ഇറാന്‍ ഡ്രോണുകള്‍ മേഖലക്ക് വലിയ ഭീഷണി - സൗദി വിദേശ മന്ത്രി

റിയാദ് - ഇറാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ മേഖലക്ക് മുഴുവന്‍ വലിയ ഭീഷണിയാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഈ ഭീഷണി ചെറുക്കാന്‍ മേഖലയിലെ മുഴുവന്‍ രാജ്യങ്ങളും പരസ്പരം സഹകരിക്കണം. ഹൂത്തികള്‍ക്ക് ഇറാന്‍ നിരന്തരം ഡ്രോണുകള്‍ നല്‍കുന്നു. രാജ്യത്തിനെതിരായ ഡ്രോണ്‍ ആക്രമണങ്ങളില്‍ 94 ശതമാനവും ചെറുക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.
പ്രശ്‌നത്തെ രണ്ടു സമീപനങ്ങളിലൂടെ സമീപിക്കണം. ഹ്രസ്വകാല സമീപനം നിലവിലുള്ള അപകട സാധ്യതകളെ നേരിടാനുള്ള ശേഷിയെ ആശ്രയിച്ചിരിക്കുന്നു. ഭീഷണികള്‍ മനസ്സിലാക്കാനും നമ്മെയും നമ്മുടെ പങ്കാളികളെയും ഭീഷണികളില്‍നിന്ന് സംരക്ഷിക്കാനും ഭീഷണി നേരിടാനും സാധിക്കുന്ന നിലക്ക് സാങ്കേതികവിദ്യകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തന പദ്ധതി ചട്ടക്കൂട് നിര്‍മിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ദീര്‍ഘകാല സമീപനം ആവശ്യപ്പെടുന്നു.
അറ്റമില്ലാത്ത ആവശ്യങ്ങളുടെ പരമ്പര ഹൂത്തികള്‍ മുന്നോട്ടുവെക്കുന്നു. ഇവ അംഗീകരിക്കാന്‍ യെമന്‍ ഗവണ്‍മെന്റിന് സാധിക്കില്ല. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ഹൂത്തികള്‍ കൂട്ടാക്കില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യെമന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് അവര്‍ വില കല്‍പിക്കുന്നില്ല. വെടിനിര്‍ത്തല്‍ യെമന്‍ ജനതക്ക് വലിയ ഫലങ്ങള്‍ നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ഹൂത്തികള്‍ കൂട്ടാക്കാത്തത് അങ്ങേയറ്റം ഖേദകരമാണ്.

 

Latest News