ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ വിവിധ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെ പോപ്പലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി ഹിന്ദുത്വ സംഘടനകള്‍.
പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്രയും അപകടകരമായ സംഘടനയെ എന്തു കൊണ്ട് നിരോധിക്കാന്‍ വൈകുന്നുവെന്ന് മഞ്ച് ചോദിച്ചു. ഇവരുടെ സ്വത്തുക്കള്‍ എന്തുകൊണ്ട് കണ്ടുകെട്ടുന്നില്ല, ബാങ്ക് അക്കൗണ്ടുകള്‍ എന്തുകൊണ്ട് മരവിപ്പിക്കുന്നില്ല, നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗം ചോദിച്ചത്.
സിമിയേക്കാള്‍ അപകടകരമായ സംഘടനാണ് പി.എഫ്.ഐ എന്നതിനുള്ള തെളിവുകളാണ് റെയ്ഡുകളില്‍ ലഭിച്ചതെന്നും നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഇവ മതിയായ തെളിവുകളാണെന്നും മറ്റു സംഘടനകളുമായുള്ള ചര്‍ച്ചക്കുശേഷം രാഷ്ട്രീയ മഞ്ച് നേതാക്കളായമ് മുഹമ്മദ് അഫ്‌സലും ഷാഹിദ് അഖ്തറും പറഞ്ഞു.
പി.എഫ്.ഐ നടത്തുന്ന റാലികളില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് വിളികള്‍ മുഴങ്ങാറുണ്ടെന്നും വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് സ്വകീരിക്കാറുണ്ടെന്നും മഞ്ച് മീഡിയ ഇന്‍ ചാര്‍ജ് ഷാഹിദ് സഈദ് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം നടപടി സ്വകീരിക്കുമെന്നും ഏതാനും ദിവസം മുമ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.