Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിന്  ഭോപ്പാല്‍ ജില്ലാ കോടതി സമന്‍സ്

ഭോപ്പാല്‍- ഫേസ്ബുക്ക് തങ്ങളുടെ പരസ്യം തടഞ്ഞെന്ന് ആരോപിച്ച് ഭോപ്പാലിലെ യുവസംരംഭകന്‍ നല്‍കിയ പരാതിയില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഫേസ്്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് സമന്‍സ് അയച്ചു. ദിട്രേഡ്ബുക്ക് ഡോട്ട് ഓര്‍ഗ് എന്ന ബിസിനസ് നെറ്റ് വര്‍ക്കിങ് പോര്‍ട്ടല്‍ ഉടമ സ്വപ്നീല്‍ റായി ആണ് ഫേസ്ബുക്ക് തന്റെ കമ്പനിയോട് മോശമായി പെരുമാറുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. ദി ട്രേഡ്ബുക്ക് എന്ന പേരിലുള്ള തന്റെ ഫേസ്ബുക്ക് പേജ് പണം നല്‍കി പ്രോമോട്ട് ചെയ്യാന്‍ ഫേസ്ബുക്ക് അനുവദിക്കുന്നില്ലെന്നാണ് പരാതി. നേരത്തെ 2016-ല്‍ ഫേസ്ബുക്കിന് പണം നല്‍കി പരസ്യം ചെയ്തിരുന്നെങ്കിലും ഇത്തവണ ഇതിനു ശ്രമിച്ചപ്പോള്‍ തന്റെ കമ്പനിക്കെതിരെ ഫേസബുക്ക് നോട്ടീസ് അയക്കുകയാണ് ചെയ്തതെന്ന് സ്വപ്നീല്‍ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 14 മുതല്‍ 21 വരെ നീണ്ടു നില്‍ക്കുന്ന പരസ്യപ്രചാരണത്തിനാണ് ഫേസബുക്കിന് പണം നല്‍കിയത്. എന്നാല്‍ ഏപ്രില്‍ 16-ന് ഫേസ്ബുക്ക് ഇത് അവസാനിപ്പിക്കുകയായിരുന്നു. തന്റെ കമ്പനിയുടെ പേരായ ദി ട്രേഡ്ബുക്കിലെ ബുക്ക് എന്ന പേര് ഉപയോഗിക്കുന്നതാണ് ഫേസ്ബുക്ക് വിലക്കുന്നത്. പേരിലെ ബുക്ക് മാറ്റണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സ്വപ്നീലിന് വക്കീല്‍ നോട്ടീസയക്കുകയും ചെയ്തു. ഫേസബുക്കിന്റെ ഈ പെരുമാറ്റം തന്നെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും സ്വപ്നീല്‍ പറയുന്നു.  

Latest News