Sorry, you need to enable JavaScript to visit this website.

സ്വർണവിലയിൽ വൻ ചാഞ്ചാട്ടം 

കൊച്ചി  ആഭ്യന്തര - വിദേശ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. അനുകൂല കാലാവസ്ഥയിൽ റബർ ഉൽപാദനം ഉയർന്നതോടെ ടയർ ലോബി നിരക്ക് ഇടിക്കാൻ അണിയറ നീക്കം തുടങ്ങി. വിദേശ കുരുമുളക് വരവ് നാടൻ ചരക്കിന് ഭീഷണിയായി. ഉത്സവ ഡിമാൻറ് മുന്നിൽ കണ്ട് ഉത്തരേന്ത്യക്കാർ ഏലക്ക സംഭരണം ശക്തമാക്കി. കൊപ്രയുടെ വില തകർച്ച കണ്ട് തോട്ടങ്ങൾ നാളികേര വിളവെടുപ്പിൽ നിന്ന് വിട്ടു നിന്നു.  
  ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം ദൃശ്യമായി. കേരളത്തിൽ സ്വർണ വില പവന് 36,760 രൂപയിൽ നിന്നും 36,640 ലേയ്ക്ക് ഒരവസരത്തിൽ താഴ്ന്നങ്കിലും വെളളിയാഴ്ച്ച പവൻ 37,200 ലേയ്ക്ക് ശക്തമായ തിരിച്ചു വരവ് കാഴ്ച്ചവെച്ചു. എന്നാൽ ശനിയാഴ്ച്ച പവന് 400 രൂപ ഇടിഞ്ഞ് 36,800 രൂപയായി. ഗ്രാമിന് വില 4600 രൂപ. 
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1675 ഡോളറിൽ നിന്നും 1639.77 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യ ക്ലോസിങിൽ 1644 ഡോളറിലാണ്. ഒരു വർഷത്തെ ഉയർന്ന നിലവാരമായ 2070 ഡോളറിൽ നിന്ന് സ്വർണം ഇതിനകം 430 ഡോളറിൻറ്റ തിരുത്തൽ കാഴ്ച്ചവെച്ചു. വിപണിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ 1600 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടാൽ 1540 ഡോളർ വരെ തിരുത്തൽ തുടരാം. അനുകൂല വാർത്തകളിൽ മുന്നേറ്റാൻ ശ്രമിച്ചാൽ താൽക്കാലികമായി 1678 ഡോളറിൽ പ്രതിരോധമുണ്ട്. 
മഴ മാറി കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ റബർ ഉൽപാദനം പരമാവധി ഉയർത്താനുള്ള കഠിന ശ്രമത്തിലാണ് ഉൽപാദകർ. തടസമില്ലാതെ വെട്ട് മുന്നോട്ട് കൊണ്ടു പോകാനാവുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അതേ സമയം പകൽ താപനില ഉയർന്നതിനാൽ ചില ഭാഗങ്ങളിൽ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് കുറഞ്ഞതായും വിലയിരുത്തലുകളുണ്ട്. എതായാലും ജൂൺആഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം റബർ ഉൽപാദനം വർധിക്കുന്നത് കർഷക കുടുംബങ്ങൾക്ക് ആശ്വാസം പകരും.
ഇതിനിടയിൽ ടയർ കന്പനികൾ ആഭ്യന്തര മാർക്കറ്റിൽ നിന്ന് കൂടുതൽ റബ്ബർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റബർ ബോർഡ് വ്യത്തങ്ങൾ. റബർ പാൽ വിൽപ്പന കുറച്ച് ഷീറ്റ് ഉൽപാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവർ കർഷകരോട് ആഹ്വാനം ചെയ്തു. എന്നാൽ വ്യവസായികൾ വില എത്രമാത്രം ഉയർത്തുമെന്ന കാര്യം അവർ വ്യക്തമാക്കിയില്ല. 
  നാലാം ഗ്രേഡ് റബർ 14,900 രൂപയിൽ വിപണനം നടന്നു. അഞ്ചാം ഗ്രേഡ് 14,00014,500 രൂപയിലും ഒട്ടുപാൽ 9700 ലും ലാറ്റക്‌സ് 9000 രൂപയിലുമാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് വില വാരാവസാനം 12,652 രൂപയിലാണ്.
    പുജാ അവധി വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഉത്തരേന്ത്യൻ വ്യവസായികൾ ഇറക്കുമതി നടത്തിയ കുരുമുളക് താഴ്ന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ്. കേരളത്തിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മുളക് ലഭ്യമായതോടെ പലരും ഇറക്കുമതി ചരക്കിന് പുറകെ പോയത് കൊച്ചി വിപണിയെ തളർത്തി. പിന്നിട്ടവാരം ക്വിൻറ്റലിന് 400 രൂപ കുറഞ്ഞ് അൺ ഗാർബിൾഡ് 49,500 രൂപയായി. 
    അതേ സമയം ഒക്ടോബറിൽ ദീപാവലിക്ക് മുന്നോടയായി ഇറക്കുമതി ലോബി ആഭ്യന്തര വില ഉയർത്താനും ഇടയുണ്ട്. സ്റ്റോക്ക് മെച്ചപ്പെട്ട വിലയ്ക്ക് വിറ്റഴിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ അവസരത്തിൽ അന്തർസംസ്ഥാന വാങ്ങലുകാർ കൂടി രംഗത്ത് എത്തിയാൽ കുരുമുളക് വില ഉയരും.
   ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6400 ഡോളറാണ്, ബ്രസീൽ നിരക്ക് 3400 ഡോളറിൽ നിന്ന് 2750 ഡോളറാക്കി. ഇന്തോനേഷ്യ 3875 ഡോളറിനും വിയെറ്റ്‌നാം 33503600 ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
   നവരാത്രി വേളയിലെ ഡിമാൻറ് മുന്നിൽ കണ്ട് ഏലക്ക സംഭരണം പുരോഗമിക്കുന്നു. ഉത്തരേന്ത്യകാർ ലേല കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന അളവിൽ ചരക്ക് വാങ്ങിയതോടെ മികച്ചയിനങ്ങളുടെയും ശരാശരി ഇനങ്ങളുടെയും വില ഉയർന്നു. വാരാവസാനം മികച്ചയിനം ഏലക്ക കിലോ 1477 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1015 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും ശക്തമായ ഡിമാൻറ് നിലവിലുണ്ട്. 
   കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വെളിച്ചെണ്ണ വിൽപ്പന ഉയരാതെ വന്നതോടെ സ്റ്റോക്കുള്ള എണ്ണ താഴ്ന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ് പലരും. കാങ്കയത്തെ മില്ലുകാർ ഇത് മൂലം കൊപ്ര സംഭരണം നിയന്ത്രിച്ചത് ഉൽപാദന മേഖലയിൽ ആശങ്ക പരത്തുന്നു. കൊപ്ര വില 7500 യിലാണ് കാങ്കയത്ത്. ഇതോടെ നാളികേര മേഖല വിളവെടുപ്പ് കുറച്ച് പ്രതിസന്ധിയെ മറികടക്കാനുള്ള അവസാന അടവ് പ്രയോഗിക്കുകയാണ്. കൊച്ചിയിൽ കൊപ്ര 7800 രൂപയിലും വെളിച്ചെണ്ണ 13,300 രൂപയിലുമാണ്. 

Latest News