കോളേജിലേക്ക് പുറപ്പെട്ട മകള്‍ അമ്മയുടെ കണ്‍മുന്നില്‍ അപകടത്തില്‍ മരിച്ചു

തൃശൂര്‍- കോളേജിലേക്ക് പുറപ്പെട്ട മകള്‍ അമ്മയുടെ കണ്‍മുന്നില്‍ അപകടത്തില്‍ മരിച്ചു. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വിയ്യൂര്‍ ജയിലിന്റെയും പവര്‍ ഹൗസിന്റെയും ഇടയില്‍ താമസിക്കുന്ന മാടമ്പി കാട്ടില്‍ വീട്ടില്‍  രാമകൃഷ്ണന്റെ മകള്‍ റെനീഷ (22) ആണ് മരിച്ചത്.
രാവിലെ ഒമ്പതിനായിരുന്നു അപകടം. അരുണാട്ടുകര  ജോണ്‍ മത്തായി സെന്ററില്‍ എം.ബി.എ ഒന്നാംവര്‍ഷ പി.ജി വിദ്യാര്‍ഥിനിയായ റെനീഷ കോളേജിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്നു സ്‌കൂട്ടര്‍ റോഡിലേക്ക് ഇറക്കുന്ന സമയത്ത് തൃശൂര്‍ ഭാഗത്തുനിന്നും വന്നിരുന്ന ചരക്ക് ലോറി സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മകളെ യാത്രയാക്കാന്‍ വീടിന് ഉമ്മറത്ത് നിന്നിരുന്ന അമ്മ ശബ്ദം കേട്ട് നോക്കിയപ്പോള്‍ വീടിന്റെ  മതിലിന്റെ അടുത്ത് മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാഴ്ചയാണ്  കണ്ടത്.
ഓടിയെത്തിയ നാട്ടുകാര്‍ റെനീഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട് ബോധരഹിതയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മ സുനിന വീട്ടില്‍ തന്നെ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. രേഷണയാണ് സഹോദരി  വിയ്യൂര്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Latest News