കണ്ണൂര്‍-ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് വിമുക്തഭടന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. ശ്രീകണ്ഠപുരം ചേപ്പറമ്പിലെ കുഞ്ഞിപുതിയവീട്ടില്‍ നാഗരാജിന്റെ (66) അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
തെലങ്കാന ആര്‍.കെ പുരത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിലാണ് നാഗരാജിന്റെ എസ്.ബി അക്കൗണ്ട്. ബാങ്ക് സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ട് 'എനി ഡസ്‌ക്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചു.
അതിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മൂന്നിനും ഈ മാസം 23 വരെയുമുള്ള കാലയളവില്‍ 31 തവണ നാഗരാജിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. നാഗരാജിന്റെ പരാതിയില്‍ കേസെടുത്ത് ശ്രീകണ്ഠപുരം സി.ഐ. ഇ.പി സുരേശന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.