ബംപറടിച്ച അനൂപിന് വിദേശികളുടെ വകയും ഉപദേശം, രഹസ്യമാക്കി വെക്കണ്ടേ...

തിരുവനന്തപുരം-  ഇരുപത്തഞ്ച് കോടിയുടെ ഓണം ബംപര്‍ ലോട്ടറിയടിച്ച അനൂപിന് വിദേശികളുടെ വകയും ഉപദേശങ്ങള്‍. ബംപര്‍ വിജയിയായതോടെ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ വെളിപ്പെടുത്തിയ അനൂപിന്റെ കഥ ബി.ബി.സി വെബ് സൈറ്റില്‍ ചേര്‍ത്തതിനു പിന്നാലെയാണ് വിദേശികളും തങ്ങളാല്‍ കഴിയുന്ന ഉപദേശങ്ങള്‍ നല്‍കുന്നത്.  സഹായം ആവശ്യപ്പെട്ട് വരുന്നവരെകൊണ്ട് കുഴങ്ങിയെന്നാണ് അനൂപ് വീഡിയോയില്‍ പറഞ്ഞിരുന്നത്.
വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തുകയാണ്. സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീടുകള്‍ മാറി മാറിയാണ് നില്‍ക്കുന്നത്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ് എന്നൊക്കെ അനൂപ് പറഞ്ഞിരുന്നു.
അസുഖമായ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാന്‍ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. രണ്ടു വര്‍ഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ജാക്ക്‌പോട്ട് വിന്നര്‍ ഫെഡ് അപ് വിത്ത് റിക്വസ്റ്റ് ഫോര്‍ ഹെല്‍പ് എന്ന തലക്കെട്ടിലാണ് ബി.ബി.സി അനൂപിന്റെ കഥ പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ ഒന്നാം സമ്മാനം കിട്ടണം എന്നില്ലായിരുന്നു. മൂന്നാം സമ്മാനം കിട്ടിയാല്‍ മതിയായിരുന്നെന്നും അനൂപ് പറയുന്ന വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബി.ബി.സി ഫേസ് ബുക്കില്‍ ചേര്‍ത്ത ലിങ്കിനുള്ള കമന്റിലാണ് വിദേശികളുടെ ഉപദേശം. സമ്മാനമടിച്ചത് രഹസ്യമാക്കി വെക്കണമായിരുന്നുവെന്നാണ് ഒരു കമന്റ്.
നല്‍കുന്നവര്‍ ഒരിക്കലും പരാജയപ്പെടില്ല, അവര്‍ എന്നും ഒന്നാമതായിരിക്കും' എന്നാണ് മറ്റൊരു ഉപദേശം. നല്ല ധന മാനേജ്‌മെന്റ് പഠിക്കൂ, അത് ഉപകരിക്കും എന്ന ഉപദേശവും വിദേശികള്‍ നല്‍കുന്നുണ്ട്.

ബി.ബി.സിയോടൊപ്പം ലോട്ടറിയടിച്ച കേരളക്കാരന് വീടുവിടേണ്ടിവന്നുവെന്ന തലക്കെട്ടില്‍ മറ്റു വിദേശ പത്രങ്ങളും അനൂപിന്റെ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

Latest News