Sorry, you need to enable JavaScript to visit this website.

ഡോളറിനു മുമ്പിൽ രൂപയ്ക്ക് കനത്ത ഇടിവ് 

ഇന്ത്യൻ നാണയ ചരിത്രത്തിൽ ആദ്യമായി ഡോളറിന് മുന്നിൽ രൂപ 81.23 ലേയ്ക്ക് ഇടിഞ്ഞു. സാമ്പത്തിക വ്യവസായിക മേഖലകൾ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന സൂചനയാണ് ഫോറെക്‌സ് മാർക്കറ്റ് നൽക്കുന്നത്. സെൻസെക്‌സ് 668 പോയിൻറ്റും നിഫ്റ്റി സൂചിക 203 പോയിൻറ്റും പ്രതിവാര നഷ്ടത്തിലാണ്. 
അമേരിക്ക പലിശ നിരക്കിൽ വരുത്തിയ ഭേദഗതി ആഗോള ഓഹരി നിക്ഷേപകരെ മുൾമുനയിലാക്കി. ഫെഡ് റിസർവ് പലിശയിൽ 75 ബേസീസ് പോയിൻറ്റ് ഉയർത്തിയത് യു എസ് മാർക്കറ്റിനെ മാത്രമല്ല, ഏഷ്യൻയുറോപ്യൻ വിപണികളെയും പിടിച്ച് ഉലച്ചു. 2022 ൽ ഇതിനകം അവർ മുന്ന് തവണ പലിശ ഉയർത്തി, വരുന്ന മൂന്ന് മാസങ്ങളിലായി 125 ബേസീസ് പോയിൻറ് കൂടി ഉയർത്താൻ ഇടയുണ്ട്. 
ജൂലൈയിൽ രൂപ 79 ൽ നിലകൊണ്ട അവസരത്തില ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് മൂല്യം 81 ലേയ്ക്കും വർഷാന്ത്യത്തിന് മുന്നേ 82 ലേയ്ക്കും ഇടിയുമെന്ന്. നിലവിലെ സ്ഥിതിയിൽ സാമ്പത്തിക വർഷാന്ത്യത്തിന് മുന്നേ രൂപ 83 ലേയ്ക്കും തകരാം. വെളളിയാഴ്ച്ച രൂപ 81.23 ലാണ് രൂപ. ഈ വാരം ആർ. ബി. ഐ വായ്പാ അവലോകനത്തിന് ഒത്ത്‌ചേരും. പലിശ ഉയർത്തിയാൽ ഓഹരി സൂചിക വീണ്ടും ഇടിയും ഒപ്പം രൂപയുടെ മൂല്യവും.  
  അതേ സമയം രൂപയ്ക്ക് പിന്നിട്ട ഒൻപത് മാസത്തിൽ കാര്യമായ പരിക്ക് സംഭവിച്ചില്ലെന്ന്  ധനമന്ത്രി. ജനുവരി, സെപ്റ്റംബറിൽ രൂപയുടെ മൂല്യം 8.5 ശതമാനം ഇടിഞ്ഞു. മലേഷ്യൻ റിങ്കിറ്റിന് 9.6 ശതമാനവും ദക്ഷിണകൊറിയൻ വിൺ 18.2 ശതമാനവും ബംഗളാദേശ് ടാക്കയുടെ മൂല്യം ഡോളറിന് മുന്നിൽ 20.3 ശതമാനവും ഇടിഞ്ഞു.  
  നിഫ്റ്റി സൂചിക 17,530 ൽ നിന്നും നേട്ടത്തിലായിരുന്നു വാരാരംഭത്തിൽ. മുൻവാരം സൂചിപ്പിച്ച 17,918 ലെ ആദ്യ പ്രതിരോധ മേഖലയ്ക്ക് സൂചിക അടുത്തവേളയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദം മൂലം നിഫ്റ്റിക്ക് 17,902 വരെ ഉയരാനായുള്ളു. ഇതോടെ വിൽപ്പന സമ്മർദ്ദത്തിൽ 600 ഓളം പോയിൻറ് ഇടിഞ്ഞ് 17,319 ലെ ആദ്യ സപ്പോർട്ട് തകർത്ത് 17,291 വരെ താഴ്ന്ന ശേഷം വ്യാപാരാന്ത്യം 17,327 പോയിൻറ്റിലാണ്.
    ഈവാരം 17,111 ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 16,895 ലേയ്ക്കും ഒക്ടോബറിൽ 16,284 റേഞ്ചിലേയ്ക്കും സൂചിക സഞ്ചരിക്കാം, വിപണിയുടെ പ്രതിരോധം 17,722 പോയിൻറ്റിലാണ്. ഇന്ന് ഓപ്പണിങിൽ തന്നെ നിഫ്റ്റി ഏകദേശം നൂറ് പോയിൻറ് ഇടിഞ്ഞ് 17,200 റേഞ്ചിൽ സഞ്ചരിക്കാം.    നിഫ്റ്റി ചാർട്ട് സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെൻറ്, പാരാബോളിക്ക് എസ് എ ആർ സെല്ലിങ് മൂഡിലാണ്. 
      ബോംബെ സെൻസെക്‌സ് 58,766 ൽ നിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച 60,065 ലെ പ്രതിരോധം തകർത്ത് 60,079 വരെ കയറി. ഈ അവസരത്തിൽ വിദേശ ഫണ്ടുകൾ സൃഷ്ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ വിപണി 57,981 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 58,098 പോയിൻറ്റിലാണ്. ഈ വാരം 57,359 ലെ ആദ്യ സപ്പോർട്ട് നിലനിർത്തിയാൽ 59,45760,817 റേഞ്ചിലേയ്ക്ക് വൈകാതെ ഉയരാനാവും. എന്നാൽ വിൽപ്പന സമ്മർദ്ദം ശക്തമായാൽ തിരുത്തൽ 56,621 പോയിൻറ്റിലേയ്ക്ക് നീളാം. 
  മുൻ നിര ഓഹരികളായ ആർ ഐ എൽ, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ക്വാട്ടക്ക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, ടാറ്റാ സ്റ്റീൽ, എയർടെൽ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നു.
   വിദേശ ഫണ്ടുകൾ 1508 കോടി രൂപയുടെ നിക്ഷേപവും 5871 കോടി രൂപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 95 കോടിയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 1233 കോടി രൂപ നിക്ഷേപിച്ചു. 
  ക്രൂഡ് ഓയിൻറ്റ തളർച്ച തുടരുന്നു. വാരാന്ത്യം എണ്ണ വില 78.15 ഡോളറായി ബാരലിന് താഴ്ന്നു. റഷ്യഉക്രൈയിൽ സംഘർഷാവസ്ഥയുടെ തുടക്കത്തിൽ എണ്ണ വില 130 ഡോളറിലേയ്ക്ക് ഉയർന്നിരുന്നു. 
സ്വർണ വില ട്രോയ് ഔൺസിന് 1675 ഡോളറിൽ നിന്നും 1639.77 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1644 ഡോളറിലാണ്. ഒരു വർഷത്തെ ഉയർന്ന നിലവാരമായ 2070 ഡോളറിൽ നിന്ന് വിപണി ഇതിനകം 430 ഡോളർ താഴ്ന്നു. സാങ്കേതികമായി 1600 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണം 1540 ഡോളറിലേയ്ക്ക് നീങ്ങാം. മുന്നേറ്റത്തിന് ശ്രമിച്ചാൽ നിലവിൽ 1678 ഡോളറിൽ പ്രതിരോധമുണ്ട്. 

Latest News