Sorry, you need to enable JavaScript to visit this website.

താമരത്തളികയിലേക്ക് രാജസ്ഥാനും?

വിമതനായി പ്രഖ്യാപിച്ച് കറിവേപ്പില പോലെ വലിച്ചെറിയേണ്ട ആളല്ല രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. നെഹ്‌റു കാലഘട്ടം മുതൽ കോൺഗ്രസ് രാജ്യത്തിനുണ്ടാക്കിയ ഭക്രനംഗൽ പോലുള്ള നേട്ടങ്ങൾ വിളിച്ചു പറയാനുള്ള ഏക മുഖ്യമന്ത്രി. രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വമേറ്റെടുക്കണമെന്ന് പ്രമേയം പാസാക്കിയ ആദ്യ പി.സി.സി രാജസ്ഥാനിലേതാണ്.  

 

ഇന്ത്യയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിന് അധിക കാലം കാത്തു നിൽക്കേണ്ടതില്ല. 2024 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിലാണ് പ്രമുഖ പാർട്ടികളെല്ലാം. ബിഹാറിൽ അടുത്തിടെയാണ് നിധീഷ് കുമാർ ബി.ജെ.പി പാളയം വിട്ട് ആർ.ജെ.ഡി, കോൺഗ്രസ് കക്ഷികൾക്കൊപ്പം ചേർന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഒരുമിച്ച് ബി.ജെ.പിയെ നേരിടുന്നതിനെ കുറിച്ച് ഗൗരവത്തോടെ ആലോചിച്ചിരുന്നു. ഹരിയാനയിലെ ഫത്തേബാദിൽ ചേർന്ന കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ മഹാറാലിയിൽ സംബന്ധിച്ച പ്രമുഖർ സംസാരിച്ചത്  പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനെ കുറിച്ചാണ്. 


കോൺഗ്രസിനെ ഇതുമായി സഹകരിപ്പിക്കണമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. പട്‌നയിൽ നിന്നെത്തിയ നേതാക്കളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ദൽഹിയിൽ സോണിയ ഗാന്ധിയെ കണ്ട് ബി.ജെ.പിയ്‌ക്കെതിരെ പോരാടേണ്ടതിനെ കുറിച്ച് സംസാരിച്ചു. അനേക വർഷങ്ങൾക്ക് ശേഷമായിരുന്നു ദേശീയ നേതാക്കളുടെ ഇത്തരമൊരു കൂടിക്കാഴ്ച. ഭാരത് ജോഡോ യാത്രയുടെ തിരക്ക് കഴിഞ്ഞാൽ രാഹുൽ ഗാന്ധിയുമായും സംസാരിക്കാമെന്നുറച്ചാണ് ലാലുവും നിതീഷും പിരിഞ്ഞത്. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഇതേ വരെയുള്ള പ്രകടനം വിലയിരുത്തിയാൽ ഇന്ത്യയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. മുംബൈയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ സെൻട്രലിൽ മഹാ നഗരത്തിലെ കലാലയ വിദ്യാർഥിനികൾ പ്ലാറ്റുഫോമുകൾ നിറഞ്ഞു നിന്ന് ഫഌഷ് മോബ് കളിച്ചതിന്റെ ചിത്രങ്ങളാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ രണ്ടു മൂന്ന് ദിവസങ്ങൾക്കപ്പുറം ലോകത്തിന്റെ നാനാഭാഗത്തുമുള്ള മാധ്യമ സ്ഥാപനങ്ങളിലെത്തിച്ചത്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ വൈവിധ്യത്തിന് സമർപ്പിക്കുന്നുവെന്ന് കാണിച്ചാണ് കുട്ടികൾ നൃത്തച്ചുവടുകൾ വെച്ചത്. വിദ്വേഷത്തിന്റേയും സാമുദായിക ധ്രുവീകരണത്തിന്റേയും സീസൺ കഴിഞ്ഞുവെന്ന വ്യക്തമായ സന്ദേശം നൽകുന്ന  ചിത്രമാണിത്. കോൺഗ്രസിന്റെ തിരിച്ചു വരവിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. എന്നാൽ സന്ദർഭത്തിനൊത്തുണരാൻ കോൺഗ്രസ് നേതൃത്വത്തിനാവുന്നില്ലെന്നതാണ് യാഥാർഥ്യം. കുറച്ചു കാലമായി കോൺഗ്രസ് നേതൃത്വം ചെയ്തു കൂട്ടുന്ന പലതിലും വിവേകരാഹിത്യം പ്രകടമാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന പഴയ ഡയലോഗ് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ പോലും ഇപ്പോൾ ആവർത്തിക്കുന്നില്ല.  കോൺഗ്രസ് തന്നെ അപ്പണി ചെയ്യുമ്പോൾ അതിന്റെ ആവശ്യമില്ലല്ലോ. രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണം അവശേഷിക്കുന്നത്-രാജസ്ഥാനിലും ഛത്തിസ്ഗഡിലും. കർണാടക, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങൾ കോൺഗ്രസ് നഷട്‌പ്പെടുത്തിയതെങ്ങിനെയെന്നറിയാൻ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റി പരീക്ഷണം നടത്തി ആ സംസ്ഥാനം നഷ്ടപ്പെടുത്തേണ്ട വല്ല കാര്യവുമുണ്ടായിരുന്നുവോ? ഗോവയിൽ ഒരു കാരണവശാലും കാല് മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യിച്ച ജനപ്രിതിനിധികളാണ് പ്രതിപക്ഷത്ത് നിന്ന് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇതിൽ ഒരു മുൻ മുഖ്യമന്ത്രി കൂടി ഉൾപ്പെടുന്നുവെന്നതാണ് കൗതുകകരം. 


രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളു. അതിനിടയ്‌ക്കൊരു നേതൃമാറ്റത്തിന്റെയൊക്കെ ആവശ്യമെന്ത്?  പഞ്ചാബിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഉചിതം. ചെറുപ്പക്കാരനും രാജേഷ് പൈലറ്റിന്റെ മകനുമായ സച്ചിൻ പൈലറ്റിന് മുമ്പിൽ ഇനിയും എത്രയെത്ര അവസരങ്ങളുണ്ടാവും? കോൺഗ്രസിന് ദേശീയ അധ്യക്ഷനെ കണ്ടു പിടിക്കാനാണ് പാടെങ്കിൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ഈ യുവാവിനെ ആ ദൗത്യമേൽപിച്ചാൽ എന്തു മാത്രം മാറ്റങ്ങളുണ്ടാവും? ഞായറാഴ്ച രാത്രി മുഖ്യമന്ത്രിയെ മാറ്റാൻ ശ്രമിച്ച് വഷളാവേണ്ടതില്ലായിരുന്നു. ഓപ്പറേഷൻ ലോട്ടസിന്റെ ആൾക്കാർ റിസോർട്ടും ആഡംബര ബസുമായി തൊട്ടപ്പുറത്ത് കാത്തിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ലോക്‌സഭാ തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോൾ താൻ അവിടെ അധികാരത്തിൽ വേണമെന്ന താൽപര്യമേ അശോക് ഗെഹ്‌ലോട്ടിന് ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ജീവിതത്തിന്റെ അമൃത വർഷങ്ങൾ പിന്നിട്ട് അധികാരത്തിന്റെ അപ്പകഷ്ണം തേടി അപ്പുറത്ത് പോകാനുള്ള താൽപര്യമൊന്നും ഇതേ വരെ പ്രകടിപ്പിക്കാത്ത നേതാവാണ് അദ്ദേഹം. ഗുലാബ് ജാമുകളിൽ നിന്നൊക്കെ തീർത്തും വ്യത്യസ്ഥൻ. യുവാവായ സച്ചിൻ രണ്ടു വർഷം മുമ്പ് ബി.ജെ.പിയുടെ പിന്തുണയോടെ മന്ത്രിസഭ മറിച്ചിടാൻ ശ്രമിച്ച ആളാണെന്നാണ് ഗെഹലോട്ട് പക്ഷം ആരോപിക്കുന്നത്. ഇക്കാരണത്താലാണ് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെ 92 എം.എൽ.എ.മാർ രാജിക്കത്തുമായി പ്രതിരോധിച്ചത്. ഇതോടെയാണ് എ.ഐ.സി.സി അധ്യക്ഷനാവാൻ വരെ പരിഗണിച്ചിരുന്ന ഗെഹലോട്ട് പെട്ടെന്ന് വിമതനായി മാറിയത്. സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന ഗെഹലോട്ട് പക്ഷം രാജസ്ഥാനിൽ വിമത നീക്കം നടത്തുകയായിരുന്നു. ഇതോടെ ശരിക്കും അമ്പരന്നു പോയ  കോൺഗ്രസ് നേതൃത്വം ഗെഹലോട്ടിനെ എ. ഐ. സി. സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ്  എത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനോട് അടുപ്പമുള്ള എംഎൽഎമാർ നിയമസഭ കക്ഷി യോഗം ബഹിഷ്‌കരിച്ചത് കടുത്ത അച്ചടക്കമില്ലായ്മയാണെന്നാണ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചത്. ഇതോടെയാണ് ഗെഹലോട്ടിന് പകരക്കാരനെ തേടാനുള്ള ശ്രമം ഹൈക്കമാൻഡ് തീരുമാനിച്ചത്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, ദിഗ്‌വിജയ സിംഗ്, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകളാണ് ഗെഹലോട്ടിന് പകരമായി പരിഗണനയിലുള്ളത്.  അശോക് ഗെഹലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും മറുവശത്ത് നടന്ന് വരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അടുത്ത മാസം 21 ഓടെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നത്. ഇതിനിടയിൽ സംസ്ഥാനത്ത് പൊട്ടിത്തെറിയുണ്ടാകാതെ നോക്കണമെന്ന നിലപാട് നേരത്തേ രാഹുൽ പങ്കിട്ടിരുന്നു. 


   കോൺഗ്രസ് ഹൈക്കമാന്റാണ് രാജസ്ഥാനുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അത് അവരുടെ ആഭ്യന്തര കാര്യം. എന്നാൽ ദൂരെ നിന്ന് കാര്യങ്ങൾ വിലയിരുത്തുന്ന ആർക്കും മനസ്സിലാവുന്ന ഒന്നുണ്ട്. കേരളത്തിലെ കോൺഗ്രസുകാരുടെ സ്വന്തം നേതാവായ ലീഡർ കെ.കരുണാകരനെ പോലെയാണ് അശോക് ഗെഹലോട്ടെന്ന ഉത്തരേന്ത്യയിലെ മുതിർന്ന നേതാവും. വിമതനെന്ന് മുദ്ര കുത്തി കരിവേപ്പില പോലെ കളയേണ്ട അളല്ല. കോൺഗ്രസ് ഭരണം ഇപ്പോഴും അവശേഷിക്കുന്ന ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പ്രതിപാദിക്കുന്ന നിരവധി പരസ്യങ്ങൾ പത്രങ്ങളിലും ചാനലുകളിലും ധാരാളമായി വരുന്നു. സ്വാതന്ത്യത്തിന്റെ അമൃത വർഷമായതിനാൽ ഓഗസ്റ്റ് 15ന് അടുത്ത ദിവസങ്ങളിൽ ഇത് കുറച്ചു കൂടുതലുമായിരുന്നു. ഇതിനെ ചെറുക്കാൻ കോൺഗ്രസിന്റെ ഭാഗത്തു നിന്ന് പത്രങ്ങളുടെ ഒന്നാം പേജിനെ മൂടി ജാക്കറ്റ് പരസ്യം നൽകിയത് രാജസ്ഥാൻ സർക്കാരാണ്. അശോക് ഗെഹലോട്ടിന്റെ വ്യക്തിത്വം വിളംബരം ചെയ്യാനായിരുന്നില്ല ഇവയൊന്നും. ചരിത്രം വളരെ പെട്ടെന്ന് വിസ്മൃതിയിലാവുന്ന ഇക്കാലത്ത് പലരേയും പലതും ഓർമിപ്പിക്കുന്ന പരസ്യങ്ങൾ. കേരളത്തിൽ ലഭിച്ച രണ്ടു പ്രമുഖ മലയാള പത്രങ്ങളിലും മൂന്ന് ഇംഗ്ലീഷ് പത്രങ്ങളിലും ഇതേ പരസ്യം വന്നുവെന്നതിനർഥം അങ്ങ് അരുണാചൽ പ്രദേശിലും കശ്മീരിലുമെല്ലാം ഗെഹലോട്ട്ജി നൽകിയ പരസ്യം വന്നു കാണും. ഇന്ത്യയുടെ വികസനത്തിന്റെ ചുവടുകൾ എണ്ണിയെണ്ണി പറയുന്നതയിരുന്നു ഫുൾ പേജ് ആഡ്. ജവഹർ ലാൽ നെഹ്‌റു രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇതിൽ പ്രതിപാദിച്ചു. ഭക്രനംഗൽ അണക്കെട്ട് മുതൽ രാജ്യത്തിന്റെ അഭിമാന സതംഭങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം മുതൽ എയിംസ് വരെയുള്ളതെല്ലാം എടുത്തു കാട്ടിയിട്ടുണ്ട്. കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ഒരാൾ തന്നെയാവണമെന്ന് പ്രമേയം ഇന്ത്യയിൽ ആദ്യമായി പാസാക്കിയത് അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റിയായിരുന്നു. 

Latest News