Sorry, you need to enable JavaScript to visit this website.

നേതൃപാടവത്തിന്റെ അപൂർവശോഭ

ഇന്ന് സി.എച്ചിന്റെ ചരമവാർഷികം



ലീഗിൽ ചേരാൻ സമുദായത്തോട് സി.എച്ച് പറഞ്ഞില്ല. എന്നാൽ ഭൗതിക വിദ്യാഭ്യാസം നേടണമെന്ന് അവരോട് പറഞ്ഞു. പെൺകുട്ടികളെ പഠിക്കാനായി പ്രോൽസാഹിപ്പിച്ചു. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ ആർക്കും പരാതികളില്ലാതെ ഒരുക്കിക്കൊടുത്തു. അന്ന് സി.എച്ച് കൊണ്ട വെയിലാണ് ഇന്ന് മലബാറിലെ മുസ്‌ലിം പെൺകുട്ടികൾ അനുഭവിക്കുന്ന അക്ഷരവെളിച്ചത്തിന്റെ തണൽ. 

കേരള രാഷ്ട്രീയ ചർച്ചയിലെ എന്നത്തെയും നിറസാന്നിദ്ധ്യമായ സി.എച്ച് മുഹമ്മദ് കോയയെന്ന മഹാ മനീഷിയുടെ മറ്റൊരു ചരമ നാളാണിന്ന്. വാക്കുകൾ കൊണ്ട് പറഞ്ഞ് വെക്കാൻ കഴിയാത്തവിധം വൈവിധ്യമാർന്ന വ്യക്തിത്വം. കാലങ്ങളോളം ഒരാൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹം സമൂഹത്തിന്ന് നൽകിപ്പോയത് അത്രമാത്രം മഹത്തരമായിരിക്കണം.! അനിവാര്യമായ ചില പൂർത്തീകരണങ്ങൾക്ക് അർഹമായ കാലത്ത് കടന്ന് വന്ന് തന്റെ നിയോഗം തിരിച്ചറിയുകയും അത് പ്രയോഗവൽക്കരിക്കുകയുംചെയ്തു എന്ന് നമുക്ക് സി.എച്ചിനെ കുറിച്ച് പറയാം.
സി.എച്ച് ജീവിച്ച കാലത്തെ ഓർത്താണ് സി.എച്ചിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കുറിച്ച് നാം ചർച്ച ചെയ്യേണ്ടത്. കാലത്തിന്റെ അനുസ്യൂതമായ പ്രവാഹത്തിൽ തങ്ങളുടെ ഇടം എവിടെയാണന്നറിയാതെ അരികു പറ്റി കാത്തിരുന്ന ഒരു സമൂഹത്തിന്ന് പങ്കായവും നങ്കൂരവും നൽകി ജീവിതത്തിന്റെ ആഴക്കടൽ തുഴഞ്ഞ് കയറാൻ  പ്രാപ്തമാക്കുക എന്ന ചരിത്ര ദൗത്യമായിരുന്നു സി.എച്ചിന് നിർവ്വഹിക്കാനുണ്ടായിരുന്നത്. 
സി.എച്ചിന്റെ ദൗത്യം വിജയകരമായിരുന്നോ എന്നതിന് ഉത്തരം പറയേണ്ടത് ചരിത്രമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധതയുടെ പ്രത്യയശാസ്ത്രം കൊണ്ടു തകർന്നടിഞ്ഞു പോയൊരു സമൂഹം, അത് വഴി ഒരു സമൂഹത്തിന്റെ ഉന്നമനത്തിനാവശ്യമയ ഭൗതിക പുരോഗതികളൊന്നും ആർജിക്കാൻ കഴിയാതെ പോയ ഒരു കുട്ടർ. മുറിച്ചു കടക്കേണ്ട പ്രതിസന്ധികളുടെ ആഴവും പരപ്പും അറിയാത്ത ആ സമൂഹത്തിന്റെ കൈപിടിച്ച് ഒരു മാന്ത്രികനെപ്പോലെ മറുകര പറ്റുക എന്ന ശ്രമകരമായ ദൗത്യം ചരിത്രത്തിന്ന് ഏറെ പരിചിതമല്ലാത്തതാണ്. മതമൗലിക ചിന്തകളിൽ ഭൗതികമായ എന്തൊന്നിനെയും സംശയത്തോടെ കണ്ടൊരു സമൂഹത്തെ, കഴിഞ്ഞുകൂടുക എന്നതിലപ്പുറം ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളൊന്നുമില്ലാത്ത ഒരു സമുദായത്തെ ഭൗതിക വിദ്യാഭ്യാസത്തെ കുറിച്ചും അത് വഴി നേടാനുള്ള പുരോഗതിയെ കുറിച്ചും ബോധ്യപ്പെടുത്തി അവർക്കിടയിൽ അവരിൽ ഒരാളായി ജീവിച്ച് ഇന്ന് കാണുന്ന ഭൗതിക പുരോഗതിക്ക് മുഴുവൻ കാരണമായി എന്നതാണ് സി.എച്ചിന് ചരിത്രം നൽകുന്ന സ്ഥാനം.
വില്ലേജാഫീസുകളുടെയും കലക്ടറേറ്റിന്റെയും പുറത്തെ നീണ്ട വരികളിൽ പച്ച അരപ്പെട്ട കെട്ടി മൊട്ടത്തലയിൽ വട്ടക്കെട്ട് കെട്ടി കാത്തിരുന്നവർ, സിനിമകളിലും നാടകങ്ങളിലും നോവലുകളിൽ അക്ഷരാഭ്യാസമില്ലായ്മയുടെ കഥാപാത്രങ്ങൾ ആവാൻ മാത്രം വിധിക്കപ്പെട്ടവർ. ഉന്നതമായൊരു സാംസ്്കാരിക പൈതൃകം കൈമുതലായുണ്ടായിട്ടും സംസ്‌കാര ശ്യൂന്യരെന്ന പഴി കേൾക്കേണ്ടി വന്നവരാണവർ. ഈ ഒരു സമൂഹം ഇന്ന് കാണുന്ന പള പളപ്പുകളിലെക്ക് എത്തിപ്പെട്ടതിന് ആരോടെങ്കാലും കടപ്പാടുണ്ടെങ്കിൽ അത് സി.എച്ചിനോട് മാത്രമാണ്.
ഏതൊരു സുഹത്തിന്റെയും വളർച്ചക്ക് നിദാനം അവരുടെ സ്വത്വബോധമാണ്
മലബാറിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്ന് ഇന്ന് കാണുന്ന പുരോഗതി മുഴുവൻ ആർജിക്കാനായത് കെ.എം. സീതി സാഹിബ് ഉഴുത് മറിച്ച് പാകപ്പെടുത്തിയ മണ്ണിൽ സി.എച്ച് വിത്തുവിളയിച്ചെടുത്ത അസ്തിത്വ ബോധമാണ്. സി.എച്ച് എന്ന പരിഷ്‌കർത്താവിനെ വളർത്തിയത് ലീഗാണ്. എന്നാൽ സി.എച്ച് വളർത്തിയത് സമുദായത്തെയാണ്.
ലീഗിൽ ചേരാൻ സമുദായത്തോട് സി.എച്ച് പറഞ്ഞില്ല. എന്നാൽ ഭൗതിക വിദ്യാഭ്യാസം നേടണമെന്ന് അവരോട് പറഞ്ഞു. പെൺകുട്ടികളെ പഠിക്കാനായി പ്രോൽസാഹിപ്പിച്ചു. അതിനുള്ള ഭൗതിക സാഹചര്യങ്ങൾ ആർക്കും പരാതികളില്ലാതെ ഒരുക്കിക്കൊടുത്തു. അന്ന് സി.എച്ച് കൊണ്ട വെയിലാണ് ഇന്ന് മലബാറിലെ മുസ്‌ലിം പെൺകുട്ടികൾ അനുഭവിക്കുന്ന അക്ഷരവെളിച്ചത്തിന്റെ തണൽ. 
കലയും സാഹിത്യവും പള്ളിയും പള്ളിക്കൂടവും പാടവും പണിശാലകളും സി.എച്ചിന്റെ ലാളന ഏറ്റവയാണ്. ഇവിടെങ്ങളിലൊക്കെ സി.എച്ച്. ഇടപെടുകയും തന്റെ വ്യക്തിമുദ്രകൾ അടയാളപ്പെടുത്തുകയും ചെയ്തു.
സി.എച്ചിന്റെ അദൃശ്യസാന്നിധ്യം കേരളത്തിലെ അധ:സ്ഥിത ജനവിഭാഗത്തിന്റെ മുന്നോട്ടുള്ള വഴിയിലെ കെടാവിളക്കാണ്.  

 

Latest News