Sorry, you need to enable JavaScript to visit this website.

മാന്ത്രികച്ചെപ്പ് തുറക്കുന്ന സൗദി

സാമൂഹികമായും രാഷ്ട്രീയമായും സൗദി അറേബ്യ കൈവരിക്കുന്ന മാറ്റങ്ങളുടെ നിരവധി സൂചകങ്ങൾ ഇന്ന് പ്രകടമാണ്. കോവിഡ് മഹാമാരിക്ക് ശേഷവും ഉലയാതെ നിന്ന സൗദിയുടെ സാമ്പത്തിക കരുത്ത്, ആഭ്യന്തര വികസനരംഗത്തെ വൻ കുതിച്ചുകയറ്റം, വിജഞാന മേഖലയിലെ വളർച്ച എന്നിവയെല്ലാം സൗദി അറേബ്യ രാജ്യാന്തര വാർത്തകളിൽ നിറയുന്നതിനുള്ള കാരണങ്ങളായി. നിരവധി ദശാബ്ദങ്ങളായി തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ നിറഞ്ഞിരുന്ന ഒരു രാജ്യം, ഇന്ന് അത്ഭുതാദരവുകളോടെ ലോകം ഉറ്റുനോക്കുന്ന ഒന്നായി മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ഈ രാജ്യത്തിന്റെ ആന്തരിക ശക്തി തന്നെയാണ്.

ദേശീയ ദിനത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് കൺചിമ്മിത്തുറന്ന സൂര്യരശ്മികൾക്കൊപ്പം സൗദി അറേബ്യ ഇന്നലെ വായിച്ചത് സുപ്രധാനമായൊരു അന്താരാഷ്ട്രദൗത്യത്തിൽ ഈ രാജ്യം നടത്തിയ സമർപ്പിതമായ ഒരു ശ്രമത്തിന്റെ വിജയഗാഥയാണ്. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ തടവിലാക്കിയ 10 പേരെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മധ്യസ്ഥചർച്ചയെത്തുടർന്ന് മോചിപ്പിച്ച വാർത്തയാണത്. അമേരിക്ക, ബ്രിട്ടൻ, മൊറോക്കോ, സ്വീഡൻ, ക്രൊയേഷ്യ എന്നീ അഞ്ചുരാജ്യങ്ങളിൽ നിന്നുള്ള യുദ്ധത്തടവുകാരായിരുന്നു അവർ. റഷ്യയിൽനിന്ന് ഈ തടവുകാരെ ഏറ്റുവാങ്ങി അതത് രാജ്യങ്ങളിലെത്തിക്കുന്ന ചുമതലയും സൗദി ഏറ്റെടുത്തു. രാജ്യാന്തര രാഷ്ട്രീയത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്ക് എടുത്തുകാണിക്കുന്നതായി ഈ സംഭവം. സൗദി അറേബ്യക്ക് മേധാവിത്വമുള്ള അറബ് രാഷ്ട്രീയത്തിൽ മാത്രമല്ല ഇന്ന്  ഈ രാജ്യം സ്വാധീനം ചെലുത്തുന്നതെന്ന് കൂടി അത് നമ്മെ ഓർമിപ്പിക്കുന്നു.
സാമൂഹികമായും രാഷ്ട്രീയമായും സൗദി അറേബ്യ കൈവരിക്കുന്ന മാറ്റങ്ങളുടെ നിരവധി സൂചകങ്ങൾ ഇന്ന് പ്രകടമാണ്. കോവിഡ് മഹാമാരിക്ക് ശേഷവും ഉലയാതെ നിന്ന സൗദിയുടെ സാമ്പത്തിക കരുത്ത്, ആഭ്യന്തര വികസനരംഗത്തെ വൻ കുതിച്ചുകയറ്റം, വിജഞാന മേഖലയിലെ വളർച്ച എന്നിവയെല്ലാം സൗദി അറേബ്യ രാജ്യാന്തര വാർത്തകളിൽ നിറയുന്നതിനുള്ള കാരണങ്ങളായി. നിരവധി ദശാബ്ദങ്ങളായി തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ നിറഞ്ഞിരുന്ന ഒരു രാജ്യം, ഇന്ന് അത്ഭുതാദരവുകളോടെ ലോകം ഉറ്റുനോക്കുന്ന ഒന്നായി മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ഈ രാജ്യത്തിന്റെ ആന്തരിക ശക്തി തന്നെയാണ്.
ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യ, ആധുനികതയുടെ പാതയിലേക്ക് പ്രവേശിക്കുന്നത് മഹത്തായ വൈജ്ഞാനിക വിപ്ലവത്തിന്റെ ചവിട്ടുപടിയിലൂടെയാണ് എന്നത് സംശയരഹിതമായ വസ്തുതയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും അറബ് ലോകത്തിന്റെയും മധ്യപൗരസ്ത്യ ദേശത്തിന്റെയും നായകസ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന പ്രവിശാലമായ ഈ രാജ്യം വിജ്ഞാനത്തിന്റെ വൈവിധ്യമാർന്ന മേഖലകളിലും നേതൃസ്ഥാനീയരാകുന്ന കാലം വിദൂരമല്ല. രാജ്യത്ത് സ്ഥാപിതമായ അനേകം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സർവകലാശാലകളും വൈജ്ഞാനിക ഇൻസ്റ്റിറ്റ്യൂട്ടുകളും ഇതിന് നിദർശനമായി നിലകൊള്ളുന്നു. 
അതിന് മകുടം ചാർത്തുന്ന കിംഗ് അബ്ദുല്ല ശാസ്ത്ര സാങ്കേതിക സർവകലാശാല  ആധുനിക ശാസ്ത്രമേഖലകളിൽ സുപ്രധാനമായ ഗവേഷണങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ബഹിരാകാശ ശാസ്ത്രം മുതൽ നാനോ ടെക്‌നോളജി വരെയുള്ള മേഖലകളിൽ അറിവിന്റെ ചക്രവാളം വികസ്വരമാക്കുന്നതിൽ ഈ വിജ്ഞാന കേന്ദ്രം സുവർണ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിന് മുമ്പിൽ സൗദി അറേബ്യയുടെ സ്ഥാനം നിർണയിക്കുന്നതിൽപോലും ഈ ബൃഹത്തായ സർവകലാശാല ഭാവിയിൽ പങ്കുവഹിച്ചേക്കാം. 
ഹറമിലെത്തുന്ന തീർഥാടകർക്കായി സേവനങ്ങൾക്ക് തയാറായിരിക്കുന്ന റോബോട്ടുകൾ ഇന്ന് ഒരു അത്ഭുത വാർത്തയല്ല. നിർമിതബുദ്ധിയുടെ പുതിയ ചക്രവാളങ്ങൾ തേടുകയാണ് സൗദി അറേബ്യയുടെ സാങ്കേതികമേഖല. ഈയിടെ റിയാദിൽ സമാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ഉച്ചകോടി ഈ മേഖലയിൽ പുതിയ നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. തബൂക്കിനടുത്ത് സ്ഥാപിതമാകുന്ന നിയോം സിറ്റിയും 25 കിലോമീറ്ററിലേറെ ഒറ്റവരിയിൽ നിൽക്കുന്ന പുതിയ ലൈൻ സിറ്റിയുമൊക്കെ സാങ്കേതിക വിദ്യയുടെ പുതിയ തലസ്ഥാനമായി സൗദി അറേബ്യയെ മാറ്റുമെന്നതിൽ സംശയമില്ല.
