തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താനായുളള സെര്‍ച്ച് കമ്മിറ്റി രണ്ടംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ചത് ചട്ടവിരുദ്ധമായ നടപടിയാണ്. ഈ സമിതിയിലേക്ക് സെനറ്റിന്റെ പുതിയ ഒരംഗത്തെ നോമിനേറ്റ് ചെയ്യാന്‍ സര്‍വകലാശാല ചട്ടം അനുവദിക്കില്ലെന്ന് വി.സി അഭിപ്രായപ്പെട്ടു.
സെനറ്റ് യോഗം എന്ന് ചേരണമെന്നതിനെക്കുറിച്ച് ഇന്ന് സിന്‍ഡിക്കേറ്റ് യോഗമോ, വി.സിയോ തീരുമാനമെടുത്തിട്ടില്ല. രണ്ടംഗ സമിതി രൂപീകരിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് രാജ്ഭവന് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടി കിട്ടിയ ശേഷം മതി തുടര്‍നടപടിയെന്ന തീരുമാനത്തിലാണ് സര്‍വകലാശാല. എത്രയും പെട്ടെന്ന് സെനറ്റ് പ്രതിനിധിയുടെ പേര് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയം കോടതിക്ക് മുന്നില്‍ എത്തുന്നത് മുന്നില്‍ കണ്ടാണ് ഗവര്‍ണര്‍ ഈ രീതിയില്‍ സര്‍വകലാശാലയെ പ്രതിസന്ധിയിലാക്കുന്നതെന്ന വിമര്‍ശവും ഇന്നത്തെ യോഗത്തിലുണ്ടായി. സെനറ്റ് അംഗത്തിന്റെ പേര് നല്‍കിയില്ലെങ്കില്‍ സെര്‍ച്ച് കമ്മറ്റിയുമായി മുന്നോട്ടുപോകാനാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍.