ബത്തേരിയിൽ സി.പി.എം പിന്തുണയോടെ  കേരള കോൺഗ്രസ് എം ചെയർമാൻ

ബത്തേരി - സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് എമ്മിലെ  ടി.എൽ. സാബു ബത്തേരി നഗരസഭയുടെ അധ്യക്ഷനായി. മലബാറിൽ തന്നെ ആദ്യമായാണ് കേരള കോൺഗ്രസ്-എം പ്രതിനിധി നഗരസഭാ സാരഥിയാകുന്നത്. ഇന്നലെ നടന്ന  ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ.എം. വിജയനെ പതിനാറിനെതിരെ 18 വോട്ടിനാണ് സാബു പരാജയപ്പെടുത്തിയത്. കട്ടയാട് ഡിവിഷനിൽനിന്നുള്ള മുനിസിപ്പൽ കൗൺസിലറാണ് സാബു. 
കൗൺസിലിലെ ഏക ബി.ജെ.പി അംഗം വോട്ട് ചെയ്തില്ല. 35 അംഗങ്ങളാണ് നഗരസഭാ കൗൺസിലിൽ. 
കേരള കോൺഗ്രസ് (എം) - എൽ.ഡി.എഫ്  ധാരണയനുസരിച്ച് ചെയർമാൻ സി.പി.എമ്മിലെ സി.കെ. സഹദേവൻ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 
ഒരു വർഷത്തേക്കാണ് കേരള കോൺഗ്രസ്-എമ്മിനു ചെയർമാൻ പദവി. വികസനകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ സ്ഥാനം സാബു രാജിവെച്ച ഒഴിവിൽ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. ബത്തേരി നഗരസഭയായതിനു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന്റെ സഹായത്തോടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫ് ടിക്കറ്റിൽ കൗൺസിലിലെത്തിയ സാബു പാർട്ടി ജില്ലാ നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയെ പിന്തുണച്ചത്. 
 

Latest News