Sorry, you need to enable JavaScript to visit this website.

കോൺഗ്രസിനെ നെഞ്ച് വിരിച്ചു നിന്ന് കാത്ത നേതാവ് 

ജന്മസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ  നേതാവാകാനുള്ള കഴിവ്.  1950 കാലത്ത്  മലപ്പുറത്ത്  കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞു തുടങ്ങിയ ആര്യാടൻ ജീവിതത്തിലുടനീളം പാർട്ടിക്കായി നില കൊണ്ടു.   ട്രേഡ് യൂണിയൻ പ്രവർത്തനമായിരുന്നു ആദ്യ തട്ടകം. മുഖ്യ എതിരാളികളായ കമ്യൂണിസ്റ്റുകാരെ നേരിടാൻ ട്രേഡ് യൂണിയൻ പാരമ്പര്യം  കുറച്ചൊന്നുമായിരിക്കില്ല  സഹായിച്ചിട്ടുണ്ടാവുക.  

മലപ്പുറം ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചു വിരിച്ചു നിന്ന് കാത്ത നേതാവായിരുന്നു ഇന്നലെ അന്തരിച്ച ആര്യാടൻ മുഹമ്മദ് - ജനകീയത എന്താണെന്ന് ജീവിച്ചു കാണിച്ച വ്യക്തി. എം.എൽ.എ ഹോസ്റ്റലിൽ ആര്യാടന് സ്വന്തമായി ഉണ്ടായിരുന്നത് അദ്ദേഹം ഇരിക്കുന്ന ചാരുകസേര മാത്രമാണെന്ന് തോന്നിയിട്ടുണ്ട്. ബാക്കി ഭാഗമൊക്കെ അനുയായികൾ കൈയ്യടക്കിയിട്ടുണ്ടാകും. നിലമ്പൂരിലെ വീടും അങ്ങിനെയായിരുന്നുവെന്ന് മരണാനന്തരമുള്ള വാർത്തകളിൽ നിറയുന്നു. എല്ലാം ജനങ്ങൾക്ക് വിട്ടു കൊടുക്കുന്ന ഈ രീതി ഉമ്മൻ ചാണ്ടി ആര്യാടനിൽ നിന്ന് സ്വീകരിച്ചതാണോ എന്നറിയില്ല. ചീഫ് സെക്രട്ടറി മുതൽ സെക് ഷൻ ഗുമസ്ഥൻ വരെ ആരെയും അദ്ദേഹം നേരിട്ട് ഫോൺ ചെയ്ത് ജനങ്ങളുടെ ആവശ്യങ്ങൾ പറയുമായിരുന്നു. ഹലോ , ഇത് ആര്യാടനാണ് എന്ന് പറഞ്ഞുള്ള ആ വിളികളധികവും ആ വശ്യവുമായി ചെല്ലുന്ന  ജനങ്ങളുടെ മുന്നിൽ വെച്ചായിരുന്നു. ആര്യാടൻ  പറഞ്ഞാൽ കേൾക്കാത്ത ഏതെങ്കിലും ഉദ്യോഗസ്ഥനുണ്ടാകുമെന്ന് തോന്നുന്നില്ല.  അത്രക്ക് ആജ്ഞാ ശക്തിയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ജനങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന ഒന്നോ രണ്ടോ സ്റ്റാഫും എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓർക്കുന്നു. അത്തരത്തിലൊരാളായിരുന്നു അടുത്ത കാലത്ത് സൗദി അറേബ്യയിലെ സന്ദർശനത്തിനടക്ക് മക്കളുടെ വീട്ടിൽ മരിച്ച കേശവൻ.  
 
