Sorry, you need to enable JavaScript to visit this website.

ഏറനാടൻ രാഷ്ട്രീയ വിസ്മയം

മലബാർ രാഷ്ട്രീയം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് നിന്നതിന് പിന്നിൽ ചരിത്രപരമായ ഒട്ടേറെ ഘടകങ്ങളുണ്ടായിരുന്നു.ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു അതിന്റെ അടിസ്ഥാന ഘടകം.സ്വാതന്ത്ര്യത്തിന് മുമ്പേ ബ്രിട്ടീഷ് പ്രസിഡസിയുടെ ഭാഗിമായി,മദ്രാസ് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയസ്പന്ദനങ്ങളിലേക്കാണ് മലബാറിലെ രാഷ്ട്രീയപ്രവർത്തകർ കൂടുതൽ ആകർഷിക്കപ്പെട്ടത്.അന്തർദേശീയവും ദേശീയവുമായൊരു മാനം ആ രാഷ്ട്രീയത്തിനുണ്ടായിരുന്നു.കൊച്ചി,തിരൂവിതാംകൂർ പ്രദേശങ്ങളാകട്ടെ പ്രദേശിക രാജഭരണത്തിന്റെ രാഷ്ട്രീയ ചലങ്ങളിലാണ് ചുറ്റിത്തിരിഞ്ഞത്.ഇന്ത്യയുടെ സ്വാതന്ത്ര്യലബ്്ദിക്ക് പിന്നാലെ കേരള രാഷ്ട്രീയം തിരുവനന്തപുരത്തെ തലസ്ഥാനത്തേക്ക് കേന്ദ്രീകരിക്കപ്പെട്ടതിന് ശേഷം മലബാറിൽ നിന്നുള്ള ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ അവിടെ എത്തിയത് ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയതന്ത്രങ്ങളുടെയും ദേശീയതയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളുടെയും നിലപാടുകളുമായാണ്.അക്കൂട്ടത്തിൽ പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്.
1921 ൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രനാളുകളോട് അടുത്തു കിടന്നൊരു തലമുറയിൽ,മുഹമ്മദ് അബ്്ദുറഹ്്മാനെ പോലുള്ള ദേശീയവാദികളായ കോൺഗ്രസ് നേതാക്കളുടെ പാതപിൻപറ്റിയാണ് ആര്യാടൻ മുഹമ്മദ് രാഷ്ട്രീയത്തിൽ കാലെടുത്തുവെച്ചത്.ബ്രിട്ടീഷുകാരോട് പോരാടിയ ഏറനാടൻ ജനതയുടെ ചങ്കൂറ്റവും ദേശീയപ്രസ്ഥാനത്തിന്റെ ഉൾക്കാമ്പ് കണ്ടെത്തിയ രാഷ്ട്രീയബോധവും അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിന്റെ മുൻനിരയിലെത്തിച്ചു.ദേശീയത ആര്യാടനെ എക്കാലത്തും മുന്നോട്ടു നയിച്ച രാഷ്ട്രീയ വികാരമായിരുന്നു.
തന്ത്രങ്ങളുടെ രാഷ്ട്രീയകളരിയിൽ ചാണക്യനായിരുന്നു ആര്യാടൻ.അവസാന ശ്വാസം വരെ രാഷ്ട്രീയത്തിൽ ജീവിച്ച നേതാവ്.ജനങ്ങൾക്കൊപ്പം നിന്ന് പൊതുജീവിതം നയിക്കുകയും ഭരണനേതൃത്വത്തിൽ ആസാമാന്യ പാടവം കാണിക്കുകയും ചെയ്ത ഒരു തലമുറയിലെ അവസാനത്ത കണ്ണികളിലൊരാളാണ് വിടപറഞ്ഞത്.നീണ്ട ഏഴുപതിറ്റാണ്ടിലേറെ കാലം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം പലപ്പോഴും എതിരാളികൾ പോലും അംഗീകരിച്ച നിലപാടുകളുള്ള വ്യക്തിത്വവുമായിരുന്നു.
സ്വന്തം തട്ടകമായ നിലമ്പൂരിലെ ജനങ്ങളെ ഒപ്പം ചേർത്തു നിർത്തിയ അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളമുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആരാധ്യനായ നേതാവുമായി മാറി.മലബാർ മേഖലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമായി നിലനിർത്തുന്നതിൽ ആര്യാടന്റെ സാന്നിധ്യം ചെറുതായിരുന്നില്ല.
രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർമെന്റ് എടുക്കാതെ അവസാന കാലം വരെ പാർട്ടി വേദികളിൽ സജീവമായി നിന്നു.ഏതാനും മാസങ്ങളായി ശാരീരിക അസ്വസ്ഥതകൾ മൂലം യാത്രകൾ ഒഴിവാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ് മരിക്കുന്നതുവരെ രാഷ്ട്രീയത്തോടൊപ്പമായിരുന്നു.
ജനങ്ങളോടുള്ള സ്‌നേഹം, രാഷ്ട്രീയത്തിലെ ഉറച്ച നിലപാടുകൾ,ഉൾപാർട്ടി രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും സ്വീകരിച്ച തന്ത്രങ്ങൾ,ബ്യൂറോക്രസിയെ ഒപ്പം നിർത്തിയുള്ള ഭരണപാടവം എന്നിവ ആര്യാടൻ എന്ന പൊതുപ്രവർത്തകന്റെ വ്യക്തിമുദ്രകളായിരുന്നു.നിലമ്പൂരിലെ ജനങ്ങൾക്ക് എന്നും അദ്ദേഹം തന്റെ മനസിൽ ഒരിടം മാറ്റിവെച്ചു.മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ പതിറ്റാണ്ടുകളോളം തിരുവനന്തപുരത്ത് തിരക്കു പിടിച്ച ജീവിതം നയിക്കുമ്പോഴും സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ട ജനപ്രതിനിധിയായി. തിരുവനന്തപുരത്തെ ഓഫീസിൽ രാവിലെ മുതൽ വിവിധ പ്രശ്്‌നങ്ങൾക്ക് പരിഹാരം തേടി കാത്തുനിൽക്കുന്ന ജനങ്ങൾക്കിടയിൽ നിന്ന് നിലമ്പൂർക്കാരെ ആദ്ദേഹം പ്രത്യേകം പരിഗണിച്ചു.നിലമ്പൂരിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും സ്വന്തം നാട്ടിലെ ജനങ്ങൾക്കായി എപ്പോഴും അദ്ദേഹം വാതിൽ തുറന്നിട്ടു.
കോൺഗ്രസ് നേതാക്കളെ പോലും പലപ്പോഴും ചൊടിപ്പിച്ച കടുത്ത രാഷ്ട്രീയ നിലപാടുകളെടുത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.മലപ്പുറം ജില്ല രൂപീകരിച്ച ശേഷം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവായ അദ്ദേഹം പാർട്ടിയെ ജില്ലയിൽ നിലനിർത്തുന്നതിന് വേറിട്ട നിലപാടുകളാണ് സ്വീകരിച്ചത്.മുസ്്‌ലിം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് യു.ഡി.എഫിൽ, ലീഗിന്റെ വാലായല്ല കോൺഗ്രസ് നിൽക്കേണ്ടതെന്ന നിലപാടാണ് അദ്ദേഹം എടുത്തത്.
ചില വേളകളിൽ ഇടതുമുന്നണിയേക്കാൾ രൂക്ഷമായി മുസ്്‌ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അദ്ദേഹം വിമർശിച്ചു.ജില്ലയിൽ യു.ഡി.എഫ് ബന്ധം തകരുന്ന രീതിയിലാണ് ആര്യാടന്റെ പ്രസ്താവനകളെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനങ്ങളുയർന്നു.എന്നാൽ ലീഗിനെ വിമർശിച്ചു കൊണ്ടു മാത്രമേ മലപ്പുറം ജില്ലയിൽ കോൺഗ്രസിന് പിടിച്ചു നിൽക്കാനാകൂവെന്ന വേറിട്ട നിലപാടാണ് അദ്ദേഹം എടുത്തത്.മുന്നണിക്കുള്ളിൽ പാർട്ടിക്ക് സ്ഥാനങ്ങൾ വിലപേശി വാങ്ങുന്നതിന് ഈ തന്ത്രം സഹായിച്ചു.
കേരളത്തിന്റെ മതേതര ചട്ടക്കൂടിനെ കുറിച്ച് ദീർഘവീക്ഷണമുള്ള നിലപാടികളായിരുന്നു ആര്യാടന്റേത്.സ്വന്തം സമുദായത്തിലെ സംഘടനകൾക്കെതിരെയാകും അദ്ദേഹം കൂടുതൽ വിമർശനങ്ങൾ ഉയർത്തിയത്.
