ന്യൂദല്‍ഹി- മാവോയിസ്റ്റ് നേതാവ് രൂപേഷിന് മേല്‍ ചുമത്തിയ യു.എ.പി.എ വകുപ്പ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി പിന്‍വലിക്കാന്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. രൂപേഷിന് മേല്‍ ചുമത്തിയ യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, പിന്നീട്, പരാതി പിന്‍വലിക്കുകയാണെന്ന് കേരളം നിലപാട് മാറ്റിയപ്പോള്‍ സുപ്രീംകോടതി അതിനു പിന്നിലുള്ള വിശദമായ കാരണം തേടുകയായിരുന്നു.
ഇത് നിയമപരമായ ഒരു വിഷയമാണെന്നാണ് കേരളത്തിന്റെ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ വ്യ്ക്തമാക്കിയത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തന്നെ ഒരു വിധിയുണ്ട്. അക്കാര്യത്തില്‍ കര്‍ശന കാഴ്ചപ്പാടുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഒരിക്കല്‍ ഇക്കാര്യം നിയമപരമായിക്കഴിഞ്ഞാല്‍ പിന്നെ അതെല്ലാവര്‍ക്കും തന്നെ ബാധകവുമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു നിയമപോരാട്ടവുമായി മുന്നോട്ടു നീങ്ങാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായ വിഷയം ആണെങ്കില്‍ പിന്നെ എന്തിനാണ് ഹരജി പിന്‍വലിക്കുന്നതെന്നാണ് ജസ്റ്റിസ് എം.ആര്‍ ഷാ ചോദിച്ചത്. യുഎപിഎ സംബന്ധിച്ച് ശരിയായ നിലപാട് ഇതാണെന്നാണ് കരുതുന്നത്. വിശാല കാഴ്ചപ്പാടിനേക്കാള്‍ കര്‍ശന നിലപാടാണ് അഭികാമ്യം. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് മുഖ്യം. അതിനാല്‍ കേസുമായി മു്‌ന്നോട്ടു നീങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.
വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
സര്‍ക്കാര്‍ തീരുമാനം വിവാദമായതോടെ ഹരജി പിന്‍വലിക്കാനുള്ള നടപടി എത്രയും വേഗം സീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി പ്രിയമോള്‍ അഡ്വക്കറ്റ് ജനറലിന് കത്ത് നല്‍കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കി. ഇതെ തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ അപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.