പോക്‌സോ കേസില്‍ മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. പോക്സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യത്തിനായി നല്‍കിയ ഹരജി, മോന്‍സന്റെ അഭിഭാഷകന്‍ പിന്‍വലിച്ചു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോന്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോന്‍സണ്‍ മാവുങ്കലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

Latest News