മലപ്പുറം ജില്ലയിൽ  കോൺഗ്രസ് പ്രസ്ഥാനത്തെ തകരാതെ നിലനിർത്തിയ ശക്തിയായിരുന്നു ആര്യാടൻ.   നിലമ്പൂരുകാർക്ക്  അദ്ദേഹം കുഞ്ഞാക്കയായിരുന്നു.  ഏത് അസമയത്തും ആര്യാടൻ മുഹമ്മദിന്റെ വീടിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടു.  ആര്യാടൻ ഇങ്ങിനെയായിരുന്നില്ലെങ്കിൽ മലപ്പുറം ജില്ല കമ്യൂണിസ്റ്റ് കോട്ടയായി മാറുമായിരുന്നു.  അത്ര കണ്ട് ശ്രദ്ധയോടെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ നല്ല കാലത്ത് മലപ്പുറത്ത് പ്രവർത്തിച്ചതെന്ന് പഴയ തല മുറ കമ്യൂണിസ്റ്റുകാരിൽ നിന്ന് കേട്ടിട്ടുണ്ട്. പിന്നീട് ഇടതു മുന്നണി കൺവീനറൊക്കെയായ പി.വി .കുഞ്ഞിക്കണ്ണൻ ഈ വിധത്തിൽ മലപ്പുറത്ത് നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു. മലപ്പുറത്ത് ഒരു പ്രദേശത്ത്  ഇസ് ലാമിക പ്രഭാഷണം നടന്നാൽ അടുത്ത ദിവസം കുഞ്ഞിക്കണ്ണന്റെ വക മറുപടി പ്രസംഗമുണ്ടാകുമായിരുന്നുവെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല.  ഇപ്രകാരം ഓരോ ഇഞ്ചും ശ്രദ്ധിച്ചു പ്രവർത്തിച്ച കമ്യൂണിസ്റ്റ്  പാർട്ടികളുടെ ആധിപത്യത്തിലേക്ക് അതിവേഗം വഴുതി പോകാനിടയുണ്ടായിരുന്ന നാടിനെ തന്റെ ഉറച്ച നിലപാടുകൾ വഴി ആര്യാടൻ ഒരു പരിധിവരെ തടഞ്ഞു നിർത്തി.   കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വലിയ  വേരിറക്കമുള്ള നാടാണ്  നിലമ്പൂർ.  ആ നാടിന്റെ സർവ ചലനങ്ങളിലും ഇക്കാര്യം കാണാനാവും.  ആദ്യകാല കമ്യണിസ്റ്റ് കാരനായ ഡോ. എം. ഉസ്മാനെ പോലുള്ളവരുടെ മാറ്റവും,  പ്രവർത്തനങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ മറ്റൊരു വഴിക്ക് ആര്യാടനും സംഘവും പോരാടി നിന്നു. കോൺഗ്രസിനായി ഇത്രയധികം ത്യാഗം സഹിച്ച നേതാക്കൾ കുറയും.  കെ.   കുഞ്ഞാലിയെന്ന ശക്തനായ വ്യക്തി നിലമ്പൂരിനെയാകെ തനിക്കൊപ്പവും പാർട്ടിക്കൊപ്പവും അണി നിരത്തി മുന്നേറുന്ന കാലത്താണ്  എതിർ ശക്തിയായി  ആര്യാടൻ മുഹമ്മദ് രംഗപ്രവേശം ചെയ്യുന്നത്. 
ജന്മസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ  നേതാവാകാനുള്ള കഴിവ്.  1950 കാലത്ത്  മലപ്പുറത്ത്  കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞു തുടങ്ങിയ ആര്യാടൻ ജീവിതത്തിലുടനീളം പാർട്ടിക്കായി നില കൊണ്ടു.   ട്രേഡ് യൂണിയൻ പ്രവർത്തന മായിരുന്നു ആദ്യ തട്ടകം. മുഖ്യ എതിരാളികളായ കമ്യൂണിസ്റ്റുകാരെ നേരിടാൻ ട്രേഡ് യൂണിയൻ പാരമ്പര്യം  കുറച്ചൊന്നുമായിരിക്കില്ല  സഹായിച്ചിട്ടുണ്ടാവുക.  1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്.  1960ൽ കോഴിക്കോട് ഡി.സി.സി. സെക്രട്ടറിയായതോടെ വടക്കൻ പ്രദേശത്തെയാകെ കോൺഗ്രസിന്റെ ഭാഗമാകാൻ ആര്യാടന് സാധിച്ചു.  1962 ൽ വണ്ടൂരിൽ നിന്ന് കെ.പി.സി.സി. അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ കോൺഗ്രസിന്റെ കേരള നേതൃത്തിലും ആര്യാടൻ തന്റെ സാന്നിധ്യം അറിയിച്ചു.  1969ൽ മലപ്പുറം ജില്ല വന്നപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത  ഡി.സി.സി. പ്രസിഡൻറ്  പദവിയിലേക്ക് അദ്ദേഹം എത്തി. 1978മുതൽകെ.പി.സി.സി .സെക്രട്ടറി.  എല്ലാറ്റിനും ആര്യാടൻ ടച്ച് നില നിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പത്ര സമ്മേളനങ്ങൾ അറിയിക്കുന്നതിൽ പോലും ആദ്യകാലത്ത് ആ ശൈലി  ഒരു തലമുറ പത്രക്കാർ കേട്ടു.  പത്രക്കാരെ നേരിട്ട് വിളിച്ച് മോനെ ഇത് ആര്യാടനാണ് എന്ന് പറഞ്ഞുള്ള ക്ഷണം. 
  1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ച ആര്യാടനെ തോൽപ്പിക്കാനുള്ള കരുത്ത് അന്ന്  കെ. കുഞ്ഞാലിക്കും കുഞ്ഞാലിയുടെ പാർട്ടിക്കും ഉണ്ടായിരുന്നു.   1977ലാണ്  ആര്യാടൻ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയസഭയിലെത്തുന്നത്. കോൺഗ്ര സ് എ. ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയ  1980ൽ നായനാർ മന്ത്രിസഭയിൽ അംഗമായതും ആര്യാടൻ എന്ന വ്യക്തിത്വത്തിന്റെ സവിശേഷത.  എം.എൽ.എ അല്ലാതെയായിരുന്നു അന്ന് ആര്യാടൻ മന്ത്രിയായത്-   വനം-തൊഴിൽ വകുപ്പുകളുടെ മന്ത്രി.  സി. ഹരിദാസ്  എന്ന കറകളഞ്ഞ കോൺ ഗ്രസുകാരൻ നിലമ്പൂരിൽ എം.എൽ.എ സ്ഥാനം രാജിവെച്ച്  ആര്യാടന് അവസരമൊരുക്കി. കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ അധികനമൊന്നുമില്ലാത്ത അനുഭവം. അന്ന് എതിർ സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.  1982 ൽ ടി. കെ. ഹംസയോട് തോറ്റു.    1987 മുതൽ 2011 വരെ പക്ഷെ തോൽവി എന്തെന്നറിഞ്ഞില്ല.   1995 ആന്റണി മന്ത്രിസഭയിലും 2004, 2005 ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗം.  ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്്തു.  80ൽ  തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി ചരിത്ര ം സൃഷ്ട്ട്ടിച്ചതും കർമ്മം കൊണ്ട് എതിരാളികൾക്ക് നൽകിയ വലിയ മറുപടിതന്നെ.      
1969 ൽ ജൂലൈ 26ന് നിലമ്പൂരിലെ എസ്റ്റേറ്റിൽ വെച്ച് കെ.കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടത് ആര്യാടന്റെ ജീവിതത്തിലെ കടുത്ത പരീക്ഷണ ഘട്ടമായി.  ആര്യാടൻ മുഹമ്മദിലേക്ക് സംശയം നീണ്ടു.   ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടൻ പ്രതിയായി കേസ്് നിലവിൽ വന്നു.  

