Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് നിരോധം ജനാധിപത്യ പ്രക്രിയയില്‍ ആശാസ്യമല്ല- കെ.എം. ഷാജി

കണ്ണൂര്‍- പോപ്പുലര്‍ ഫ്രണ്ട് നിരോധം ജനാധിപത്യ പ്രക്രിയയില്‍ ആശാസ്യമായ നടപടിയല്ലെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷാജി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധം ശരിയായ നടപടിയായിരുന്നുവെങ്കില്‍ ആര്‍.എസ്.എസ് ഇന്ന് ഇന്ത്യ ഭരിക്കുകയില്ലായിരുന്നു. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരു ഫാസിസ്റ്റ് സംഘടനയോട് ചെയ്യേണ്ടത് നിരോധമല്ല, മറിച്ച് ആശയപരമായ തുറന്നുകാട്ടലും ഭരണപരമായ നടപടികളുമാണ്. സംഘടനയെ നിരോധിച്ചാല്‍, അതിന്റെ സംവിധാനത്തെ തകര്‍ക്കാന്‍ മാത്രമേ കഴിയൂ. ആശയത്തെ ഇല്ലാതാക്കാനാവില്ല. അത് അവിടെ തന്നെ കിടക്കും. നിരോധം ശരിയായ നടപടിയായിരുന്നുവെങ്കില്‍ നേരത്തെ നിരോധിക്കപ്പെട്ട ആര്‍.എസ്.എസ് ഇന്ത്യയുടെ ഭരണ നേതൃത്വത്തില്‍ എത്തുമായിരുന്നില്ലല്ലോ.  ഷാജി ചോദിച്ചു.
വളരെ ശക്തമായ ഭരണകൂട ഒത്തുകളിയുടെയും വിട്ടുവീഴ്ചകളുടെയും ഭാഗമായിട്ടാണ് ഈ തീവ്രവാദ സംഘടനകളും ഫാസിസ്റ്റ് ശക്തികളും ഇവിടെ ചുവടുറപ്പിക്കുന്നത്. ഈ നിരോധം പ്രഖ്യാപിക്കുന്ന ഭരണകൂടത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ വിശ്വാസ്യതയും പ്രശ്‌നമാണ്. വര്‍ഗീയ കലാപങ്ങളും കൊലപാതകങ്ങളും നടത്തിയെന്നു പറഞ്ഞാണ് നിരോധം. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും വര്‍ഗീയ കലാപങ്ങളും നടത്തിയ സംഘടനയാണിവരെ നിരോധിക്കാന്‍ നടപടിയെടുക്കുന്നതെന്നതാണ് വിരോധാഭാസം.  പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡോ, അറസ്‌റ്റോ ഒന്നും തെറ്റാണെന്നല്ല പറയുന്നത്. അതൊക്കെ ആവശ്യം തന്നെയാണ്-  ഷാജി പറഞ്ഞു.
മത തീവ്രവാദ സംഘടനകളെ തുടക്കം മുതല്‍ എതിര്‍ത്ത പാര്‍ട്ടിയാണ്  ലീഗ്. എന്നാല്‍ മറ്റുള്ള പല പാര്‍ട്ടികളും വോട്ടു ബാങ്കും പണവുമൊക്കെ കണ്ട് നിലപാടുകളില്‍ വെള്ളം ചേര്‍ത്തു. അതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നത്. ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് ലീഗ് പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അന്ന് ലീഗ് കാണിച്ച ധൈര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാണിച്ചില്ല. തീവ്രവാദത്തിന്റെ കൂടെ നില്‍ക്കുന്ന നിലപാട്  ഒരുകാലത്തും ലീഗ് എടുക്കില്ല. അങ്ങനെയൊരു തീരുമാനമെടുത്താല്‍ ലീഗ് ഉണ്ടാവില്ല- ഷാജി പറഞ്ഞു.

 

Latest News