കണ്ണൂര്‍- വര്‍ഗീയ സംഘടനകളെ നിരോധിക്കുന്നെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെയല്ല, ആദ്യം ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിരോധിച്ചാല്‍ അവര്‍ മറ്റ് പേരുകളില്‍ അവതരിക്കും. കേരളത്തില്‍ എസ്ഡിപിഐ സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ നടന്നത് അക്രമ സമരങ്ങളായതിനാല്‍ ആ കേസുകളൊന്നും പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ സംസ്ഥാന പോലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളില്‍ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദല്‍ഹിയില്‍ റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട റെയ!്ഡ് നടന്നത്. ഡല്‍ഹിയില്‍ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഷഹീന്‍ ബാഗ്, നിസാമുദ്ദീന്‍, രോഹിണി, ജാമിയ തുടങ്ങിയിടങ്ങളിലാണ് പരിശോധനകള്‍ ഉണ്ടായത്. ഇവിടങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗം റൂട്ട് മാര്‍ച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
കര്‍ണാടകത്തില്‍ നിന്ന് 80 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്റുമാരടക്കം 45 പേരെ അറസ്റ്റ് ചെയ്തു. എന്‍ഐഎ റെയ്ഡിന് പിന്നാലെ സംഘടിത പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനിടെ, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പോലീസിന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.