കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്ന് പരാതി, സ്വകാര്യ ഭാഗങ്ങളില്‍ മുളക് സ്‌പ്രേ അടിച്ചു

തിരുവനന്തപുരം- റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം എടുത്തുമാറ്റാന്‍ സഹായിച്ച ആളെ പോലീസുകാര്‍ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. കൊട്ടാരക്കര ആനക്കൊട്ടൂര്‍ സ്വദേശിയായ സുബീഷാണ് കൊട്ടാരക്കര പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചതായും കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നത്.  മൂന്നുദിവസം കൊട്ടാരക്കര സ്‌റ്റേഷനില്‍ കുടിവെള്ളംപോലും നല്‍കാതെ പോലീസ് മര്‍ദിച്ചെന്നും എസ്.ഐയും സി.ഐയും കൈയില്‍ വിലങ്ങിട്ട ശേഷം ക്രൂരമായി മര്‍ദിച്ചെന്നും സ്വകാര്യഭാഗങ്ങളിലടക്കം മുളക് സ്‌പ്രേ അടിച്ചെന്നുമാണ് സുബീഷ് പറയുന്നു.

അതേസമയം, സുബീഷിന്റെ ആരോപണം കള്ളമാണെന്നും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായ ആളാണെന്നും കൊലക്കേസില്‍ ഇയാള്‍ സംശയനിഴലിലാണെന്നും കൊട്ടാരക്കര പോലീസ് പറഞ്ഞു. റെയില്‍വേപാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ കുത്തേറ്റാണ് മരിച്ചത്. സംഭവദിവസം ഈ സ്ഥലത്തിന് 90 മീറ്റര്‍ സമീപത്തിരുന്ന് സുബീഷ് അടക്കം നാലുപേര്‍ മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ടയാളും ഇവരും തമ്മില്‍ എന്തോ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് മനസിലാക്കുന്നത്.

കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് നാട്ടിലെ റെയില്‍വേ പാളത്തില്‍ ആരോ മരിച്ചുകിടക്കുന്നുവെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് സുബീഷ് അവിടെ എത്തുന്നത്. സഹായിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദിവസങ്ങളോളം സ്‌റ്റേഷനില്‍ കയറ്റി ഇറക്കുക, കൊലപാതക കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദിക്കുക, അനധികൃതമായി കസ്റ്റഡിയില്‍ വെയ്ക്കുക തുടങ്ങി പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ യുവാവ് ഉന്നയിക്കുന്നത്.

 

Latest News