Sorry, you need to enable JavaScript to visit this website.

തെരുവു നായയുടെ കടിയേറ്റവരുടെ കാര്യത്തില്‍ ഉടന്‍  നടപടി; വീണാ ജോര്‍ജിനെ പ്രശംസിച്ച് ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി- ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നന്ദി പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരുവു നായ ആക്രമണത്തിന് ഇരയായവര്‍ക്ക് സഹായം എത്തിച്ചതിനാണ് മന്ത്രിക്ക് ഉമ്മന്‍ചാണ്ടി നന്ദി പറഞ്ഞത്. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
കോട്ടയം പാമ്പാടിയില്‍ ഏഴു പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. അവിടെയെത്തിയ ഉമ്മന്‍ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് മന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് ഇക്കാര്യമറിയിച്ചു. ഉടന്‍ തന്നെ മന്ത്രി കോട്ടയം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു. മീനടം മെഡിക്കല്‍ ഓഫിസര്‍ ഡോ.രഞ്ജു വര്‍ഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നല്‍കി ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്നും ഇവരുടെ വിവരങ്ങള്‍ അന്വേഷിച്ചത് അവര്‍ക്ക് ആത്മവിശ്വാസമായി. വിവരം അറിയിച്ച ഉടനെതന്നെ നടപടിയെടുത്തതിനാണ് മന്ത്രിയെ ഉമ്മന്‍ചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
 

Latest News