Sorry, you need to enable JavaScript to visit this website.

ഞാന്‍ മാത്രമാണോ പഴയ സിമിക്കാരന്‍, നിരോധത്തിന്റെ പശ്ചാത്തലത്തില്‍ കെ.ടി ജലീലിന്റെ ആത്മഗതങ്ങള്‍

കോഴിക്കോട്- പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് കെ.ടി ജലീല്‍. ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ക്കും നിരോധം ഏര്‍പ്പെടുത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചു.

മുസ്‌ലിംകള്‍ക്കിടയില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്' കെ.ടി ജലീല്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

മുസ്്‌ലിംകള്‍ക്കിടയില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുള്ളതായും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയതായും ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്.

ഹൈന്ദവ സമുദായത്തില്‍ ഇതേ കാര്യങ്ങള്‍ ചെയ്യുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ക്കും നിരോധം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചര്‍ ഉള്‍പ്പടെയുള്ള വര്‍ഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നു.

കമന്റ് ബോക്‌സില്‍ വന്ന് 'പഴയ സിമിക്കാരന്‍' എന്ന ചാപ്പ എനിക്കുമേല്‍ ചാര്‍ത്തുന്നവരോട് ഒരു വാക്ക്:
കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളില്‍ പ്രതിയായി, പില്‍ക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പാര്‍ലമെന്റ് അംഗം വരെയായ ഫൂലന്‍ദേവിയെ 'പഴയ കൊള്ളക്കാരി' എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്?
നേരത്തെ ആര്‍.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവര്‍ത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാര്‍ട്ടികളില്‍ എത്തിപെട്ടവര്‍ക്ക് 'പഴയ സംഘി' എന്ന മേല്‍ച്ചാര്‍ത്ത് എന്തേ ആരും പതിച്ചു നല്‍കാത്തത്?
ആ അളവുകോല്‍ എനിക്കു മാത്രം ബാധകമാക്കാത്തതിന്റെ 'ഗുട്ടന്‍സ്' പിടികിട്ടുന്നില്ല.

എന്നെ 'പഴയ സിമിക്കാരന്‍' എന്ന് ആക്ഷേപിക്കുന്ന ലീഗ് സൈബര്‍ പോരാളികള്‍, 10 വര്‍ഷം ലീഗിന്റെ രാജ്യസഭാംഗവും 5 വര്‍ഷം എം.എല്‍.എയും ഇപ്പോള്‍ ലോകസഭാംഗവും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അബ്ദുസ്സമദ് സമദാനി സിമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു എന്ന കാര്യം മറക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.
ഏതെങ്കിലും മതവിഭാഗക്കാരായതിനാല്‍ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാന്‍ അധികാരികള്‍ക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരന്‍മാരായി കാണരുത്.

എല്ലാ ജനവിഭാഗങ്ങള്‍ക്കും അധികാര തൊഴില്‍ മേഖലകളില്‍ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങള്‍ നല്‍കാന്‍ രാജ്യം ഭരിക്കുന്നവര്‍ ശ്രദ്ധിക്കണം. നിരോധം ഫലപ്രദമാകാന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍കൂടി ചുമതലപ്പെട്ടവര്‍ പ്രയോഗവല്‍ക്കരിച്ചാല്‍ നന്നാകും.
മതമൈത്രിയും സാമുദായിക സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ പഴയ നാളുകളിലേക്ക് നമുക്ക് തിരിച്ചു പോകണം. മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം നാട്ടില്‍ കളിയാടണം.
എല്ലാ വര്‍ഗീയതകളും തുലയട്ടെ,
മാനവ ഐക്യം പുലരട്ടെ....

 

Latest News