ചുള്ളിയോട്ടെ പാർട്ടി ഓഫീസിന് മുന്നിൽ വച്ച് വെടിയേറ്റ കുഞ്ഞാലി, നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയിരുന്നുവെന്നാണ് ചരിത്രം.  ഈ പറഞ്ഞ  മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു  കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കോൺഗ്രസ് ഓഫീസിൽ നിന്ന്  ആര്യാടനെയും  23 പേരെയും പോലീസ് പിടികൂടുകയും ചെയ്തു.    കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴി ആര്യാടന് പിടിവള്ളിയായി.  തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ആര്യാടനെ പിന്നീട് വെറുതെ വിട്ടത് അദ്ദേഹത്തിന്റെ രാഷ്ടീയ മുന്നേറ്റത്തിൽ വഴി തിരിവായി.   സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതിയായ  ആര്യാടൻ 1980ൽ നായനാർ മന്ത്രിസഭയിൽ അംഗമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ കൊണ്ട് തന്നെ അതൊക്ക ഈ വിധം തിരുത്തിക്കാൻ കഴിഞ്ഞതിന്റെ കാരണം മറ്റൊന്നുമല്ല ആര്യാടനിലെ രാഷ്്ട്രീയ പ്രതിഭ തന്നെ.
നിയമ സഭയിലും പുറത്തും ആര്യാടനോട്  രാഷ്ട്രീയം പറഞ്ഞ് ജയിക്കുക അസാധ്യമായിരുന്നു. അത്രക്ക് കണിശമായിരുന്നു നിലപാടുകൾ. നിയമ നിർമ്മാണ രംഗത്തും ചർച്ചകളിലും കേരളത്തിലെ ഒന്നാം നിരക്കാരനായിരുന്നു അദ്ദേഹം. നിയമ പുസ്തകങ്ങളൊക്കെ സീറ്റിന് മുന്നിൽ നിരത്തി  ഷർട്ടിന്റെ കോളറൊന്ന് പിന്നിലേക്ക് മാറ്റി അദ്ദേഹം പറഞ്ഞു പോകുന്ന രംഗം കാണേണ്ടതു തന്നെയായിരുന്നു. സ്വന്തം പ്രതിഭ കൊണ്ട് മാത്രം ഊതിക്കാച്ചിയെടുത്ത കഴിവ്.
  
