Sorry, you need to enable JavaScript to visit this website.

ഹരിയാന ഹൈവേയില്‍ കര്‍ഷകര്‍ നടത്തിയ ഉപരോധം പിന്‍വലിച്ചു

ന്യൂദല്‍ഹി- വിളവെടുപ്പ് കഴിഞ്ഞ കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹരിയാന ഹൈവേയില്‍ കര്‍ഷകര്‍ നടത്തിയ ഉപരോധം പിന്‍വലിച്ചു. വിളവ് സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സംഭരണ തീയതി മുന്‍കൂട്ടി അറിയിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ഹരിയാന സര്‍ക്കാര്‍ അംഗീകരിച്ചതേടെയാണ് ഉപരോധം പിന്‍വലിച്ചത്. കര്‍ഷകരുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചതായും, ഗതാഗതം പുനരാരംഭിച്ചതായും കുരുക്ഷേത്ര പോലീസ് സൂപ്രണ്ട് സുരീന്ദര്‍ സിംഗ് വ്യക്തമാക്കി.
    ധാന്യ ചന്തകളില്‍ സംഭരിച്ചിരിക്കുന്ന മുഴുവന്‍ നെല്ലും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്ന് സംസ്ഥാനം ഇതിനോടകം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഉയര്‍ന്ന വിളവുള്ള അഞ്ച് ജില്ലകളിലെ സംഭരണ പരിധി സംസ്ഥാനം വര്‍ദ്ധിപ്പിച്ചു. ഏക്കറിന് 22 മുതല്‍ 30 ക്വിന്റല്‍ വരെ ഇത് ഉയര്‍ത്തിയിട്ടുണ്ട്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷകര്‍ തുടങ്ങിയ 21 മണിക്കൂര്‍ നീണ്ട പ്രതിഷേധം ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. കര്‍ഷക സംഘടനാ നേതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ചക്കു പിന്നാലെ സംഭവത്തില്‍ കോടതി ഇടപെടുകയായിരുന്നു. ഗതാഗത തടസം ഒഴിവാക്കി, പൊതുജനങ്ങള്‍ക്ക് റോഡ് തുറന്നു കൊടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായത്.
    സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ജില്ലാ ഭരണകൂടം ഉടന്‍ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നെന്ന് നിരീക്ഷിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതി, ക്രമസമാധാന നില തകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മഴമൂലം അംബാല, കൈതാല്‍ ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ കിന്റല്‍ കണക്കിന് ധാന്യങ്ങള്‍ നശിച്ചിട്ടുണ്ടെന്നാണ് കര്‍ഷകരുടെ വാദം. അതിനാല്‍ തന്നെ സംഭരണ തീയതി മുന്‍കൂട്ടി അറിയിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതലാണ് ഔദ്യോഗിക സംഭരണം ആരംഭിക്കുന്നത്.

 

 

Latest News