Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ഭവനകേന്ദ്രീകൃത ബിസിനസ് സാധ്യതകൾ

കോവിഡ് പോലുള്ള മഹാവ്യാധികൾ ധാരാളം കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തി പോയിട്ടുണ്ടെങ്കിലും ഒരു പരിധിവരെ ലോകക്രമത്തെ ഒന്ന് പിടിച്ചു നിർത്താനും അതുപോലെ ജീവിത വ്യവഹാരങ്ങളെ മറ്റു പല രീതിയിലും കൈകാര്യം ചെയ്യാനും കാര്യങ്ങൾ കൂടുതൽ പ്രാപ്തിയോടെ ചെയ്യാനും മനുഷ്യനെ പഠിപ്പിക്കുകയും ചെയ്തുവെന്ന് വേണമെങ്കിൽ നമുക്ക്  പറയാം.

ഈ കുറിപ്പ് തയ്യാറാക്കാൻ പ്രധാന കാരണം പല പ്രവാസികളും നാട്ടിൽ വരുമ്പോൾ അവരുടെ ജോലിയുമായുള്ള പൊരുത്തപ്പെടലിന് വളരെ താമസം നേരിടുകയും പലപ്പോഴും പല ആളുകളും മാനസിക സമ്മർദ്ദത്തിൽ ആവുന്നതായും കാണാൻ കഴിയുന്നു. രണ്ടു രൂപത്തിൽ പ്രവാസികൾക്ക് ജോലിക്ക് തടസ്സം നേരിടാറുണ്ട്. ഒന്നാമതായി വിദേശ ജോലിയുടെ ഒരു വലിയ ശമ്പള നിലവാരം ഒരു പക്ഷേ തുടക്കത്തിൽ നാട്ടിൽ ഉണ്ടാവണമെന്നില്ല. അതുപോലെ പല ആളുകളും കുറച്ച് പ്രായമുള്ളവരാണെങ്കിൽ അതും പുതുതായി ഒരു ജോലി നേടുന്നതിന് ചെറിയ രൂപത്തിലെങ്കിലും പ്രശ്‌നങ്ങളായി പലയാളുകളും പറയുന്നു. പക്ഷേ നമ്മുടെ രാജ്യവും പ്രത്യേകിച്ചും കേരളം സാങ്കേതികമായി വളരെ മുന്നേറുമ്പോൾ ഇന്ന് ഏറ്റവും ഉചിതം ഒരു സംരംഭകനായി മാറുക എന്നതാണ്. ഒരു സംരംഭകനാകാൻ ധാരാളം പണം വേണം എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ സത്യസന്ധമായി കാര്യങ്ങളിലേക്ക് കടക്കുമ്പോൾ എത്ര കുറഞ്ഞ മുതൽമുടക്കിലും നമുക്ക് പല സംരംഭവും തുടങ്ങാനും ഘട്ടം ഘട്ടമായി അത്്് വിജയിപ്പിച്ചെടുക്കാനും കഴിയും.

കോവിഡിന് ശേഷം ഇന്ത്യയിലെ മുൻകിട കമ്പനികളിൽ പലതും അവരുടെ ബിസിനസ് ആവശ്യാർത്ഥമുള്ള ഓഫീസുകൾ പലതും അടച്ചുപൂട്ടി ജോലിക്കാരോട്  കഴിഞ്ഞ ഏതാനും വർഷമായി വീട്ടിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യാനും അതിനുള്ള സംവിധാനമൊരുക്കുകയും ചെയ്തു മുന്നോട്ട് പോവുന്നു. പ്രവാസികളെ സംബന്ധിച്ച് ഇതൊരു നല്ല മാതൃകയാണ് എന്ന് മാത്രമല്ല ഗൃഹകേന്ദ്രീകൃതമായ ഒരു സംരംഭം തുടങ്ങാൻ പദ്ധതി തയ്യാറാക്കി അതുമായി മുന്നോട്ടു പോവുകയും കൂടുതൽ മാർക്കറ്റ് നേടിയെടുക്കാവുന്ന ഉൽപന്ന വിതരണ ശൃംഖല നേടിയെടുക്കുക എന്നതാണ്. പല ആളുകളും സമീപിക്കുമ്പോൾ അവർ ആശയമില്ലാതെ വലിയ ബജറ്റ് കേന്ദ്രീകൃതമായ പദ്ധതികളാണ് പറയുന്നത്. വലിയ പദ്ധതികൾ തുടങ്ങി സാധ്യത നോക്കുന്നതിനേക്കാൾ ഏറ്റവും എളുപ്പവും സുരക്ഷിതവും ചെറിയ സംരംഭം തുടങ്ങി രണ്ടോ മൂന്നോ വർഷം കൊണ്ട് നിങ്ങൾ വിചാരിച്ച രൂപത്തിലേക്കുള്ള ഒരു നല്ല വളർച്ച പ്ലാൻ ചെയ്യുക എന്നതാണ്. കേരളത്തിൽ വളരെ അധികം പച്ച പിടിച്ച മേഖലയാണ് സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ. അതെല്ലാം ഇന്ന് കേരളത്തിലെ വൻകിട ബിസിനസ്  ഗ്രൂപ്പുകൾക്ക് വേണ്ടി സാധന സാമഗ്രികൾ നിർമ്മിക്കുന്ന ഏജൻസികളായി മാറ്റപ്പെടുകയും പല സ്ഥാപനങ്ങളും ഗവൺമെന്റിന്റെ തന്നെ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പുതിയ മേഖലയിൽ ഒരു ബിസിനസ് തുടങ്ങുമ്പോൾ അതാത്്് രംഗത്തെ ഉപഭോക്തൃ മേഖലയെക്കുറിച്ചും അവരുടെ ആവശ്യകത നിറവേറ്റാൻ സംവിധാനമുണ്ടോ എന്നുകൂടി പഠിച്ചുവേണം മുന്നിട്ടിറങ്ങാൻ. മറിച്ചാണെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന മാർക്കറ്റ് ഇടിയുകയും അതിൽ നിന്നും ആർക്കും ഒന്നും നേടാനും പിടിച്ചു നിൽക്കാനും കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. മാർക്കറ്റിനെ നമ്മൾ വളരെ സൂക്ഷ്മതയോടെ കാണുകയും അവസരങ്ങൾ ഒരിക്കലും തകർക്കാത്ത രൂപത്തിൽ ഇതര ആവശ്യപൂർത്തീകരണ മാർഗങ്ങൾ കണ്ടെത്തി സംരംഭം തുടങ്ങാൻ ശ്രമിക്കുകയും വേണം.

