Sorry, you need to enable JavaScript to visit this website.

നിരോധനത്തിന്റെ രാഷ്ട്രീയം

ഒരു ജനാധിപത്യ സമൂഹത്തിൽ നിരോധനം കൊണ്ട് ഒരു സംഘടനയെയും വേരോടെ പിഴുതെറിയാനാവില്ല. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയും പിന്നീട് അവരുടെ ആശയത്തിൽനിന്ന് പിന്മാറിയതായി തെളിവില്ല. ആർ.എസ്.എസ് തന്നെ ഉദാഹരണം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ ആശയപരമായ പ്രചോദനം ആർ.എസ്.എസ് ആയിരുന്നു. ഗാന്ധിവധത്തെ തുടർന്നാണ് ആർ.എസ്.എസിനെ രാജ്യത്ത് ആദ്യമായി നിരോധിക്കുന്നതും. ഗോഡ്‌സെയെ തൽക്കാലം തള്ളിപ്പറഞ്ഞ ആർ.എസ്.എസ് നേതൃത്വം, ഗോഡ്‌സെ സംഘടനയുടെ ഭാഗമല്ലെന്നും, ഹിന്ദുമഹാസഭയിലെ അംഗമാണെന്നുമാണ് വാദിച്ചത്. എന്നാൽ ഇപ്പോഴും ഗോഡ്‌സെ ഉയർത്തിയ രാഷ്ട്രീയം തന്നെയാണ് ആർ.എസ്.എസിനുള്ളത്. മോഡി ഭരണത്തിൽ അത്തരം ആശയക്കാരുടെ എണ്ണം കൂടിവരികയുമാണ്.

ഒട്ടും അപ്രതീക്ഷിതമല്ലാത്ത തീരുമാനത്തിലൂടെ കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ നിരോധിച്ചിരിക്കുന്നു. രാജ്യവിരുദ്ധ പ്രവർത്തനം, ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കൽ തുടങ്ങി നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല, വേറെ എട്ട് അനുബന്ധ സംഘടനകളെയുംകൂടി അഞ്ച് വർഷത്തേക്ക് നിരോധിച്ചിട്ടുണ്ട്. അപ്പോഴും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയെ നിരോധിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നതിന് നിയമപരവും ഭരണഘടനാപരവുമായ തടസ്സങ്ങളാണ് കാരണം.
കേന്ദ്ര സർക്കാർ തീരുമാനം സമ്മിശ്ര പ്രതികരണമാണ് സമൂഹത്തിൽ ഉളവാക്കിയിരിക്കുന്നത്. രാജ്യവിരുദ്ധ, ഭീകര സംഘടനകളോടുള്ള കേന്ദ്രസർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണിതെന്നും നിരോധനം അത്യാവശ്യമായിരുന്നെന്നും പറഞ്ഞ് ബി.ജെ.പി നേതാക്കൾ ഊറ്റം കൊള്ളുന്നു. എന്നാൽ നിരോധനം കൊണ്ട് ഒരു സംഘടനയെയും ഇല്ലാതാക്കാനാവില്ലെന്നും അവർ ഉയർത്തുന്ന ആശയങ്ങളെയാണ് എതിർത്ത് തോൽപ്പിക്കേണ്ടതെന്നും കോൺഗ്രസും സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പറയുന്നു. 
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയാണെങ്കിൽ അവർക്കു മേൽ ആരോപിക്കപ്പെടുന്ന അക്രമങ്ങളും, കൊലപാതകങ്ങളും, കലാപശ്രമങ്ങളുമെല്ലാം എത്രയോ കാലങ്ങളായി നേരിടുന്ന ആർ.എസ്.എസിനെയും നിരോധിക്കേണ്ടതല്ലേ എന്ന ചോദ്യവുമുയരുന്നു. കേന്ദ്ര സർക്കാരിന്റെ നിരോധന തീരുമാനം കണക്കിലെടുത്ത് സംഘടനയെ പിരിച്ചുവിട്ടുവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതികരണം. പ്രവർത്തകരോട് ഇനി സംഘടനക്കുവേണ്ടി പ്രവർത്തിക്കേണ്ടതില്ലെന്നും പി.എഫ്.ഐ ആവശ്യപ്പെടുന്നു. 
കേന്ദ്ര സർക്കാർ ഏജൻസികൾ വർഷങ്ങളായി നടത്തിവന്ന നിരീക്ഷണങ്ങൾക്കും കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകൾക്കും അറസ്റ്റുകൾക്കുമൊടുവിലാണ് ഇന്നലെ നിരോധനം പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ടിന് സാന്നിധ്യമുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജൻസിയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഓപറേഷൻ ഒക്‌ടോപസ് എന്ന് പേരിട്ട നടപടികളുടെ ഭാഗമായി ദിവസങ്ങളായി റെയ്ഡ് നടത്തിവരികയായിരുന്നു. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമടക്കം 150ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു. പലരെയും ചോദ്യം ചെയ്യലിനായി ദൽഹിയിലെത്തിച്ചു. റെയ്ഡിലും ചോദ്യം ചെയ്യലിലും പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭീകരബന്ധത്തിന്റെയും ഒട്ടേറെ തെളിവുകൾ ലഭിച്ചുവെന്നാണ് എൻ.ഐ.എ പറയുന്നത്. 
പ്രധാന മന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖ നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഐ.എസ്, ലശ്കറെ ത്വയ്യിബ തുടങ്ങിയ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ശക്തമായ ബന്ധം നിലനിർത്തുന്നു, ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നതിന് വിദേശത്തുനിന്ന് ഹവാലയായി വൻതോതിൽ പണം എത്തിക്കുന്നു, രാജ്യത്തിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്യുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങ

ളാണ് പി.എഫ്.ഐക്കെതിരെ കേന്ദ്ര ഏജൻസികൾ ഉന്നയിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട പി.എഫ്.ഐ നേതാക്കൾക്കെതിരെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. റെയ്ഡുകളിൽ പ്രതിഷേധിച്ച് കേരളത്തിൽ പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകമായി നടന്ന അക്രമങ്ങളും സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തെളിവായി കേന്ദ്ര ഏജൻസികൾ പറയുന്നു.
എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വസ്തുതയാണെങ്കിൽ അതീവ ഗുരുതരവും സംഘടനയുടെ നിരോധനം അനിവാര്യമാക്കുന്നവയുമാണെന്ന കാര്യത്തിൽ തർക്കമില്ല. അത് പക്ഷെ കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും വിടുന്നു. അതോടൊപ്പം തങ്ങൾക്കെതിരായ ആരോപണങ്ങൾ വ്യാജമാണെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി നിയമപരമായ മാർഗത്തിലൂടെ നിരപരാധിത്വം തെളിയിച്ച് സ്വതന്ത്രരായി പുറത്തുവരാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും അവസരമുണ്ട്.
ഇന്ത്യയിൽ നിരോധിക്കപ്പെടുന്ന ആദ്യത്തെ സംഘടനയൊന്നുമല്ല പോപ്പുലർ ഫ്രണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ആശയ സംഘടനയായ ആർ.എസ്.എസ് ഒന്നിലേറെ തവണ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധി വധത്തെ തുടർന്നും, ബാബരി മസ്ജിദ് തകർക്കലിനെ തുടർന്നുമാമായിരുന്നു ആ നിരോധനങ്ങൾ. പിൽക്കാലത്ത് കേന്ദ്ര സർക്കാർതന്നെ നിരോധനം നീക്കുകയും ചെയ്തു. ഭീകര ബന്ധത്തിന്റെ പേരിൽ രാജ്യത്ത് നിരോധിച്ച സംഘടനയാണ് സിമി. ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചിട്ടുണ്ടെങ്കിലും പിന്നീട് നീക്കി. കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിഘടവാദ സംഘടനകളും, ചില നക്‌സൽ സംഘടനകളുമെല്ലാം നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്.
കേരളത്തിൽ കോളേജ് അധ്യാപകൻ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയ സംഭവത്തോടെ പൊതുസമൂഹം ആശങ്കയോടെയും ഭീതിയോടെയും കാണുന്ന സംഘടനകളാണ് പോപ്പുലർ ഫ്രണ്ടും അതിന്റെ മുൻ രൂപമായ എൻ.ഡി.എഫുമെല്ലാം. കേരളത്തിൽ വർഗീയ ചേരിതിരിവിന് വല്ലാതെ ആക്കം കൂട്ടിയ ഒരു സംഭവമായിരുന്നു അതെന്ന കാര്യത്തിലും തർക്കമില്ല. പക്ഷെ ആ സംഭവത്തിനുശേഷം ഓരോ വർഷവും പോപ്പുലർ ഫ്രണ്ട് കേരളത്തിൽ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയിട്ടേ ഉള്ളുവെന്നതാണ് യാഥാർഥ്യം. 
അവരുടെ ആശയങ്ങളുമായി കൂടുതൽപേർ പൊരുത്തപ്പെട്ടു എന്നത് മാത്രമല്ല ഇതിന് കാരണം. ചിലപ്പോൾ പ്രത്യക്ഷമായും അതിലേറെ പരോക്ഷമായും മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ അവരോട് കാട്ടുന്ന മൃദുസമീപനം കൂടിയാണ്. ഇതിൽ എൽ.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസമൊന്നുമില്ല. എങ്കിലും അടുത്തകാലത്തായി സി.പി.എം കുറേയൊക്കെ പരസ്യമായി തന്നെ പി.എഫ്.