മുസ്‌ലിം ലീഗുമായുള്ള  ആര്യാടന്റെ പോര്  പ്രസിദ്ധമാണ്. മലപ്പുറത്തെയും കേരളത്തിലെയും കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ ലീഗുമായുള്ള ആര്യാടന്റെ പോരാട്ട രംഗം കാണുകയും കേൾക്കുകയും ചെയ്യുന്നവർക്ക് തോന്നും ഇതോടെ എല്ലാം തീർന്നുവെന്ന്.  ലീഗിന്റെ  വളർച്ച കോൺഗ്രസിന് രാഷ്ട്രീയമായി നല്ലതല്ലെന്ന് മനസിലാക്കിയ ആര്യാടൻ തന്റെ പോരാട്ടം തുടർന്നു കൊണ്ടെയിരുന്നതിന് പിന്നിലും വലിയ രാഷ്ട്രീയമുണ്ടായിരുന്നു.  പല വിഷയങ്ങളിലും   ലീഗും ആര്യാടനും ഏറ്റുമുട്ടികൊണ്ടേയിരുന്നു.  പക്ഷെ സഖ്യ കക്ഷിയായ കാലത്തെ ഒരു തിരഞ്ഞെടുപ്പിലും  ആര്യാടനെ ലീഗോ, ലീഗ് ആര്യാടനെയോ കൈവിട്ടില്ല. എട്ടു തവണയിൽ അധികവും ആര്യാടൻ  നിയമ സഭയിലേക്ക് ജയിച്ചത് ലീഗിന്റെ യും പിന്തുണയിലായിരുന്നു. ആര്യാടൻ മത്സരിക്കാതായതോടെ നിലമ്പൂർ യു.ഡി.എഫിനെ കൈവിട്ടതും സമകാല ചരിത്രം.  
മക്കളിൽ   ആര്യാടൻ ഷൗക്കത്ത് മാത്രമാണ് സജീവ രാഷ്ട്രീയത്തിലുള്ളത് .  ഭാര്യ പി.വി മറിയുമ്മ. മറ്റു മക്കളൊക്കെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അവർ ഇവരാണ്-  അൻസാർ ബീഗം, ഷൗക്കത്ത്, കദീജ, ഡോ. റിയാസ് അലി(പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധൻ), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി), സിമി ജലാൽ.

Latest News