Sorry, you need to enable JavaScript to visit this website.

രാജസ്ഥാൻ കോൺഗ്രസിലെ കലാപം; ഗെലോട്ട് മാപ്പു പറഞ്ഞു

ജയ്പൂർ- രാജസ്ഥാൻ കോൺഗ്രസിൽ കലാപം ഉയർത്തിയതിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഖേദം പ്രകടിപ്പിച്ചു. 90-ലധികം വരുന്ന വിശ്വസ്തരായ എം.എൽ.എമാരെയുമായി സമാന്തര നീക്കം നടത്തിയതിലാണ് ഖേദം പ്രകടിപ്പിച്ചത്. കോൺഗ്രസിനെ അപമാനിക്കുന്ന നീക്കമാണ് ഗെലോട്ട് നടത്തിയതെന്ന് ഗാന്ധി കുടുംബത്തിന്റെ പൊതുവികാരം. 
നിയമസഭാ കക്ഷി യോഗത്തിനായി ജയ്പൂരിലെത്തിയ കേന്ദ്ര നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെയോട് അശോക് ഗെലോട്ട് മാപ്പ് പറഞ്ഞതായാണ് സൂചന. എം.എൽ.എമാരുടെ സമാന്തര യോഗത്തെയും തുടർന്നുള്ള അവരുടെ കലാപത്തെയും ''അബദ്ധം'' എന്ന് വിളിച്ച ഗെലോട്ട് ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. തനിക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഗെലോട്ടിന്റെ സമ്മതമില്ലാതെ അത്തരമൊരു കലാപം ഉണ്ടാകില്ലായിരുന്നുവെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.
ഒക്ടോബർ 17ന് നടക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗെലോട്ട് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാജസ്ഥാൻ പ്രതിസന്ധിക്കിടെ മറ്റൊരു കോൺഗ്രസ് നേതാവ് കമൽനാഥ് സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. രാജസ്ഥാൻ പ്രതിസന്ധിയിൽ അദ്ദേഹം മധ്യസ്ഥത വഹിച്ചേക്കും. ഇന്നലെ, ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ കൂട്ട രാജി ഭീഷണി മുഴക്കി. ഗെലോട്ട് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, തന്റെ എതിരാളിയായ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് അവർ പാർട്ടി യോഗത്തിൽനിന്ന് വിട്ടുനിന്നു. അജയ് മാക്കൻ, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി സംസാരിക്കാൻ അവർ വിസമ്മതിച്ചു.

Tags

Latest News