ഐയുമായി ചങ്ങാത്തത്തിലാണ്. തെരഞ്ഞെടുപ്പുകളിലെ വോട്ട് മറിക്കൽ മുതൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അപ്രഖ്യാപിത സഖ്യങ്ങൾ വരെ അത് നീളുന്നു. ഒരേ സമയം പോപ്പുലർ ഫ്രണ്ടിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും അനുകൂലിക്കുന്ന നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകളും കാണാം. എന്നാൽ തങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നും, മുസ്‌ലിം ലീഗാണ് പി.എഫ്.ഐയെ വളർത്തുന്നത് എന്നുമാണ് സി.പി.എം നേതാക്കൾ ആരോപിക്കുന്നത്.
ഒരു ജനാധിപത്യ സമൂഹത്തിൽ നിരോധനം കൊണ്ട് ഒരു സംഘടനയെയും വേരോടെ പിഴുതെറിയാനാവില്ല. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു സംഘടനയും പിന്നീട് അവരുടെ ആശയത്തിൽനിന്ന് പിന്മാറിയതായി തെളിവില്ല. ആർ.എസ്.എസ് തന്നെ ഉദാഹരണം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ ആശയപരമായ പ്രചോദനം ആർ.എസ്.എസ് ആയിരുന്നു. ഗാന്ധിവധത്തെ തുടർന്നാണ് ആർ.എസ്.എസിനെ രാജ്യത്ത് ആദ്യമായി നിരോധിക്കുന്നതും. ഗോഡ്‌സെയെ തൽക്കാലം തള്ളിപ്പറഞ്ഞ ആർ.എസ്.എസ് നേതൃത്വം, ഗോഡ്‌സെ സംഘടനയുടെ ഭാഗമല്ലെന്നും, ഹിന്ദുമഹാസഭയിലെ അംഗമാണെന്നുമാണ് വാദിച്ചത്. എന്നാൽ ഇപ്പോഴും ഗോഡ്‌സെ ഉയർത്തിയ രാഷ്ട്രീയം തന്നെയാണ് ആർ.എസ്.എസിനുള്ളത്. മോഡി ഭരണത്തിൽ അത്തരം ആശയക്കാരുടെ എണ്ണം കൂടിവരികയുമാണ്.
ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന് ദോഷമായ സംഘടനകളെ നിരോധിക്കുമ്പോൾ തന്നെ അത്തരം സംഘടനകളുടെ ആശയങ്ങൾ സമൂഹത്തിൽ പടരാതിരിക്കാൻ വേണ്ട നടപടികൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. അതിന് പ്രധാനമായും വേണ്ടത് അത്തരം സംഘടനകളെ ഒറ്റപ്പെടുത്താൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തയാറാവുക എന്നതാണ്. 
അതുപോലെതന്നെ പ്രധാനമാണ് അത്തരം സംഘടനകൾക്ക് ശക്തിപ്രാപിക്കാൻ തക്ക സമൂഹിക സാഹചര്യം രാജ്യത്ത് ഉണ്ടാവാതിരിക്കുക എന്നതും. ഇത് പ്രധാനമായും സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം കൈക്കൊണ്ട പല നടപടികളും, സംഘപരിവാർ നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രതികരണങ്ങളും ആക്രോശങ്ങളും രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിംകളിൽ, വലിയ തോതിൽ അരക്ഷിത ബോധം സൃഷ്ടിച്ചിട്ടുണ്ട്. 
ഇതിനുപുറമെയാണ് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമെല്ലാം പേരിലുള്ള ആക്രണങ്ങളും കൊലപാതകങ്ങളും. ഈ സർക്കാരിൽനിന്ന് തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നു. സ്വാഭാവികമായും ഫാസിസത്തിനെതിരെ പ്രതിരോധമെന്ന പേരിൽ രംഗത്തിറങ്ങുന്ന സംഘടനകൾക്ക് വളക്കൂറുള്ള സാഹചര്യം. 
ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കാനും, രാജ്യത്തെ ന്യൂനപക്ഷ മനസ്സുകളിൽനിന്ന് ആശങ്കയും ഭീതിയും മാറ്റാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാരിന് കഴിയുമോ? എങ്കിൽ മാത്രമേ ഈ നിരോധനം ഒരു രാഷ്ട്രീയ വിജയമാവുകയുള്ളു.
 

Latest News