ചിതറിക്കിടന്ന കൊച്ചുകൊച്ചു രാജ്യങ്ങളെ പോരാട്ടങ്ങളിലൂടെ ചേർത്തുവെച്ച് സൗദി അറേബ്യ എന്ന വിശാലമായ രാഷ്ട്രം കെട്ടിപ്പടുത്ത അബ്ദുൽ അസീസ് ഇബ്‌നു സൗദ് രാജാവിന്റെ കാലം മുതൽ രാഷ്ട്രം അറിഞ്ഞോ അറിയാതെയോ പിന്തുടർന്നുവന്ന വിദ്യാഭ്യാസ നയങ്ങളിൽനിന്നുള്ള കുതിച്ചുചാട്ടത്തിനാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തിനും ശാസ്ത്ര വിജ്ഞാനീയങ്ങൾക്കും രാഷ്ട്ര പുനർനിർമാണത്തിന്റെ മേഖലകളിൽ അർപ്പിക്കാവുന്ന സംഭാവനകളെക്കുറിച്ച ശരിയായ തിരിച്ചറിവാണ് വൈജ്ഞാനിക വിപ്ലവത്തിന്റെ പുത്തൻ പാതകളിലേക്ക് രാജ്യത്തെ തിരിച്ചുവിട്ടതെന്നത് യാഥാർഥ്യമാണ്. പാരമ്പര്യത്തിന്റെ കരുത്ത് നിലനിർത്തിക്കൊണ്ടു തന്നെ ആധുനികതയോട് സമരസപ്പെടാനുള്ള ആർജ്ജവമാണ് ഈ നയത്തിൽ പ്രതിഫലിക്കുന്നത്. തീർച്ചയായും സൗദി അറേബ്യയുടെ ഭാവി കുടികൊള്ളുന്നത് ഈ നിർണായക തീരുമാനത്തിൽ തന്നെ.
എണ്ണയുടെ വരവോടെ സാമ്പത്തിക ദുഃസ്ഥിതിയുടെ ദുർവഹഭാരത്തിൽനിന്ന് സൗദി അറേബ്യ വിമോചിതമായെങ്കിലും വൈജ്ഞാനിക രംഗത്ത് അധികമൊന്നും മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. വ്യത്യസ്തങ്ങളായ മേഖലകളിൽ പരാശ്രയത്വത്തിന്റെ സങ്കീർണതകളുണ്ടാക്കാൻ ഇതിടയാക്കി. ഈ വിടവ് നികത്തുകയാണ് ഇക്കാലം.
 അറിവിന്റെ മേഖലകളിലും സ്വതന്ത്രവും ശക്തവുമായ സാന്നിധ്യം അതിലൂടെ ഉറപ്പിക്കാനാകും. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്ന് ആധുനിക ശാസ്ത്രവിഷയങ്ങളിൽ ഗവേഷണത്തിനും ഉന്നത പഠനത്തിനുമായി വിദ്യാർഥികൾ സൗദി അറേബ്യയിലേക്ക് വരുന്ന കാലം എത്തിക്കഴിഞ്ഞു. ഇസ്‌ലാമിക സമൂഹം, ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി പരിലസിച്ച ആ നല്ല കാലത്തിന്റെ തിരിച്ചുവരവായിരിക്കും അത്. ദീർഘവീക്ഷണത്തോടെയും ഭാവി തലമുറയെ കരുതിയുള്ളതുമായ ഏറ്റവും വലിയ നിക്ഷേപമാണ് ഇതിലൂടെ സൗദി അറേബ്യ നടത്തിയിരിക്കുന്നത്. 
