ഒറ്റപ്പാലത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു; മകള്‍ക്കും വെട്ടേറ്റു

ഒറ്റപ്പാലം- ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോതകുറുശ്ശി ഗാന്ധിനഗര്‍ കിഴക്കേപ്പുരക്കല്‍ രജനി(38)യാണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസി(47)നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ മകള്‍ അനഘയെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മടവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പിടിവലിക്കിടയില്‍ കൃഷ്ണദാസിന്റെ കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വെട്ടിക്കൊല്ലാന്‍ എന്താണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല.
കൃഷ്ണദാസും ഭാര്യയും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. മൂന്നു മക്കള്‍ അടുത്തുള്ള മറ്റൊരു മുറിയിലും. ഉറക്കത്തിനിടയിലാണ് രജനി ആക്രമിക്കപ്പെട്ടത്. കഴുത്തിലും താടിക്കുമാണ് വെട്ടേറ്റത്. തുടര്‍ന്ന് അടുത്ത മുറിയിലെത്തിയ കൃഷ്ണദാസ് അനഘയേയും വെട്ടി. കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ കൃഷ്ണദാസിന്റെ അനിയന്‍ മണികണ്ഠനാണ് ബലം പ്രയോഗിച്ച് മടവാള്‍ പിടിച്ചു വാങ്ങിയത്. അതിനിടയിലാണ് കൃഷ്ണദാസിന് പരിക്കേറ്റത്. വെട്ടേറ്റ അനഘയുമായി ആശുപത്രിയിലേക്ക് പോകും വഴി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തിയാണ് രജനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനകം യുവതി മരിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. വെട്ടാനുപയോഗിച്ച മടവാള്‍ തൊടിയില്‍ നിന്ന് കണ്ടെടുത്തു. ഒറ്റപ്പാലം സി.ഐ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അഭിനന്ദ് കൃഷ്ണ, അഭിലാഷ് കൃഷ്ണ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കള്‍.

 

Latest News