ്നവുമെല്ലാം മാറ്റി മറ്റൊരു പേരിലും ചിഹ്നത്തിലുമെല്ലാം പ്രവർത്തിക്കാൻ കഴിയും. പുതിയ സംഘടനയിലൂടെ അവർ തങ്ങളുടെ പഴയ നിലപാടുകളും പ്രവർത്തനങ്ങളുമെല്ലാം തുടരും. 
അപ്പോൾ നിരോധനം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് 

മാറ്റുന്നതിനപ്പുറമുള്ള യാതൊന്നും ഇക്കാര്യത്തിൽ  ഉണ്ടാകുന്നില്ല. രാഷ്ട്രീയമായും സാമൂഹ്യമായും അതിശക്തമായ എതിർപ്പുകൾ ഉയർത്തുകയും നിയമലംഘനങ്ങളുണ്ടാകുമ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുകയും ചെയ്താൽ മാത്രമേ ഇത്തരം തീവ്രവാദ നിലപാടുള്ള സംഘടനകളെ ഒറ്റപ്പെടുത്താൻ കഴിയുകയുള്ളൂ. ഇന്ത്യയിലെ സംഘടനാ പ്രവർത്തനത്തിന്റെ രീതികളെക്കുറിച്ച് ബോധ്യമുള്ള ആർക്കും അറിയാവുന്ന ബാലപാഠമാണിത്.
അപ്പോൾ പിന്നെ നിരോധനത്തിന് പിന്നിലുള്ള ലക്ഷ്യമെന്താണ് ? ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താക്കളായ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സർക്കാർ രാജ്യത്ത് ഭരണം നടത്തുമ്പോൾ ഇസ്‌ലാമിക  തീവ്രവാദത്തിന്റെ പേരിൽ ഒരു സംഘടനയെ നിരോധിക്കുന്നതിലൂടെ വലിയൊരു ലക്ഷ്യം അവർ എളുപ്പത്തിൽ സാധിച്ചെടുക്കുന്നുണ്ട്. അതിനു വേണ്ടിയുള്ള ഹോം വർക്കുകളാണ് കുറച്ച് കാലമായി ഭരണകൂടത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് സംഘപരിവാറിന്റെയും അവർ നേതൃത്വം നൽകുന്ന സർക്കാറിന്റെയും പ്രഖ്യാപിത ലക്ഷ്യം. ആർ.എസ്.എസ് അടക്കമുള്ള ഹൈന്ദവ തീവ്രവാദ സംഘടനകൾ ഇക്കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. കാലങ്ങളായി അവർ തങ്ങളുടെ  സംഘടനാ പ്രവർത്തനത്തിന്റെ മുഖ്യലക്ഷ്യമായി ഇതിനെ കാണുന്നുമുണ്ട്. രാജ്യത്തെ ജനവിഭാഗങ്ങൾ  ഒരു പരിധി വരെ മതേതര മൂല്യങ്ങൾ ഇപ്പോഴും  കാത്തു സൂക്ഷിക്കുന്നുവെന്നതുകൊണ്ട് തന്നെ ഏതാനും ദിവസങ്ങൾ കൊണ്ടോ മാസങ്ങൾകൊണ്ടോ സാധിച്ചെടുക്കാവുന്നതല്ല ഹിന്ദു രാഷ്ട്രമെന്ന അജണ്ടയെന്ന് സംഘപരിവാർ തിരിച്ചറിയുന്നുണ്ട്. ഇത് നടപ്പാകണമെങ്കിൽ  ബി.ജെ.പി സർക്കാറിന് രാജ്യത്ത് ഇനിയും തുടർഭരണം അനിവാര്യമാണ്. 
2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ചില നിരോധനങ്ങൾ ആ രാഷ്ട്രീയ ലക്ഷ്യത്തിന് അനിവാര്യമാണ്. മുസ്‌ലിം സമുദായത്തിൽ പെട്ട മഹാഭൂരിഭാഗം ജനങ്ങളും  പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ അതിശക്തമായി എതിർക്കുമ്പോഴും രാജ്യത്ത് മുസ്‌ലിം തീവ്രവാദം അരങ്ങു തകർക്കുകയാണെന്ന് വരുത്തിത്തീർക്കേണ്ടത് ആർ.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതിനെ വളരെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടുള്ള നരേന്ദ്ര മോഡി സർക്കാറിന്റെ ദീർഘവീക്ഷണമാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലൂടെ തെളിയുന്നത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ അവരുടെ പ്രവർത്തകർ അടങ്ങിയിരിക്കില്ലെന്നും മറ്റേതെങ്കിലും സംഘടനയുണ്ടാക്കി അവർ വീണ്ടും തീവ്ര നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും അറിയാത്ത വിഡ്ഢികളല്ല സർക്കാറിലും സംഘപരിവാർ സംഘടനകളുടെ തലപ്പത്തും ഇരിക്കുന്നവർ. കൃത്യമായ അജണ്ട അവർക്ക് മുന്നിലുണ്ട്. നേരത്തെ ആർ.എസ്.എസിനെ മൂന്ന് തവണ നിരോധിച്ചപ്പോഴും അവർ വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി വീണ്ടും തിരിച്ചെത്തിയതും രാജ്യം കണ്ടതാണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം രാജ്യത്താകെ ചർച്ചയാക്കി മുസ്‌ലിം വിരുദ്ധതയ്ക്ക് ആക്കം കൂട്ടുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. 
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പൂർണ്ണമായും തെറ്റാണെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. മറിച്ച് ഏതെങ്കിലും ഒരു സംഘടനയെ അതിന്റെ  പ്രവർത്തനങ്ങളുടെ ശരികേടുകൊണ്ട് നിരോധിക്കുമ്പോൾ അത്തരത്തിൽ തീവ്രവാദ നിലപാടു പുലർത്തുന്ന മറ്റ് സംഘടനകൾക്കും ഇതേ അളവ്‌കോൽ ബാധകമാക്കേണ്ടതാണ്. 
അങ്ങനെയെങ്കിൽ പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെടേണ്ടത് ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘി കുടുംബത്തിലെ സംഘടനകളെയാണ്. ആർ.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെയും രാജ്യമാകെ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന  ആക്രമണങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ രൂപപ്പെട്ടതും വളർന്നു വന്നതും. ബാബറി മസ്ജിദ് തകർത്തതടക്കമുള്ള സംഭവങ്ങൾ അവരുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. 
പോപ്പുലർ ഫ്രണ്ടിന് ബാധകമാകുന്ന കാര്യങ്ങൾ എന്തുകൊണ്ട് ആർ.എസ്.എസിന് ബാധകമാകുന്നില്ലെന്ന് വരുമ്പോഴാണ് നിരോധനത്തിലെ അസന്തുലിതാവസ്ഥ മുഴച്ച് നിൽക്കുന്നത്. തീവ്രവാദം ഭൂരിപക്ഷ സമുദായത്തിലായാലും ന്യൂനപക്ഷ സമുദായത്തിലായാലും അത് തീവ്രവാദം തന്നെയാണ്. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് അതിന്റെ അളവുകോലിൽ മാറ്റം വരുത്തുമ്പോഴാണ് ഇത്തരം നിരോധനങ്ങളിലെ അജണ്ട വെളിച്ചത്താകുന്നത്. 

Latest News