അഞ്ഞൂറ് വർഷങ്ങൾ പിന്നിലേക്ക് പോകുന്നതാണ് സൗദി അറേബ്യയുടെ ചരിത്രം. അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് ആണ് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ. തന്റെ പൂർവികന്മാരുടെ തലസ്ഥാനമായിരുന്ന റിയാദ് അതിസാഹസികമായ സൈനിക നടപടിയിലൂടെ കീഴടക്കിക്കൊണ്ടാണ് അദ്ദേഹം അതിന് തുടക്കം കുറിച്ചത്. 1890 കളിൽ അധികാരം നഷ്ടപ്പെട്ട് പിതാവ് അബ്ദുറഹ്മാനൊപ്പം കുവൈത്തിലേക്ക് പലായനം ചെയ്ത അബ്ദുൽ അസീസ്  ഇരുപത്തൊന്നാം വയസ്സിൽ ബന്ധുക്കളും കൂട്ടുകാരും സാഹസികരായ ബദവികളുമടങ്ങിയ 40 അംഗ സംഘവുമായി മരുഭൂമികൾ താണ്ടി റിയാദിലെത്തി നടത്തിയ ജീവന്മരണ പോരാട്ടത്തിനൊടുവിലാണ് തലസ്ഥാനം കീഴടങ്ങിയത്. അധികമൊന്നും അറിയപ്പെടാത്ത ഒരു മരുഭൂ രാഷ്ട്രത്തെ രാഷ്ട്രീയമായും സാമ്പത്തികമായും ലോകത്തെ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളിലൊന്നായി മാറ്റിയെടുക്കുന്ന പ്രക്രിയക്ക് അബ്ദുൽ അസീസ് രാജാവാണ് തുടക്കം കുറിച്ചത്.
1867 ൽ റിയാദിൽ ജനിച്ച അബ്ദുൽ അസീസ് രാജാവ് താരതമ്യേന മികച്ച വിദ്യാഭ്യാസം ലഭിച്ച ബാലനായിരുന്നു. പാശ്ചാത്യ ചരിത്രകാരനായ അലോയ്‌സ് മുസിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിങ്ങനെ: നന്നായി വായിക്കുമായിരുന്ന, സത്യസന്ധനും വിനയാന്വിതനുമായ ചെറുപ്പക്കാരൻ. ഊർജസ്വലതയുടെ പര്യായം. സ്വാതന്ത്ര്യപ്രേമി. ഉദാരവാനും ധർമിഷ്ഠനും ആർക്കും എളുപ്പം സമീപിക്കാൻ തക്കവണ്ണം പ്രാപ്യനുമായിരുന്ന ഭരണാധികാരിയായ അബ്ദുൽ അസീസ് രാജാവ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും ശക്തനായ വ്യക്തിത്വമായിരുന്നുവെന്നും അലോയ്‌സ് വിശേഷിപ്പിക്കുന്നു. 
റിയാദ് പിടിച്ചെടുത്ത ശേഷം നടന്ന സൈനിക വിജയങ്ങളുടെ പരമ്പരകൾക്കൊടുവിലാണ് ഉപദ്വീപിനെ ഏകീകരിച്ച് ഒരു രാഷ്ട്രമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞത്. നാടോടികളായ ബദൂവിയൻ അറബികളെ ഒരു രാജ്യത്തിന്റെ അതിർത്തിയിലും ദേശീയതയിലും തളച്ചിടാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അറേബ്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൈനികശേഷി മാത്രമല്ല, മികച്ച രാഷ്ട്രീയ തന്ത്രങ്ങളും അതിനായി അദ്ദേഹം ഉപയോഗിച്ചു. ആയിരത്തിലധികം ദീർഘവർഷങ്ങൾ ചിതറിക്കിടന്ന നാട്ടുരാജ്യങ്ങൾ ഒന്നായി ഒരു കൊടിക്കൂറക്ക് കീഴിലേക്ക് കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യത്തിൽ ഒടുവിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. ആധുനിക രാഷ്ട്രസ്ഥാപന ചരിത്രത്തിലെ ഏറ്റവും ഉദ്വേഗജനകമായ അധ്യായമാണ് അബ്ദുൽ അസീസ് രാജാവിന്റെ പടയോട്ടങ്ങൾ. ഈ രാഷ്ട്രസംയോജനം തന്നെയാണ് ആധുനിക സൗദി അറേബ്യയുടെ വികാസത്തിന് നിദാനമായത്. ഈ രാജ്യത്തിന്റെ പ്രയാണത്തിലെ ഉൾക്കരുത്തും അതുതന്നെയാണ്.

Latest News