Sorry, you need to enable JavaScript to visit this website.

10 ലക്ഷം ചോദിച്ചിട്ട് കൊടുത്തില്ല, ഭര്‍തൃപീഡനത്തില്‍ യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം- ചടയമംഗലത്ത് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ള(24) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിനെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലക്ഷ്മിയെ ചടയമംഗലത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കിഷോര്‍ കുമാര്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയ ദിവസമായിരുന്നു ലക്ഷ്മിയുടെ ആത്മഹത്യ. കിഷോര്‍ വീട്ടിലെത്തിയതിന് പിന്നാലെ കിടപ്പുമുറി അടച്ചിട്ടനിലയിലാണ് കണ്ടതെന്നും തുടര്‍ന്ന് മുറി തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്നുമായിരുന്നു മൊഴി. അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികപീഡനമാണ് ലക്ഷ്മിയുടെ ആത്മഹത്യക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

ലക്ഷ്മിയുടെ സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പത്തുലക്ഷം രൂപ തനിക്ക് നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പലതവണ കിഷോറും ലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. പണം നല്‍കാതെ വന്നപ്പോള്‍ ലക്ഷ്മിയെ കിഷോര്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായും മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ലക്ഷ്മിയുടെ നമ്പര്‍ ഇയാള്‍ ബ്ലോക്ക് ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരുവര്‍ഷം മുമ്പാണ് കിഷോറും ലക്ഷ്മിയും വിവാഹിതരായത്.

 

Latest News