കോഴിക്കോട്- വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പന്നൂരിലാണ് സംഭവം നടന്നത്. അയൽവാസികളായ ആറു പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഒരു രാത്രി മുഴുവൻ പ്രതികൾ പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 30 നാണ് പീഡനം നടന്നതത്രേ. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. യുവതി ഭർത്താവിനോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. പരിസരവാസികൾ തന്നെയാണ് പ്രതികൾ എന്നും പരാതിയിൽ പറയുന്നു. പ്രതികൾ ആരും ഇപ്പോൾ സ്ഥലത്തില്ലെന്നും സൂചനകളുണ്ട്. പോലീസ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കൊടുവള്ളി സി.ഐ ചന്ദ്രമോഹൻ പറഞ്ഞു.