ന്യൂദല്‍ഹി- അനാവശ്യ ഹരജി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതി അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. സുപ്രീംകോടതി നിലവില്‍ തീരുമാനം എടുത്ത വിഷയത്തില്‍ വീണ്ടും ഹരജി നല്‍കിയതിനാണ് പിഴ ചുമത്തിയത്. നാല് ആഴചയ്ക്കുള്ളില്‍ അഞ്ചു ലക്ഷം രൂപ സുപ്രീംകോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കണമെന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണമുരാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. പിഴ തുക മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ പ്രൊജക്ട് കമ്മിറ്റിക്കു കൈമാറുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തമിഴ്‌നാട് ഗതാഗത വകുപ്പിലെ ഒരു കണ്ടക്ടറുടെ പെന്‍ഷന്‍ സംബന്ധിച്ച വിഷയത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി നേരിട്ടത്. ഇയാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചതാണ്. എന്നാല്‍, കുടിശിക ഉള്‍പ്പടെ നല്‍കേണ്ടതിനിടെയാണ് കണ്ടക്ടര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും ഹരജി നല്‍കിയത്. നേരത്തെ മദ്രാസ് ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളിയിരുന്നു.






