പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു, അധ്യാപികയുടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ലഖ്‌നൗ- സ്‌കൂള്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപികയുടെ മര്‍ദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഔറയ്യയില്‍നിന്നുള്ള നിഖില്‍ ആണ് മരിച്ചത്. ഔറയ്യയിലെ അചല്‍ദയിലെ ആദര്‍ശ് ഇന്റര്‍ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നിഖില്‍. സോഷ്യല്‍ സയന്‍സ് പരീക്ഷ തെറ്റായി എഴുതിയതാണ് മര്‍ദ്ദനത്തിന് കാരണം. അധ്യാപികക്കെതിരെ കുട്ടിയുടെ പിതാവ് രാജു പരാതി നല്‍കി.

അധ്യാപിക അശ്വിനി സിംഗ്, നിഖിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ ആരോഗ്യനില വഷളാവുകയും ചികിത്സക്കിടെ മരിക്കുകയും ചെയ്തു. അധ്യാപികയ്‌ക്കെതിരെ അചല്‍ദ പോലീസ് കേസെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിനാണ് കുട്ടിയെ അധ്യാപിക മര്‍ദ്ദിക്കുന്നത്. 24 ാം തീയതിയാണ് കുട്ടി മരിക്കുന്നത്. സംഭവത്തില്‍ അധ്യാപികയെ ചോദ്യം ചെയ്യും. ജാതി സൂചനയുള്ള അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചതായും പരാതിയുണ്ടെന്ന് പോലീസ് സൂപ്രണ്ട് ചാരു നിഗം പറഞ്ഞു.

 

 

Latest News