Sorry, you need to enable JavaScript to visit this website.

ഭാവി; തരൂരിന്റെയും ഗവർണറുടെയും?

ധ്വനിയാണ് കവിതയിൽ എന്ന പോലെ, പ്രസ്താവനയിലും സൗന്ദര്യം. മുഖ്യമന്ത്രി ഇപ്പോൾ ആ വഴിക്കാണ്. 'ഇരട്ടച്ചങ്കൻ' എന്നു പലരും അദ്ദേഹത്തെ വാഴ്ത്തിയ കാലത്ത്, താൻ 'വെറുമൊരു പാവ'മാണെന്ന് സഖാവ് തിരിച്ചടിച്ചു. മുഖ്യമന്ത്രിയായ ശേഷമാണ് അദ്ദേഹം പാവമായതെന്ന് അടുത്തവർക്ക് നന്നായി അറിയാം. ഇപ്പോഴിതാ സഖാവിന്റെ അടുത്ത 'ധ്വനി'. അതൊരു 'അങ്കപ്പുറപ്പാട്' തന്നെയാകാനുള്ള ഇടിയൊച്ചയും കൂടെയുണ്ടായിരുന്നുവത്രേ! ഒരു 'ബഹുമാന്യൻ' ഭരണത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു; അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കാൻ ഇടയുണ്ട് എന്നാണ് വെളിപാട്. അതാരാണെന്ന് ഏതു പോലീസുകാരനും അറിയാം. അറിയാത്തവർക്ക് 'ക്ലൂ' താരം- പേരിൽ മൂന്നു പദങ്ങളുണ്ട്; നല്ല കാലത്ത് നാലു പാർട്ടികളിൽ അംഗം. മുൻ മന്ത്രി. 1986 മുതൽ സംഘപരിവാരത്തിലും ഇടപെടാറുണ്ട്.
'പറഞ്ഞതു പിണറായിയെങ്കിൽ നടന്നിരിക്കു'മെന്നാണ് ഡോ. ശശി തരൂരിന്റെ ഒരു ഗവേഷണ പ്രബന്ധത്തിന്റെ മുഖവുര. ഈ വല്ലാത്ത കാലത്ത് മുഖവുര പിണറായിക്കൊരു തണലായി.
തരൂർജിക്ക് ഒരു സൗജന്യ ഡി. ലിറ്റ് നൽകാൻ എ.കെ.ജി സെന്റർ തയാറായാല അദ്ഭുതമില്ല. ഏതു യൂനിവേഴ്‌സിറ്റിയിൽനിന്നും എന്ന കാര്യം പിന്നാലെ തീരുമാനിക്കാവുന്നതേയുള്ളൂ. തരൂർജി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു ശീതളപാനീയക്കട തുടങ്ങുന്നതു നന്നാവും. ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർഥിയെ എതിർത്തു മത്സരിക്കാൻ തയാറായ നിലക്ക് കോൺഗ്രസിനകത്ത് ഭാവി 'കോഞ്ഞാട്ട'യായി എന്നു തീർച്ച. എ.കെ.ജി സെന്റർ ഒരു അത്താണിയാണ്. എന്നാൽ 'കുമ്പളങ്ങി പ്രൊഫസറുടെ' ഗതി വരാതെയും നോക്കണം.
മുമ്പു പറഞ്ഞ 'ബഹുമാന്യ'ന്റെ കാര്യമോ? കൽക്കത്തയിലും ചെന്നൈയിലുമൊക്കെ സമയം പോക്കാൻ നിവൃത്തിയില്ലാതെ ഗവർണർമാർ മന്ത്രിസഭകളുമായി പ്രകടന ഗുസ്തി മത്സരത്തിലാണ്. നമ്മുടെ ബഹുമാന്യൻ അത്ര 'മൈനറ'ല്ലല്ലോ. രാജ്ഭവൻ തിരുവനന്തപുരത്താണ്. പണ്ടു ബോംബേയിൽ നിന്നു തെക്കോട്ടു വണ്ടികയറിയ വി.കെ. കൃഷ്ണമേനോൻ ഉറക്കമുണർന്നപ്പോൾ വണ്ടി തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ. പിന്നെ മടിച്ചില്ല; നോമിനേഷൻ കൊടുത്തു. കൊട്ടാരക്കരയിൽ നിന്നും ബസ്സിറങ്ങി വന്ന ഡി. ദാമോദരൻ പോറ്റിയും കൊടുത്തു പത്രിക. എന്തിനേറെ, പലപ്പോഴായി കെ. കരുണാകരനും പി.കെ.വിയും വി. മുരളീധരനും കുമ്മനവു പന്ന്യനും രാജഗോപാലും ശശി തരൂരുമെല്ലാം നിർദാക്ഷിണ്യം പത്രിക കൊടുത്തു വശംകെടുത്തിയ മണ്ഡലമാണ് തലസ്ഥാനം. ജില്ലക്കു പുറത്തുനിന്നെത്തുന്നവർക്ക് സ്വർഗരാജ്യം! ഇപ്പോൾ നമ്മുടെ മുഖ്യൻ ഒന്നു നീട്ടിയെറിഞ്ഞതും ആ സാധ്യതയുടെ സൂചന മാതം! (സൂചന കണ്ടു പഠിച്ചില്ലെങ്കിൽ സ്തംഭിപ്പിക്കും....എന്നു തുടങ്ങുന്നതു വേറെ മുദ്രവാക്യം) ആരിഫ് മുഹമ്മദ് ഖാൻജി തലസ്ഥാനം നോട്ടമിടുന്നില്ല എന്ന് ആരു പറഞ്ഞു? അത് അദ്ദേഹം പറയണം. തൽക്കാലം കൈയിൽ കിട്ടുന്ന ബില്ലുകളെ തഴയുക എന്ന പരിപാടിയും മലയാള മാധ്യമങ്ങളോടു മിണ്ടില്ല എന്ന വാശിയും മാത്രമേ കാട്ടുന്നുള്ളൂ. പ്രായമേറുന്തോറും കുട്ടികളുടെ ലക്ഷണം കാട്ടുമെന്ന് ഒരു ചൊല്ലൂണ്ട്. ഖാൻജി ഇങ്ങനെ പ്രകടനങ്ങൾ കൊണ്ട് ജനങ്ങളെ രസിപ്പിക്കാനാണ് തീരുമാനം. ഗാന്ധി ജയന്തി ദിനം മുതൽ കുറേ മന്ത്രിമാർ വിദേശ വാസത്തിലായിരിക്കും. നാട്ടുകാരെ ചിരിപ്പിക്കാൻ ഇവിടെ ആരെങ്കിലും വേണം. ഗവർണറാണ് തൽക്കാലം ഒരു പ്രതീക്ഷ.
****             *****                ****

