റഷ്യ വിട്ടയച്ച മൊറോക്കൊ വിദ്യാര്‍ഥി സ്വദേശത്തെത്തി

റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി റഷ്യ വിട്ടയച്ച് സൗദി അറേബ്യക്ക് കൈമാറിയ മൊറോക്കൊ വിദ്യാര്‍ഥി ഇബ്രാഹിം സഅദൂന്‍ സ്വദേശത്ത് എത്തി. കാസബ്ലാങ്ക മുഹമ്മദ് അഞ്ചാമന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഇബ്രാഹിം സഅദൂനെ കുടുംബാംഗങ്ങള്‍ വികാരനിര്‍ഭരമായി സ്വീകരിച്ചു. ശനിയാഴ്ചയാണ് ഇബ്രാഹിം സഅദൂന്‍ റിയാദ് എയര്‍പോര്‍ട്ടില്‍നിന്ന് കാസബ്ലാങ്കയിലേക്ക് യാത്ര തിരിച്ചത്.
എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യുവാവ് സ്വന്തം വീട്ടിലേക്ക് പോയി. മാതാവ് അടക്കമുള്ളവര്‍ യുവാവിനെ വീട്ടില്‍ വാരിപ്പുണര്‍ന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഉക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത് പിടിയിലായ ഇബ്രാഹിം സഅ്ദൂന് ഡൊനെറ്റ്‌സ്‌കിലെ ഉക്രൈന്‍ വിഘടനവാദി അധികൃതര്‍ വധശിക്ഷ വിധിച്ചിരുന്നു. ഇബ്രാഹിം സഅ്ദൂന്‍ അടക്കം പത്തു യുദ്ധത്തടവുകാരെയാണ് റഷ്യ വിട്ടയച്ച് ദിവസങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യക്ക് കൈമാറിയത്. മൊറോക്കൊ വിദ്യാര്‍ഥിക്കു പുറമെ, അഞ്ചു ബ്രിട്ടീഷുകാരെയും രണ്ടു അമേരിക്കക്കാരെയും സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരെയുമാണ് റഷ്യ വിട്ടയച്ചത്. ഇവരെ പ്രത്യേക വിമാനത്തില്‍ പിന്നീട് റിയാദിലെത്തിക്കുകയായിരുന്നു.

 

 

Latest News