ചില മുസ്്‌ലിം സംഘടനകളുടെ തീവ്രവാദ സ്വഭാവത്തിനെതിരെ പതിറ്റാണ്ടുകൾക്ക് മുമ്പേ അദ്ദേഹം രംഗത്തു വന്നു.ഇത് സ്വന്തം പാർട്ടിയിൽ അടക്കം ശത്രുക്കളെ ക്ഷണിച്ചു വരുത്തി.മുസ്്‌ലിം ലീഗ് തീവ്രവാദ നിലപാടുകളിലേക്ക് മാറുന്നുവെന്ന് ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹം പലപ്പോഴും ലീഗിനെ മതേതര വഴിയിൽ നിലനിർത്തുന്നതിൽ അദൃശ്യമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
ഭരണകർത്താവ് എന്ന നിലയിലും അദ്ദേഹം മികവു പുലർത്തി.വികസനത്തെ കുറിച്ച് ജനകീയ നിലപാട് കൈകൊണ്ട മന്ത്രിയായിരുന്നു അദ്ദേഹം.സർക്കാരിന്റെ പദ്ധതികൾ താഴെ തട്ടിൽ എത്തിക്കുന്നതിൽ വിജയം കണ്ടു.ഉദ്യോഗസ്ഥരെ കൂടെ നിർത്തിയും നിലക്ക് നിർത്തിയും ഭരണസംവിധാനത്തെ ജനങ്ങൾക്ക് അനുകൂലമാക്കി മുന്നോട്ടു കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന്റെ നയതന്ത്രം ശ്രദ്ധേയമായിരുന്നു.
വിവാദങ്ങളും എന്നും ആര്യാടനൊപ്പമുണ്ടായിരുന്നു.നിലമ്പൂരിലെ കമ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലി വധക്കേസിൽ പ്രതിചേർക്കപ്പെട്ട അദ്ദേഹം ജയിലിലായി.അതേ ആര്യാടൻ നിലമ്പൂരിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ വിജയിച്ച് മന്ത്രിയുമായി.മുന്നണി രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളും ഉള്ളംകയ്യിൽ കൊണ്ടു നടന്നു.തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം.പ്രവർത്തകരുടെ പോലും പിന്തുണ വാങ്ങാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.
ഭരണചക്രം ജനങ്ങൾക്ക് അനുകൂലമായി മുന്നോട്ട് ചലിപ്പിക്കുന്നതിന് ഒരു ജനപ്രതിനിധിക്ക് വാഗ്ചാതുരി മാത്രം പോര എന്ന് പഠിപ്പിച്ച നേതാവ് കൂടിയാണ് അദ്ദേഹം.നിരന്തരമായ വിവരസമ്പാദനം ഭരണാധികാരികൾക്ക് ആവശ്യമാണെന്ന് അദ്ദേഹം തെളിയിച്ചു.രാജ്യത്തിന്റെ ഭരണഘടന മുതൽ മാറ്റിയെഴുതപ്പെട്ടു കൊണ്ടിരിക്കുന്ന നിയമങ്ങൾ വരെ പഠിച്ചാൽ മാത്രമേ മാറുന്ന കാലത്തിൽ ഇടപെടനാകൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ഒട്ടേറെ ട്രേഡ് യൂനിയനുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ട്രേഡ് യുനിയൻ നിയമങ്ങളെ കുറിച്ചുള്ള തന്റെ അവഗാഹം നിരന്തരം പുതുക്കി കൊണ്ടിരുന്നു.നിയമസഭയിലും ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിലും ലോ പോയിന്റുമായി നിൽക്കുന്ന കരുത്തനായ ആര്യാടനിൽ നിന്ന്, തെരഞ്ഞെടുപ്പ് ജയിച്ചാൽ പിന്നീടൊന്നും ചെയ്യാനില്ലെന്ന് കരുതുന്ന, പുതിയ രാഷ്ട്രീയ നേതാക്കൾക്ക് ഏറെ പഠിക്കാനുണ്ട്.   
കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പേരായി ആര്യാടൻ മുഹമ്മദ് സ്്മരിക്കപ്പെടും.രാഷ്ട്രീയവും പൊതുപ്രവർത്തനവും ജനപ്രാതിനിധ്യവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് തെളിയിച്ച രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിനിധി.നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന രാഷ്ട്രീയതന്ത്രത്തിന്റെ പാഠപുസ്തകം.മതവും രാഷ്ട്രീയവും രണ്ട് വഴികളാണെന്ന് ഓർമ്മപ്പെടുത്തിയ നേതാവ്.കേരളത്തിന്റെ മതേതര ഘടനയിൽ ആര്യാടന്റെ നിലപാടുകൾ ഇനിയുള്ള കാലവും ഉയർന്നു വന്നു കൊണ്ടിരിക്കും. 

Latest News