കേരളം കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിച്ചു: വി. മുരളീധരന്‍

കൊച്ചി-പോപ്പുലര്‍ ഫ്രണ്ട്  പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഇന്നലെ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെണ്ടകൊട്ടി രസിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഹര്‍ത്താലിനിടെ, കേരള പോലീസ് സംഘടിപ്പിച്ച കൊക്കുണ്‍ സമ്മേളനം മുഖ്യമന്ത്രി ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തതത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശം. സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടവരെ എവിടെയെങ്കിലും പോലീസ് നേരിട്ടതായി കണ്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പോലീസ് ഈ സമീപനം സ്വീകരിക്കുമോയെന്നും മന്ത്രി ചോദിച്ചു. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നും പിണറായി വിജയന്റേത് അദ്ദേഹത്തിനെ അനുസ്മരിപ്പിക്കുന്ന പെരുമാറ്റമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അക്രമങ്ങള്‍ തടയാതെ പോലീസ് മേധാവിയും കൊക്കൂണ്‍ സമ്മേളനം ആസ്വദിച്ചു.
രാജ്യത്തെ ഒന്നിപ്പിക്കാന്‍ നടക്കുന്ന രാഹുല്‍ ഗാന്ധി ഇന്നലെ ചാലക്കുടിയില്‍ കണ്ടെയ്നറില്‍ ഉറങ്ങുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പുറത്തുനടന്ന കാര്യങ്ങളൊന്നും രാഹുല്‍ അറിഞ്ഞില്ലേയെന്നും ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും വി. മുരളീധരന്‍ ചോദിച്ചു.
കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് മഹാസമ്മേളനം നടത്താന്‍ അനുവാദം കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. സി.പി.എമ്മും കോണ്‍ഗ്രസും ഇസ്‌ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുകയാണ്. അക്രമത്തിനെതിരെ ബി.ജെ.പി രംഗത്തുവരുമെന്നും മന്ത്രി പ്രതികരിച്ചു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

Latest News