ജിദ്ദ - സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യ ഗുസ്തി മത്സരങ്ങള്‍ അര്‍ധ രാത്രി വരെ നീണ്ടുനില്‍ക്കും. ജോണ്‍ സീന, ട്രംബിള്‍ എച്ച്, അണ്ടര്‍ ടേക്കര്‍, ക്രിസ് ജെറീക്കോ, റോലി, മാര്‍ക്ക് ഹെന്റി, റൂസേവ്, ബ്രോക്ക് ലെസ്‌നര്‍, റോമന്‍ റൈന്‍സ് എന്നിവര്‍ വിവിധ ഇനങ്ങളില്‍ ഏറ്റുമുട്ടും.
എം.ബി.സി ആക്ഷന്‍, കെ.എസ്.എ സ്‌പോര്‍ട്‌സ് 1, അബുദാബി സ്‌പോര്‍ട്‌സ് 1, അബുദാബി സ്‌പോര്‍ട്‌സ് 6 ചാനലുകള്‍ ഗുസ്തി മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഇന്റര്‍നെറ്റ് വഴി തത്സമയ സംപ്രേഷണവുമുണ്ടാകും.
ഗുസ്തി മത്സര പ്രദര്‍ശനത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയതായി സംഘാടന കമ്മിറ്റി അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഗുസ്തി താരങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ ജിദ്ദയിലെത്തിയിരുന്നു.
അതിനിടെ, റിയാദിലും ജിദ്ദയിലും ദമാമിലും ജര്‍മന്‍ ഓര്‍ക്കസ്ട്ര ട്രൂപ്പിന്റെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു. റിയാദ് കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററില്‍ ഏപ്രില്‍ 28 നും ദമാം സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് ശാഖാ ആസ്ഥാനത്ത് ഏപ്രില്‍ 29 നും ജിദ്ദ കോര്‍ണിഷില്‍ ഏപ്രില്‍ 30 നും ആണ് ജര്‍മന്‍ ഓര്‍ക്കസ്ട്ര സംഘത്തിന്റെ സംഗീത പരിപാടികളുണ്ടാവുക. കഴിഞ്ഞ ദിവസം റിയാദില്‍ ഈജിപ്ഷ്യന്‍ ഓപറെ ഹൗസ് കലാകാരന്മാര്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചിരുന്നു.
ഇന്നലെ മുതല്‍ എ.എം.സി സിനിമാസ് റിയാദില്‍ ഹോളിവുഡ് സിനിമയായ 'ദി അവഞ്ചേഴ്‌സ്' പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. സിനിമാ തിയേറ്റര്‍ വിലക്ക് എടുത്തുകളഞ്ഞ ശേഷം സൗദിയില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ബ്ലാക്ക് പാന്തര്‍ ആണ് കമ്പനി ആദ്യം പ്രദര്‍ശിപ്പിച്ചത്. എ.എം.സി തിയേറ്റര്‍ നികുതികള്‍ ഉള്‍പ്പെടെ 75 റിയാലിനാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. നിലവില്‍ ഫാമിലികള്‍ക്കു മാത്രമാണ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ എ.എം.സി സിനിമാസിലേക്ക് പ്രവേശനം നല്‍കുന്നത്. ഭാവിയില്‍ യുവാക്കള്‍ അടക്കം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രദര്‍ശനങ്ങളുണ്ടാകും. ദിവസങ്ങള്‍ക്കുള്ളില്‍ സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോക്‌സ് സിനിമാസും അറിയിച്ചിട്ടുണ്ട്. സൗദിയില്‍ തിയേറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് ലഭിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് വോക്‌സ് സിനിമാസ്.