Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പഴയ വിന്റോ എ.സി മാറ്റി പുതിയ എ.സി വാങ്ങുന്നവര്‍ക്ക് ആയിരം റിയാല്‍ ഡിസ്‌കൗണ്ട്‌

ലക്ഷ്യം വൈദ്യുതി ഉപഭോഗം കുറയ്ക്കൽ

റിയാദ്- പഴയ വിന്റോ എ.സികൾ മാറ്റാനുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി. വൈദ്യുതി ഉപഭോഗം കുറയ്ക്കൽ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി ഉപഭോഗം കൂടിയ പഴയ വിന്റോ എയർ കണ്ടീഷനറുകൾ മാറ്റി വൈദ്യുതി ഉപഭോഗം കുറഞ്ഞ എ.സികൾ വാങ്ങാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് സൗദി എനർജി എഫിഷ്യൻസി സെന്റർ ഇന്നലെ തുടക്കം കുറിച്ചു. നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണിത്. 
പഴയ വിന്റോ എയർ കണ്ടീഷനറുകൾ മാറ്റി പുതിയ എയർ കണ്ടീഷനറുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും ദേശീയ വ്യവസായത്തിന് പിന്തുണ നൽകാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം പഴയ വിന്റോ എ.സികൾ മാറ്റി വൈദ്യുതി ഉപഭോഗം കുറഞ്ഞ പുതിയ എ.സികൾ വാങ്ങുന്നവർക്ക് പുതിയ എ.സിയുടെ വിലയിൽ 1000 റിയാൽ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ പുതിയ എ.സി ഡെലിവറിയും ഫിറ്റിംഗ്‌സും സൗജന്യമായി നൽകുകയും ചെയ്യും. പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സമീപിച്ച് നേരിട്ട് പുതിയ എ.സികൾ വാങ്ങിയും ഓൺലൈൻ വഴി പുതിയ എ.സികൾക്ക് ഓർഡർ നൽകിയും പദ്ധതി പ്രകാരമുള്ള പ്രത്യേക ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കും. 
ആദ്യ ഘട്ടത്തിൽ റിയാദ് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റിയാദിലെ 60 ലേറെ വ്യാപാര സ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നു. 
പരീക്ഷണ ഘട്ടത്തിലെ പാഠങ്ങൾ പ്രയോജനിപ്പെടുത്തി രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും പിന്നീട് പദ്ധതി നടപ്പാക്കുമെന്ന് സൗദി എനർജി എഫിഷ്യൻസി സെന്റർ പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറഞ്ഞ എയർ കണ്ടീഷനറുകൾ വാങ്ങാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു പദ്ധതി നേരത്തെ സെന്റർ നടപ്പാക്കിയിരുന്നു. ഒന്നേകാൽ ലക്ഷത്തോളം സൗദി പൗരന്മാർ ഈ പദ്ധതി പ്രയോജനപ്പെടുത്തി. 

Tags

Latest News