Sorry, you need to enable JavaScript to visit this website.

ഹിജാബ് വിലക്ക്: പ്രൊവിഡൻസ് സ്‌കൂളിലേക്ക് വിദ്യാർഥി മാർച്ച്, 17 പേർ അറസ്റ്റിൽ

കോഴിക്കോട് - കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒയും ജി.ഐ.ഒയും സംയുക്തമായി സ്‌കൂളിലേക്ക് ബഹുജന മാർച്ച് നടത്തി. മാർച്ച് സ്‌കൂൾ ഗേറ്റിനു സമീപം പൊലിസ് തടഞ്ഞു. മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജനറൽ സെക്രട്ടറി പി റുക്‌സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജനറൽ സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ആയിശ ഗഫൂർ, ഫൈസൽ പൈങ്ങോട്ടായി, ലുലു മുജീബ് എന്നിവർ സംസാരിച്ചു.

പ്രകടനം സ്‌കൂളിന് മുന്നിൽ തടഞ്ഞതിനെത്തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നടക്കാവ് എസ്.ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ.ഒ, ജി.ഐ.ഒ നേതാക്കളടക്കം 17 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ സഈദ്, കെ.പി തഷ്‌രീഫ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, കെ.പി അസ്‌ലഹ്, ശഫാഖ് കക്കോടി, ജാസിർ ചേളന്നൂർ, നാസിം പൈങ്ങോട്ടായി, സിയാസുദ്ദീൻ ഇബ്‌നു ഹംസ, വസീം, മുഹമ്മദ് അജ്മൽ, അബ്ദുൽ ഗഫൂർ, അബ്ദുറഷീദ്, ഫാസില, സഫിയ, അജ്‌വദ്, നജാദ്, ഷമീം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ പൊലിസ് കോടതിയിൽ ഹാജരാക്കി. 

ഹിജാബ് വിലക്കേർപ്പെടുത്തിയ സ്‌കൂളിന്റെ അംഗീകാരം സർക്കാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എസ്.ഐ.ഒ, ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. സമാധാനപരമായി മാർച്ച് നടത്തിയതിന് നേതാക്കളെ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയെ എസ്.ഐ.ഒ കേരള അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ എം.എസ്.എഫും സ്‌കൂളിലേക്ക് മാർച്ച് നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. 
 

Latest News