Sorry, you need to enable JavaScript to visit this website.

റിയാദ് അന്താരാഷ്ട്ര പുസ്തകമേള നാളെ തുടങ്ങുന്നു, മലയാളത്തിനും സാന്നിധ്യം

റിയാദ് -കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള റോഡിലെ റിയാദ് ഫ്രന്‍ഡില്‍ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നായി ആയിരത്തോളം പ്രസാധകരെത്തുന്ന മേളയില്‍ കേരളത്തില്‍നിന്ന് നാലു പ്രസാധകരാണ് സ്റ്റാളൊരുക്കിയിരിക്കുന്നത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന അതോറിറ്റി മേല്‍നോട്ടം വഹിക്കുന്ന ഈ മേളയില്‍ ഈ വര്‍ഷം അതിഥി രാജ്യമായി എത്തുന്നത് തുനീഷ്യയാണ്. ഒക്ടോബര്‍ എട്ടിന് മേള സമാപിക്കും.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയമെങ്കിലും സംഘാടകരുടെ കാമ്പയിന്‍ 'ഒരു ദിനം മതിയാവില്ല' എന്നാണ്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ഒരു ദിവസം മുഴുവന്‍ കറങ്ങി നടക്കാന്‍ വിപുലമായ ഏരിയയിലാണ് നഗരി സജ്ജീകരിച്ചിട്ടുള്ളത്. 24 റെസ്‌റ്റോറന്റുകളും കോഫി ഷോപ്പുകളും, ഏറ്റവും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള തിയേറ്റര്‍, കുട്ടികളുടെ കളിസ്ഥലം എന്നിവ മേളയിലുണ്ട്. ഓരോ ദിവസത്തെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്ക് അയ്യായിരം റിയാലിന്റെ സമ്മാനങ്ങള്‍. ഗതാഗതക്കുരുക്ക് കുറക്കുന്നതിന് പുസ്തകമേളയിലേക്ക് പ്രത്യേക റോഡും തയ്യാറാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മേളക്കായി പ്രത്യേക ആപ്ലിക്കേഷനും തയ്യാറായി.
ഡിസി ബുക്‌സ്, പൂര്‍ണ, ഒലിവ്, ഹരിതം എന്നീ നാലു പ്രസാധകരാണ് ഈ വര്‍ഷം മേളയിലെത്തുന്ന കേരളത്തിലെ പ്രസാധകര്‍. ചിന്ത, പ്രഭാത് ബുക്‌സ് എന്നിവ ഹരിതവുമായി കൈകോര്‍ത്ത് സ്റ്റാളിലെത്തും. ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, എന്‍.പി ഹാഫിസ്, ഡോ. എം.കെ മുനീര്‍ അടക്കം പ്രമുഖരുടെ നിര തന്നെ പുസ്തകമേളയിലെത്തുന്നുണ്ട്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ മലയാള പുസ്തകങ്ങളുടെ മഹാശേഖരമെത്തുന്നത്.
റിയാദിലെ മലയാളി എഴുത്തുകാരായ ജോസഫ് അതിരുങ്കലിന്റെ ഗ്രിഗര്‍ സാംസയുടെ കാമുകി, സബീന എം സാലിയുടെ പ്രണയമേ കലഹമേ, നിഖില സമീറിന്റെ അമേയ, കമര്‍ബാനു വലിയകത്തിന്റെ ഗുല്‍മോഹറിതളുകള്‍, ജുബൈലിലെ ജയ്. എന്‍.കെയുടെ റോയല്‍ മാസെക്കര്‍ എന്നിവ അടക്കം നിരവധി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നുണ്ട്.
ഡിസി ബുക്‌സ് എം.ഡി ഡിസി രവി, പൂര്‍ണ പബ്ലിക്കേഷന്‍സ് എം.ഡി എന്‍.ഇ. മനോഹര്‍, ഹരിതം ബുക്‌സ് എം.ഡി പ്രതാപന്‍ തായാട്ട്, ഒലിവ് പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. ഡി.സി ബുക്‌സിന് മൂന്നും ബാക്കി മൂന്ന് പ്രസാധകര്‍ക്ക് രണ്ടു വീതവും അടക്കം ആകെ ഒമ്പത് സ്റ്റാളുകളാണ് മലയാള പുസ്തകങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

 

Latest News