Sorry, you need to enable JavaScript to visit this website.

ജുബൈലിൽ നാശം വിതച്ച് പൊടിക്കാറ്റും മഴയും

തുറൈഫിൽ പകൽ മുഴുവൻ നീണ്ട ചാറ്റൽ മഴ
ജുബൈൽ-നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ. ഇന്നലെ രാത്രി എട്ടുമണിയോടെ തുടങ്ങിയ പൊടിക്കാറ്റിൽ നഗരത്തിൽ പലയിടങ്ങളിലും മരങ്ങളും സൂചികാ ബോർഡുകളും നിലം പതിച്ചു. കാറ്റിൽ പറന്നുവന്ന മരക്കഷ്ണങ്ങളും മറ്റും കടകളുടെയും ഓഫീസുകളുടെയും ചില്ലുകൾ തകരാൻ കാരണമായി. 
പൊടിക്കാറ്റിനെ തുടർന്ന് ശക്തമായ മഴ പെയ്തത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. റോഡുകളും നടപ്പാതകളും മലീമസമായി. മഴ പെയ്തതോടു കൂടി പലയിടങ്ങളിലും വൈദ്യുതി നിലച്ചു. 
ഒരു മണിക്കൂറോളം കഴിഞ്ഞ് കാറ്റും മഴയും ശമിച്ച ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചത്. കടകളിലും താഴ്ന്ന നിലകളിലുമുള്ള റൂമുകളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ പല സ്ഥാപനങ്ങളുടെയും ലിഫ്റ്റുകളിൽ ആളുകൾ കുടുങ്ങിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
ശക്തമായ കാറ്റ് അടിച്ചത് ജുബൈൽ-ദമാം ഹൈേവയിൽ വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചു. പൊടിക്കാറ്റിൽ റോഡുകൾ കാണാൻ കഴിയാതെ വശങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടിരുന്നു. 
അതേ സമയം സൗദിയുടെ വടക്കൻ അതിർത്തി പ്രദേശമായ തുറൈഫ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ചെറിയ തോതിൽ അനുഭവപ്പെട്ട മഴ ഒരു പകൽ മുഴുവൻ നീണ്ടുനിന്നു. രണ്ടോ മൂന്നോ മിനിറ്റ് സമയത്തേക്ക് മാത്രമാണ് മഴ ശമിച്ചത്. എന്നാൽ നഗരത്തിന്റെ കിഴക്കൻ പ്രദേശത്ത് അറാർ ഹൈവേയിൽ നന്നായി മഴ വർഷിച്ചു. നിർത്താതെ പെയ്ത മഴ കാരണം തുറൈഫിൽ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ജനത്തിരക്ക് നന്നേ കുറവായിരുന്നു. 
കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റ് ഉണ്ടായിരുന്നതിനാൽ റോഡുകളും വഴികളും ചളി കെട്ടിക്കിടന്നത് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അടുത്ത ദിവസങ്ങളിളിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്.
 

Latest News