കണ്ണൂര്‍- പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്. കണ്ണൂര്‍ താണക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.
എസ്.ഡി.പി.ഐ- പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തി. പരിശോധനയില്‍ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ബി മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ചാലാട്ടെ മറ്റൊരു സുപ്പര്‍ മാര്‍ക്കറ്റ്, കാല്‍ടെക്‌സിലെ ഒരു കട, മട്ടന്നൂരിലെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവിന്റെ കട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൈകിട്ട് ഒരേ സമയമാണ് പരിശോധന ആരംഭിച്ചത.്
കണ്ണൂരിലെ മറ്റു ചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. കണ്ണൂര്‍ എ.സി.പി. രത്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന നടത്തും.