Sorry, you need to enable JavaScript to visit this website.

ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ 

വർഗീയതയെ ഏറ്റക്കുറച്ചിലിന്റെ അളവുകോലിൽ പെടുത്തി കാണേണ്ടതില്ല, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. രണ്ടും പരസ്പരപൂരകങ്ങളായിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ ഭയത്തിലേക്ക് തള്ളിവിട്ട് മതത്തിന്റെ പേരിൽ ഏറ്റുമുട്ടലിലേക്ക് എത്തിക്കുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. 

 

രാജ്യത്ത് സംഘ്്്പരിവാർ ഉയർത്തുന്ന  ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയിലൂടെ മാത്രമേ സാധിക്കൂവെന്ന തെറ്റായ ചിന്ത ശക്തമായിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ വക്താക്കളായി നടിക്കുന്ന ചില തീവ്ര സംഘടനകൾ ഇത്തരമൊരു ചിന്താഗതിയെ വലിയ തോതിൽ തന്നെ മുതലെടുക്കുകയും ന്യൂനപക്ഷങ്ങൾക്കിടയിൽ അത് ആസൂത്രിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുസ്‌ലീം സമുദായത്തിൽപെട്ട കുറച്ച് പേരെങ്കിലും ഇവരുടെ വലയിൽ പെട്ട് പോകുന്നുമുണ്ട്. അതിന്റെ തെളിവാണ് ന്യൂനപക്ഷ വർഗീയതയുടെ വക്താക്കളായി മാറിയ പോപ്പുലർ ഫ്രണ്ടിന്റെ വളർച്ച. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന റെയ്ഡിൽ സംഘടനയുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അറസ്റ്റിലായത്. 
വളരെ ഗൗരവതരമായ ആരോപണങ്ങളാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമെല്ലാം കോടതിയിൽ ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാൻ പദ്ധയിട്ടതായും രാജ്യത്ത് മതസ്പർദ്ധ വളർത്തുന്നതിനുള്ള ആസുത്രിത നടപടികൾ ഇവർ നടപ്പാക്കി വരുന്നതായും അന്വേഷണ ഏജൻസികൾ കോടതിയിൽ പറയുകയുണ്ടായി. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതായ ആരോപണങ്ങളും ഉയർന്നു. കേന്ദ്ര സർക്കാറിന് കീഴിലുള്ള അന്വേഷണ ഏജൻസികൾ എന്ന നിലയിൽ അവർ ഉയർത്തുന്ന ആരോപണങ്ങൾ പൂർണ്ണമായും ഉപ്പുകൂട്ടി വിഴുങ്ങാൻ സാധിക്കണമെന്നില്ല. എന്നാൽ മോഡി ഭരണകൂടത്തിന് കീഴിൽ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള അരക്ഷിതാവസ്ഥയെ വളരെ ഫലപ്രദമായി മുതലെടുത്തുകൊണ്ട് പോപ്പുലർ ഫ്രണ്ടും അത്തരത്തിലുള്ള ആശയങ്ങൾ വെച്ചു പുലർത്തുന്ന മറ്റ് സംഘടനകളും രാജ്യത്ത് വലിയ തോതിലുള്ള വളർച്ച നേടുകയും യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ടെന്നത് സംബന്ധിച്ച് തെളിവുകൾ പുറത്ത് വരുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഇവർ കണ്ടെത്തുന്നുമുണ്ട്. അത് സംബന്ധിച്ച് ഇപ്പോൾ കോടതിക്ക് മുന്നിലുള്ള പല വിവരങ്ങളും രാജ്യത്തെ സമാധാനന്തരീക്ഷത്തെ വലിയ തോതിൽ അലോസരപ്പെടുത്തുന്നുണ്ട്. 
പോപ്പുലർ ഫ്രണ്ടിന് ശക്തമായ വേരുകളുള്ളത് കേരളത്തിലാണ്. അതിന്റെ ദേശീയ നേതാക്കളിൽ ഏതാണ്ട് എല്ലാവരും തന്നെ കേരളത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ഈ നേതാക്കൾക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസികൾ കോടതിയിൽ നൽകിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ എത്രത്തോളം അടിത്തറയുണ്ടെന്നതിനെ സംബന്ധിച്ചും ഏത് രീതിയിലാണ് അവരുടെ പ്രവർത്തനങ്ങളെന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടെ നടന്ന അക്രമ സംഭവങ്ങളിലൂടെ പൊതു സമൂഹത്തിന് ബോധ്യമായ കാര്യമാണ്. കേരളം പുലർത്തുന്ന മതേതര കാഴ്ചപ്പാടിനെ തകർക്കുന്ന നീക്കങ്ങളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ന്യൂനപക്ഷ വർഗീയതയെ വലിയ തോതിൽ ആളിക്കത്തിച്ചുകൊണ്ട് മുതലെടുപ്പ് നടത്തുകയെന്നതാണ് അവരുടെ അജണ്ട.
മുസ്‌ലീം സമുദായത്തിന്റെ സംരക്ഷകരായി ചമഞ്ഞുകൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെങ്കിലും മതേതരത്വത്തിൽ വിശ്വസിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്‌ലീംകളും പോപ്പുലർ ഫ്രണ്ടിനെ അതിശക്തമായിത്തന്നെ എതിർക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗീയതയ്ക്ക് മാത്രമേ കഴിയൂവെന്ന് തെറ്റിദ്ധരിച്ചു പോയ കുറച്ച് പേരുടെ പിന്തുണയിലൂടെയാണ് പോപ്പുലർ ഫ്രണ്ട്  വളർച്ച നേടിയത്. ഭൂരിപക്ഷ വർഗീയതക്കുള്ള മറുപടി ന്യൂനപക്ഷ വർഗീയതയല്ല, മറിച്ച് മതേതരത്വം മുറുകെപ്പിടിക്കലാണെന്ന വാസ്തവം ന്യൂനപക്ഷ സമുദായങ്ങൾ പൂർണ്ണമായും തിരിച്ചറിയുമ്പോൾ മാത്രമേ പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ള തീവ്രവാദ സംഘടനകളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയു. 
ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. ജനമനസ്സുകളിൽ വർഗീയത ആളിക്കത്തിച്ച് പരസ്പരം ശക്തിപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. രണ്ടു കൂട്ടരും ആയുധം തൊടുക്കുന്നത് മതേതരത്വത്തിന്റെ നേർക്കാണ്. മതേതരത്വത്തിന് എതെങ്കിലും തരത്തിൽ കോട്ടം സംഭവിക്കുമ്പോൾ ഇരുകൂട്ടരും ഒരുപോലെ സന്തോഷിക്കുകയാണ്. ഇത്തരം വർഗീയ ശക്തികളെ വളർത്തുന്നതിൽ വലിയ വായിൽ മതേതരത്വം പ്രസംഗിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ട്. 
വർഗീയതയെ ഏറ്റക്കുറച്ചിലിന്റെ അളവുകോലിൽ പെടുത്തി കാണേണ്ടതില്ല, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. രണ്ടും പരസ്പരപൂരകങ്ങളായിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ ഭയത്തിലേക്ക് തള്ളിവിട്ട് മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് എത്തിക്കുകയെന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. 

Latest News