അവസാനം അരങ്ങുണർന്നു. ഗുസ്തി മത്സരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നിടത്തോ യൂനിവേഴ്‌സിറ്റി പരിസരത്തോ ഇത്ര തിരക്കില്ല. വോട്ടർ പട്ടിക പരിശോധിക്കാൻ ദില്ലിക്കു പോയ തരൂർജി അവിടെ വാസം ഉറപ്പിച്ചു; അക്ബർ റോഡിൽ ജൻപഥിനു ലേശം വടക്കോട്ടു മാറി. ഉത്തരേന്ത്യൻ വോട്ടും വേണം. രാജസ്ഥാനികൾ ഗെഹ്‌ലോത്തിനെ വോട്ടു ചെയ്യൂ... അശോക ശിങ്കം പ്രസിഡന്റായി കാണുവാനുള്ള മോഹം തോന്നിയിട്ടല്ല; അങ്ങോർ മുഖ്യമന്ത്രിപദം അതോടെ ഒഴിയും എന്ന ആശ്വാസത്താൽ. അനുസരിപ്പിക്കുന്നതിന് പാവം ഹൈക്കമാന്റ് സാമ ദാനഭേദദണ്ഡങ്ങൾ നാലും പതിനെട്ടടവും പത്തൊൻപതാമത്തെ 'പൂഴിക്കടകനും' പ്രയോഗിച്ചിരിക്കും. അശോകൻ കണ്ണുതിരുമ്മുന്നതു കണ്ടവരുണ്ട്. അശോകന് ഖദർ കുപ്പായമിട്ട ന്യൂ ജെൻ നേതാക്കളെ കാണുമ്പോഴും വല്ലാത്ത കണ്ണുകടിയാണത്രേ! കണ്ണിൽ മരുന്നൊഴിച്ചിട്ടു കാര്യമില്ല. തായ്ത്തടിയിലെ രോഗത്തിന് മാവിൻ കൊമ്പിൽ ചുണ്ണാമ്പു തേച്ചിട്ടു കാര്യമുണ്ടോ? സച്ചിൻ പൈലറ്റ് 'ന്യൂജെൻ ഹര'മാണ്. ജമ്മു കശ്മീരില ഫാറൂഖ് അബ്ദുള്ളയുടെ മരുമകൻ. ദേശീയോദ്ഗ്രഥനത്തിന് സച്ചിന്റെ ഫോട്ടോ പതിച്ചാൽ മാത്രം മതി. അശോക് ഗെഹ്‌ലോത്ത് ഇത്തിരി ഭയക്കണം. 'ആൾ ഇന്ത്യാ കോൺഗ്രസ് പ്രസിഡന്റ്' ചില്ലറക്കാര്യമല്ല. രണ്ടു സംസ്ഥാനങ്ങളിലേ ഭരണമുള്ളൂ. പക്ഷേ സംസ്ഥാനങ്ങൾ മൊത്തം ഇരുപത്തിയെട്ടുണ്ട്. 
രണ്ടിലും ഭരണം പോയാലും പ്രസിഡന്റിനു നഷ്ടപ്പെടാനൊന്നുമില്ല. അഖിലേന്ത്യാ പദവി രാജകീയ സുഖം നൽകുമെന്നു കഴിഞ്ഞമാസം കൊച്ചിയിൽ ചെന്നപ്പോൾ രാഹുൽഗാന്ധി ചെവിയിൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ അവിടെ വച്ചു തന്നെ സുധാകര ഗുരുക്കൾ 'മനസ്സാക്ഷി വോട്ടു' ചെയ്യുമെന്നു പറഞ്ഞ പ്രസ്താവന ഉഴുന്നു വട സഹിതം വിഴുങ്ങി. പ്രസ്താവനയെ അന്വേഷിച്ച് തരൂർജി ഗുരുക്കളെ വലംവൈക്കുന്നതായാണ് കേൾവി.
****               ****             ****

തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒരു റിപ്പോർട്ട് വായിച്ചാൽ ഏതു വിഷാദ രോഗിയും ചിരിച്ചു പോകും. വി.കെ.എൻ ഭാഷയിൽ പറഞ്ഞാൽ ചിരിച്ചു മണ്ണുകപ്പും; എന്നിട്ടു മണ്ണു മുഴുവൻ തുപ്പിക്കളഞ്ഞിട്ടു വീണ്ടും ചിരിക്കും. ഈ വർഷം ആരംഭത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 340 കോടി രൂപയാണത്രേ! കോൺഗ്രസ് 194 കോടി. തീരെയില്ലാത്തവർ ചിരട്ടയെങ്കിലു തിരുമ്മിയിരിക്കും. പകരം 'കോടി മുണ്ട്' വിതരണം ചെയ്താൽ വോട്ടിങ്ങു വരുമോ? വിതച്ചാലേ കൊയ്യാൻ പറ്റൂ. ബി.ജെ.പി വിതച്ചു, കൊയതു. ബാക്കി, ജനതയുടെ വിധിയെന്നു കണക്കിൽ എഴുതിയാൽ മതി. ഒരു കൊല്ലം മുമ്പ് ഒരു സുരേന്ദ്രൻ ഒരു സി.കെ. ജാനുവിനു കൈമാറിയതായി പറയപ്പെടുന്ന തുകയോ? സ്വന്തം പാർട്ടിയിലെ മറ്റൊരു വനിത പ്രസീദ പുറത്തുവിട്ടു. ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ കണ്ടുകൂടാ എന്നു പറയുന്നത് എത്ര നേരാണ്! സുരേന്ദ്രൻ പത്തനംതിട്ടയിലും കാസർകോട്ടും ഒന്നിച്ചു മത്സരിച്ചതും, ഹെലികോപ്ടറിൽ പറന്നതുമൊക്കെ പാർട്ടിയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. അതിനിടയിലാണ് പ്രസീദയുടെ ഈ വഞ്ചന! എന്നാൽ, കൃത്യം തുക എത്രയെന്ന് അറിയുമോ? അത് സി.കെ. ജാനുവിനു പോലും തിട്ടമില്ല. ഇനി എത്ര കാലം പിടിക്കും, സുരേന്ദ്രനും സംഘവും ഒന്നു പച്ച തൊടാൻ! അന്വേഷണ കമ്മീഷനും മന്ദഗതിയിലാണ്; ഡീസലിന്റെ വിലക്കയറ്റമാകാം കാരണം.
****                 ****              ****

ൈകയിൽ ചൂരലോ ഊന്നു വടിയോ ഇല്ലെങ്കിലും സഖാവ് എം.വി. ഗോവിന്ദൻ 'മാസ്റ്റർ' ആയാണ് അറിയപ്പെടുന്നത്. അദ്ദേഹം ഈയിടെ കൊച്ചേട്ടൻ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി. മേശപ്പുറത്തു തട്ടിയുണർത്തി എല്ലാവരെയും ഉഷാറാക്കി. പിന്നീടാണ് സഖാക്കൾ കാനവും പന്ന്യനും ചേർന്ന് യഥാവിധി സൽക്കരിച്ചത്. മാസ്റ്റർ വല്യേട്ടൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയ ശേഷമുള്ള സൗഹൃദ സന്ദർശനം മാത്രമായിരുന്നുവത്രേ! പണ്ടൊക്കെ റഷ്യ- ചൈനാ പ്രതിനിധികൾ തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്കായിരുന്നു പ്രാധാന്യം. ഇവിടെ അത്രയും ഗൗരവമില്ലെന്നു പറഞ്ഞുകൂടാ. ഒക്‌ടോബർ മാസം പകുതിയെങ്കിലും കേരളം ഭരിക്കേണ്ടത് രണ്ട് സെക്രട്ടറിമാരാണ്. വിദേശത്തേക്ക് പറക്കുന്ന മന്ത്രിമാരൊഴികെ, അവശേഷിക്കുന്നവർ 'മൈനർ'മാരാണല്ലോ.
പ്രശ്‌നങ്ങളിൽ ഒന്നിലും ചോദ്യമോ ഉത്തരമോ ഉണ്ടാകരുതെന്ന ധാരണയിൽ വല്യേട്ട- കൊച്ചേട്ടന്മാർ പിരിഞ്ഞു. ആശ്വാസം!

Latest News