തിരുവനന്തപുരം- കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കണ്‍സഷന്‍ പുതുക്കാനെത്തിയ അച്ഛനേയും മകളെയും ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ക്ക്കൂടി സസ്‌പെന്‍ഷന്‍. കാട്ടാക്കട യൂണിറ്റ് മെക്കാനിക്ക് എസ്. അജികുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. അജികുമാര്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.
എന്നാല്‍ മര്‍ദ്ദനത്തിനിരയായ പ്രേമനനെ പിന്നില്‍നിന്ന് ചവിട്ടിയത് അജികുമാര്‍ ആണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സി.ഐ.ടി.യു സംഘടനയിലെ പ്രവര്‍ത്തകനായ അജികുമാറിനെതിരെ നടപടി വൈകുന്നത് ഭരണതലത്തിലുള്ള സ്വാധീനമാണെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.
അതിനിടെ, പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് ഇടപെടുന്നില്ലെന്നും തനിക്ക് നീതി വേണമെന്നും കാണിച്ച് പ്രേമനന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുകയാണ്. ഇക്കഴിഞ്ഞ 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരനായ പ്രേമനനെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്.