Sorry, you need to enable JavaScript to visit this website.

ആയുഷ്മാൻ ഭാരത് പദ്ധതി ജനകോടികൾക്ക് ആശ്വാസമേകുന്നു

ന്യൂദൽഹി-നാട് പുരോഗമിച്ചെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്ന പോലെ ഇന്ത്യയിലും ആരോഗ്യ രംഗം കടുത്ത വെല്ലുവിളി നേരിടുകയാണ്. ഹൃദ്രോഗം, അർബുദം, വൃക്ക, കരൾ രോഗങ്ങൾ എന്നിവ വ്യാപകമായിട്ടുണ്ട്. ഇതിനെല്ലാം ചികിത്സ നൽകുന്ന വൻകിട ആശുപത്രികൾ മഹാനഗരങ്ങളിലെന്ന പോലെ ഇടത്തരം പട്ടണങ്ങളിലും വ്യാപകമായിട്ടുണ്ട്. ചികിത്സയ്ക്ക് ചെലവേറെ വേണ്ടി വരുന്ന രോഗങ്ങൾ സമ്പന്നരെയെന്ന പോലെ പാവപ്പെട്ടവരേയും ബാധിക്കുന്നു. 
ലക്ഷങ്ങൾ ചെലവ് വരുന്ന ഇത്തരം ചികിത്സകൾ ഇന്ത്യയിലെ ദരിദ്ര കോടികൾക്ക് ആലോചിക്കാവുന്നതിനുമപ്പുറമാണ്. ഇത്തരം ഘട്ടങ്ങളിൽ ആശ്വാസം പകരുകയാണ് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാവുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. അവശ്യ ഘട്ടത്തിൽ  പത്ത് കോടി 74 ലക്ഷം  പേർക്ക് പദ്ധതി ഉപകരിച്ചുവെന്നാണ് കേന്ദ്ര  ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 
ഇന്ത്യയിലെ എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  പദ്ധതി ആരംഭിച്ചത്. 
ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ  ആരോഗ്യ സേവനങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ പലരും കടക്കെണിയിലാണെന്ന തിരിച്ചറിവോടെയാണ് കേന്ദ്രം പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  19% നഗര കുടുംബങ്ങളും 24% ഗ്രാമീണ കുടുംബങ്ങളും കടം വാങ്ങുന്നതിലൂടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതായി നേരത്തെ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. 
ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. സാധാരണക്കാരായ 50 കോടി ഗുണഭോക്താക്കൾക്ക് വരെ പദ്ധതി ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.  ആയുഷ്മാൻ ഭാരത് അഭിയാൻ കേന്ദ്ര സർക്കാരിന്റെ എളുപ്പത്തിൽ ചേരാവുന്ന  സംരംഭമാണ്. 
2018 സെപ്തംബർ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ആയുഷ്്മാൻ ഭാരതിന്റെ ഇൻഷുറൻസ് കവേറജിൽ വനിതകൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക്് ആവശ്യമായി വരുന്ന 141 ചികിത്സാ ക്രമങ്ങളെ പട്ടികയിലുൾപ്പെടുത്തിയത് ഈ ലക്ഷ്യത്തോടെയാണ്. പദ്ധതി പ്രഖ്യാപിക്കുമ്പോൾ 1,18,000 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വർഷം അവസാനമാവുമ്പോഴേക്ക് ഇവയുടെ സംഖ്യ ഒന്നര ലക്ഷമാക്കി ഉയർത്താനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. 
ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനി എന്ന പേരിൽ ടെലിമെഡിസിൻ സൗകര്യവും ഈ കേന്ദ്രങ്ങളിലേർപ്പെടുത്തി. രാജ്യത്താകമാനമുള്ള 90,000 രോഗികൾക്ക് ചികിത്സ തുടരാൻ ഈ സംവിധാനം സൗകര്യപ്രദമാണ്. ആരോഗ്യ രംഗത്തെന്ന പോലെ കാർഷിക, വിദ്യാഭ്യാസ, പാർപ്പിട രംഗങ്ങളിലെല്ലാം ഇന്ത്യ ഒരു നിശബ്ദ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു വരികയാണ്.  

Tags

Latest News