കേരളത്തിൽ ഇന്ന് സ്റ്റാർട്ടപ്പ് എന്നൊരു ആശയം തേടിയാണ് എല്ലാ യുവാക്കളും നടക്കുന്നത്. സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ നിങ്ങൾ വെറും ആയിരം രൂപ കൊണ്ട് തുടങ്ങി ഘട്ടം ഘട്ടമായി വിജയിപ്പിച്ചെടുക്കുന്ന ഏതൊരു പദ്ധതിയും മഹത്തരമാണ്. ഇന്ന് മാർക്കറ്റിൽ ബജറ്റ് കേന്ദ്രീകൃത വലിയ  പദ്ധതികൾക്കൊന്നും ആരും ശ്രമം നടത്തുന്നില്ല, മറിച്ച് ഏറ്റവും സാധ്യതയുള്ള എന്നും ബിസിനസ്്് നിലനിർത്താൻ കഴിയുന്ന ഒരു മേഖല സ്വയം പരിശ്രമത്താൽ കണ്ടെത്തുക. നടപ്പിലാക്കി വിജയിപ്പിക്കുക. നിങ്ങളുടെ മനസ്സിൽ ഒരു ആശയം ഉണ്ടെങ്കിൽ അതിൻറെ അടിവേര് വരെ നിങ്ങൾക്ക് ചിന്തിക്കാനും ലക്ഷ്യ ബോധത്തോടെ അതിനെ നേരിട്ട് വിജയിപ്പിച്ചെടുക്കാനും നിങ്ങള്ക്ക് കഴിയും. കൃത്യമായ ആ ഒരു ലക്ഷ്യത്തോടെയുള്ള മുന്നേറ്റത്തിനാണ് ഇന്ന് പ്രവാസികൾ നാട്ടിൽ ശ്രമങ്ങൾ നടത്തേണ്ടത്. ഉള്ള ക്യാഷ് നന്നായി ജീവിക്കുന്നതിനുവേണ്ടി ചെലവാക്കുന്ന ഒരു സംസ്‌കാരമാണ് ഇന്ന് നമ്മുടെ ജനങളുടെ രീതി. മാർക്കറ്റിൽ അത്യാവശ്യം സാമ്പത്തിക രംഗം നന്നായി മുന്നോട്ട് പോവുന്നുണ്ട്. ഇന്ന് ജനങ്ങൾക്ക് മറ്റാരും നൽകാത്ത ഒരു ഉൽപന്നം അല്ലെങ്കിൽ സേവനം നല്കാൻ പ്രവാസികൾക്ക് കഴിഞ്ഞാൽ നിങ്ങള്ക്ക് സ്വയം ഒരു സംരംഭകൻ ആവാനും കഴിയുന്നപോലെ മറ്റുള്ളവർക്ക് തൊഴിൽ കൊടുക്കാനും കഴിയും.  പ്രവാസത്തിലൂടെ നേടിയ വലിയ ലോകപരിചയവും ഭാഷാപ്രാവീണ്യവും കൃത്യനിഷ്ഠയും എല്ലാം  പ്രവാസിയുടെ വിലമതിക്കാനാവാത്ത മൂല്യങ്ങളാണ്. ഇനി കേരളത്തിനാവശ്യം കൂടുതൽ പ്രവാസി സംരംഭങ്ങളാണ്. ഇന്ത്യയിലെ കൂടിയ ജനസംഖ്യയെന്നത് നമ്മൾക്ക് വളരാനും മുന്നോട്ട് കുതിക്കാനും ഏറ്റവും നല്ല അവസരമാണ്. പ്രവാസികൾ തുടങ്ങുന്ന എല്ലാ സംരംഭക ശ്രമങ്ങൾക്കും ഗവണ്മെന്റ് നല്ല രൂപത്തിലുള്ള പരിഗണന കൊടുക്കുകയും അവരെ കൂടുതൽ പ്രോത്സാഹന ശ്രമങ്ങളിലൂടെ കേരളത്തിലെ സുരക്ഷിത നിക്ഷേപകരായി അവരെ മാറ്റിയെടുക്കാൻ മുന്നോട്ടു കൊണ്ടുവരികയും വേണം.


(ഇക്വിറ്റി ഇന്ത്യ ആന്റ് റിസർച്ചിൽ ഇൻവെസ്റ്റ്‌മെന്റ് ആന്റ് സ്്ട്രാറ്റജി കൾസൾട്ടന്റാണ് ലേഖകൻ. ബന്ധപ്പെടാവുന്ന നമ്പർ:  0091 8547484769 / 0091 7902240332)

Latest News