ഗൂഗിള്‍ ക്രോം ബ്രൗസറില്‍ സുരക്ഷാ വീഴ്ചകളുണ്ട്; അപ്‌ഡേറ്റ് ചെയ്യണമെന്ന് സൗദി മുന്നറിയിപ്പ്

റിയാദ്- ഗൂഗിള്‍ ക്രോം ബ്രൗസറിലെ സുരക്ഷാ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പുമായി സൗദി അറേബ്യ. ബ്രൗസറിലെ തകരാറുകള്‍ മുതലെടുത്ത് ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും  ബ്രൗസറിന്റെ സംരക്ഷണ സംവിധാനം മറികടക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി.
വിന്‍ഡോസ്, മാക്, ലിനക്‌സ് സിസ്റ്റങ്ങള്‍ക്കായുള്ള ക്രോം ബ്രൗസറിലെ നിരവധി കേടുപാടുകള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ടെന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഗൂഗിള്‍  ബ്രൗസര്‍ ഉപയോക്താക്കളെ പുതിയ പതിപ്പിലേക്ക് (106.0.5249.61/62) അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തു.  വെബ്‌സൈറ്റില്‍ ഗൂഗിള്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വാട്‌സ്ആപ്പ് മൊബൈല്‍ ആപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ചകളുണ്ടെന്നും അപ്‌ഡേറ്റ് ചെയ്യണമെന്നും ഞായറാഴ്ച സൗദി സൈബര്‍ സെക്യൂരിറ്റി സെന്റര്‍  മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൈബര്‍ ആക്രമണത്തിന് ഹാക്കര്‍മാര്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.  കഴിഞ്ഞ ഫെബ്രുവരിയില്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് 2021 ല്‍ സൗദിയില്‍ സൈബര്‍ ആക്രമണങ്ങളില്‍ 19 ശതമാനം വര്‍ധനവാണ് കാണിച്ചത്.

 

Latest News