പ്രത്യേക അതിഥികളെ പരിചരിക്കാന്‍  സ്ത്രീകളും;  റിസോര്‍ട്ട് അനാശാസ്യകേന്ദ്രമെന്ന് മുന്‍ ജീവനക്കാര്‍

ഡെറാഡൂണ്‍- റിസപ്ഷനിസ്റ്റായ യുവതിയുടെ കൊലപാതകത്തിന് പിന്നാലെ ഇവര്‍ ജോലിചെയ്തിരുന്ന റിസോര്‍ട്ടിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാര്‍. ഉത്തരാഖണ്ഡിലെ ബി.ജെ.പി. നേതാവായ വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനെതിരെയാണ് മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരിമരുന്ന് ഉപയോഗവും പതിവാണെന്നായിരുന്നു മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തല്‍.
ദിവസങ്ങള്‍ക്ക് മുമ്പാണ് റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുള്‍കിത് ആര്യയും മറ്റുള്ളവരും അങ്കിതയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായും ഇത് എതിര്‍ത്തതിനാലാണ് പ്രതികള്‍ യുവതിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതിനുപിന്നാലെയാണ് റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യത്തെക്കുറിച്ച് മുന്‍ജീവനക്കാരും വെളിപ്പെടുത്തല്‍ നടത്തിയത്.
റിസോര്‍ട്ട് ഉടമയായ പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ഇവിടെ നേരത്തെ ജോലിചെയ്തിരുന്ന ദമ്പതിമാരുടെ ആരോപണം. ആരെങ്കിലും ജോലി വിടാന്‍ തീരുമാനിച്ചാല്‍ ഇവര്‍ക്കെതിരേ മോഷണമടക്കം ആരോപിക്കുന്നത് പതിവായിരുന്നുവെന്നും ഇവര്‍ പറയുന്നു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പതിവായിരുന്നു. പലദിവസങ്ങളിലും പുള്‍കിത് ആര്യ ചില 'പ്രത്യേക അതിഥി'കളെ റിസോര്‍ട്ടില്‍ കൊണ്ടുവരും. ഇവര്‍ക്കായി സ്ത്രീകളെയും എത്തിക്കും. മാത്രമല്ല, വിലകൂടിയ മദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും റിസോര്‍ട്ടില്‍ നല്‍കിയിരുന്നതായും മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തി.
പുള്‍കിതിന്റെ റിസോര്‍ട്ടിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മുന്‍ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ പോലീസിന് കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, അങ്കിതയുടെ മൃതദേഹത്തില്‍ ബലംപ്രയോഗിച്ചതിന്റെ ചില പാടുകളുണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ ഇതേക്കുറിച്ചൊന്നും പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
അതിനിടെ, ഏതാനുംവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റിസോര്‍ട്ടില്‍നിന്ന് മറ്റൊരു ജീവനക്കാരിയെ കാണാതായിട്ടുണ്ടെന്ന ആരോപണത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. റിസോര്‍ട്ടില്‍ നേരത്തെ ജോലിചെയ്തിരുന്ന ഈ യുവതി നിലവില്‍ മീററ്റിലുണ്ടെന്നും ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ ജോലിവിട്ടതെന്നും പോലീസ് പറഞ്ഞു. യുവതിയുമായി അന്വേഷണസംഘം ഫോണില്‍ സംസാരിച്ചതായും ഉത്തരാഖണ്ഡ് ഡി.ജി.പി. അശോക് കുമാര്‍ പ്രതികരിച്ചു.
 

Latest News