ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനും വി.സി.കെ റാലിക്കും അനുമതി നിഷേധിച്ച് തമിഴ്‌നാട്

ചെന്നൈ-ഒക്‌ടോബര്‍ രണ്ടിന് നടത്താനിരുന്ന ആര്‍.എസ.്എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ നടപടി. സംസ്ഥാനത്ത് 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനാണ് ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നത്. ഒക്ടോബര്‍ രണ്ടിന് വിടുതലൈ ചിരുതൈഗള്‍ കച്ചി നടത്താനിരുന്ന സാമുദായിക സൗഹാര്‍ദ റാലിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.  

റാലിക്ക് അനുമതി നല്‍കാന്‍ നേരത്തെ മദ്രാസ് ഹൈകോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. അനുമതി നിഷേധിച്ചതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡിജിപി ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് വകീല്‍ നോട്ടീസ് അയച്ചു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോടീസ്.

സംസ്ഥാന ആഭ്യന്തര സെക്രടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി ശൈലേന്ദ്ര ബാബു, ലോകല്‍ എസ് പി, ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ് വക്കീല്‍ നോടീസ് അയച്ചത്. ഹൈകോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയന്റെ സെപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുക്കുമ്പോള്‍ ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ ബി .രാബു മനോഹര്‍ അയച്ച നോട്ടീസില്‍ പറയുന്നു.  

അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആര്‍.എസ്.എസ് പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ജഡ്ജിയുടെ സെപ്തംബര്‍ 22ലെ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍ സമര്‍പിച്ച ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യം ആക്ടിങ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി.കൃഷ്ണകുമാറും അടങ്ങുന്ന മദ്രാസ് ഹൈക്കോടതി  ഒന്നാം ബെഞ്ച് നിരസിച്ചു.  

സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹരജിയോ അപ്പീലോ സമര്‍പ്പിക്കാനാവില്ലെന്നും ഹരജിക്കാരന് സുപ്രിം കോടതിയെ മാത്രമേ സമീപിക്കാനാവൂവെന്നും ജഡ്ജിമാര്‍ പറഞ്ഞു.

 

Latest News